ബുധനാഴ്‌ച, ജൂൺ 28, 2006

ശ്ശോ..ഇങ്ങിനെയും ഒരു ദിവസം..

എന്തൊക്കെയോ കുത്തികുറിച്ചും വായിച്ചും ഇരുന്നു സമയം പോയതറിഞ്ഞില്ല. എത്ര മണിക്കാണ്‌ ഞാന്‍ അറിയാതെ ഉറങ്ങി പോയതെന്നും അറിയില്ല. എന്തായാലും നല്ലവനായ ഒരു കൂട്ടുകാരന്റെ ഗുഡ്‌ മോര്‍ണിംഗ്‌ എസ്‌.എം.എസ്‌ വെളുപ്പാന്‍ കാലത്ത്‌ 3 മണിക്കു വരുംബോള്‍ ഉങ്ങിയിട്ടില്ല.

എന്തോ ഒച്ച കേട്ട്‌ കണ്ണു തുറന്നു നോക്കുംബോള്‍ ക്ലോക്ക്‌ എന്നെ നോക്കി ഇളിച്ചു, സമയം 7.30. ഒരു 4-5 കയ്യും കാലും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോയി. ഒരു ഗ്ലാസ്‌ കാപ്പിയും കുടിച്ചു ബൈക്ക്‌ എടുത്തു (അതെ, സംശയിക്കണ്ട അന്നു ഞാന്‍ മാല തട്ടിപ്പറിക്കാന്‍ ഉപയോഗിച്ച അതേ ബൈക്ക്‌ തന്നെയാണ്‌) പാഞ്ഞു. അധികം പായേണ്ടി വന്നില്ല,അതിനു മുന്‍പു വണ്ടി പാളി....

4 കൊല്ലം ആയിട്ട്‌ വരാത്ത പഞ്ചര്‍ നല്ല ദിവസം നോക്കി തന്നെ വന്നു. ഇപ്പോ പിന്നെ ഈ കൊണ്ട്‌ നടക്കാവുന്ന ചെറിയ ഫോണ്‍ കയ്യിലുള്ളതു കാരണം വര്‍ക്ക്ഷോപ്പുകാരനെ ഞെക്കി വിളിച്ചു വരുത്തി. നോക്കിയപ്പോ പഞ്ചര്‍ അല്ല, ട്യൂബ്‌ തന്നെ മാറണം. കിട്ടിയ മുച്ചക്രത്തിനു കയറി അതു വാങ്ങി എല്ലാം മാറി കഴിഞ്ഞപ്പോ ഒരു മണിക്കൂറു പോയി കിട്ടി.

ഓഫീസില്‍ എത്തി കിട്ടാനുള്ളതെല്ലാം വാങ്ങി പോക്കറ്റില്‍ വച്ചു, സാധാരണ പോലെ പണി എല്ലാം തീര്‍ത്ത്‌ 5.30 ഇറങ്ങി. വരാന്‍ ഉള്ളതു വഴീല്‍ കാത്തു നില്‍ക്കും ന്നു പറഞ്ഞ പോലെ, കുറച്ചു നേരം ഓടി കഴിഞ്ഞപ്പോ വണ്ടിക്കു ഒരു തുമ്മല്‍..1,2,3..ഇനി വയ്യ ന്നു പറഞ്ഞ്‌ അവന്‍ അവിടെ കെടപ്പായി ...

സിനിമയില്‍ കാണുന്നതു പോലെ തള്ള വിരലു പൊക്കിപിടിച്ചു "എച്ചൂസ്‌ മി, ഒരു ലിഫ്റ്റ്‌" ന്ന്‌ ഞാന്‍ പറഞ്ഞതല്ലാതെ ആരും വണ്ടി നിര്‍ത്തണ ലക്ഷണം കണ്ടില്ല. 10-15 മിനിട്ട്‌ നടന്നാല്‍ ഒരു വര്‍ക്ക്ഷോപ്പ്‌ ഉണ്ടെന്ന് അറിയാവുന്നതു കാരണം നടന്നു. പണി പഠിക്കാന്‍ നില്‍ക്കണ പയ്യനേം കൂട്ടി വരുംബോള്‍ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു വണ്ടി ശെരിയാവും ന്ന്. പക്ഷെ അവന്‍ മിടുക്കന്‍, വന്ന ഉടനെ സ്പാര്‍ക്ക്‌ പ്ലഗ്‌ ഊരി റോഡില്‍ ഒന്ന് ഉരച്ചു, കിക്ക്‌ അടിച്ചു.... ദേ, വണ്ടി സ്റ്റാര്‍ട്ട്‌. എടുത്ത സാധനം എടുത്ത സ്ഥലത്ത്‌ വക്കണം ന്നു പറയാറുള്ളതു പോലെ അവനെ തിരിച്ചു വര്‍ക്ക്ഷോപ്പില്‍ ഇറക്കിയപ്പോള്‍ സമയം 6.30.

ഒരു കിലോമീറ്റര്‍ പോന്നില്ല, അവന്‍ പിന്നേം പാളി. ഇത്തവണ അടുത്ത്‌ ടയര്‍ ആണ്‌ ന്നു മാത്രം. തിരിച്ചു പോയി, അതെ പയ്യനെ വിളിച്ചപ്പോ അവനൊരു സംശയം, സ്പാര്‍ക്കന്‍ പിന്നെം പണി തന്നോ ന്ന്‌. ഇത്തവണ എന്തായാലും ഒരു ഒട്ടിക്കലില്‍ തീര്‍ന്നു എല്ലാം. അപ്പോഴും അര മണിക്കൂര്‍ എന്നെ കൈവിട്ടു.

സാധാരണ വണ്ടി ഓടിക്കുംബോള്‍ ചെറിയ ഫോണ്‍ അടിച്ചാല്‍ ഞാന്‍ കേട്ട ഭാവം നടിക്കാറില്ല. ഇന്നെന്റെ നല്ല ബുദ്ധി കൊണ്ട്‌, മണി അടി കേട്ടതും ഞാന്‍ പോക്കറ്റിന്ന് അവനെ എടുത്തു. പക്ഷെ അവനെ ചെവിയിലേക്ക്‌ വക്കാന്‍ പറ്റിയില്ല, അതിനു മുന്‍പ്‌ കൂട്ടുകാരന്‍ കയ്യു കാണിച്ചു, ഇവനാരെടാ ന്നുള്ള മട്ടില്‍.

"സാറെ ഞാന്‍ സംസാരിച്ചില്ല, ആരാന്നു നോക്ക്യെ ള്ളു" ന്നു പറയണ്ട താമസം, "ആ ജീപ്പ്പില്‍ എസ്‌.ഐ ഉണ്ട്‌,എല്ലാം അവിടെ പറഞ്ഞാല്‍ മതി. ബുക്കും പേപ്പറും ഒക്കെ ഉണ്ടെകില്‍ പോയാല്‍ മതി" ന്നൊരു ഭീഷണിയും. ബോക്സ്‌ തുറന്നു ബുക്ക്‌ നോക്കിയപ്പോള്‍, ഇന്‍ഷുറന്‍സ്‌ തീര്‍ന്നിട്ട്‌ കൃത്യം ഒരു മാസം....:(

ജീപ്പിന്റെ അടുത്ത്‌ ചെന്ന് തല ചൊറിഞ്ഞു നിന്നപ്പോ എസ്‌.ഐ യുടെ ചോദ്യം "എന്താടാ ഒരു പരുങ്ങല്‌, പേപ്പറില്ലേ". ഇന്‍ഷുറന്‍സ്‌ കഴിഞ്ഞതറിഞ്ഞില്ല സാറെ ന്നു പറഞ്ഞപ്പോള്‍, ന്നാ ഒരു 500 മണീസ്‌ ഫൈന്‍ അടച്ചിട്ട്‌ സ്ഥലം വിട്ടോ ന്നു പറഞ്ഞപ്പോ ദേ വരുണൂ അടുത്ത കുരിശ്‌ "പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടോടാ" ന്ന്. ഏയ്‌, ഞാന്‍ ആ ട്ടൈപ്പൊന്നും അല്ല എന്നുള്ള്‌ മട്ടില്‍ ഒന്നിളിച്ചു കാണിച്ചു. അതിനും കിട്ടി 500 രൂപ. ആയിരം രൂപ പോയി ന്ന് കരുതി നില്‍ക്കുംബോള്‍ ആണ്‌ ആദ്യം കണ്ട കൂട്ടുകാരന്‍ ഓടി വന്നത്‌...

"സാറെ അവന്റെ, ഇടത്തെ കയ്യില്‍ മറ്റെ സാധനം ഉണ്ടായിരുന്നു"
എല്ലാം നശിപ്പിച്ചു.. എനിക്കിട്ട വില എല്ലാം കൂടി ഒറ്റയടിക്കു 5000 ആയി. മാസം അവസാനം ആണ്‌ കയ്യില്‍ ആകെ 300 രൂപയെ ഉള്ളു, പട്ടിണി ആണ്‌ ന്നൊക്കെ കുറെ കണ്ണീരു കാണിച്ചപ്പോള്‍ "ഒരു കാര്യം ചെയ്യ്‌, 250 തന്നിട്ടു പൊയ്ക്കോ, രസീത്‌ ഒന്നും തരില്ല".

രസീതൊന്നും വേണ്ട സാറെ ന്നു പറഞ്ഞു പഴ്സ്‌ തുറന്നപ്പോ എന്റെ സകല പ്രതീക്ഷയും അസ്തമിച്ചു, ഒരു 500 ന്റെ നോട്ട്‌ മാത്രെ അതിലുള്ളു. എന്റെ വില പിന്നേം കൂടി, ഇത്തവണ നുണ പറഞ്ഞതിനും കൂടി കൂട്ടി. എന്റെ ഗാന്ധിയെ അവര്‍ക്ക്‌ കൊടുത്തു ഒരു വിധം തലയൂരി വന്നു.

ആകെ ഭ്രാന്ത്‌ പിടിച്ചാണു വീട്ടില്‍ വന്നു കയറിയത്‌. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നേരെ ന്നു കരുതി, "അമ്മേ, കാപ്പി" ന്നു പറഞ്ഞില്ല, അപ്പോ കിട്ടി മറുപടി "ഈ രാത്രി 8 മണിക്കല്ലെ കാപ്പി, പാലൊക്കെ തീര്‍ന്നു" ന്നു...

ആരെയൊക്കേയോ പ്രാകികൊണ്ട്‌ ഉറങ്ങാന്‍ കിടക്കുംബോഴും മനസ്സില്‍ ആരുടേയോ വാക്കുക്കള്‍ കയറി വന്നു ....

"ഇതൊന്നുമല്ല എല്ലാം വരാന്‍ പോകുന്നതെ ഉള്ളു, ഒന്നും വഴിയില്‍ തങ്ങില്ല" ന്ന്‌...

ബൈക്ക്‌ മോഷണം, ഒരു പിടിച്ചു പറി, ഇപ്പോ ഇത്‌...ഇനി എന്തൊക്കെ ആണാവോ വരാന്‍ കിടക്കണത്‌...


സ്വന്തം

യാത്രികന്‍

ബുധനാഴ്‌ച, ജൂൺ 14, 2006

മോഷണത്തിനു ശേഷം..

നംബര്‍ തപ്പിയെടുത്ത്‌ വിളിച്ചു പറഞ്ഞു "ഇതൊക്കെ ആണ്‌ കാര്യം, എന്തിനാ ബൈക്ക്‌ പിടിച്ചു വച്ചിരിക്കണെ ന്നുള്ള വിവരം അന്വേഷിച്ചു ഇന്നന്നെ എനിക്കു വിവരം തരണം". നല്ലവനായ ആ സുഹ്രുത്ത്‌ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തിരിച്ചു വിളിച്ചു.....

ഒരു സംഭാഷണ രൂപത്തില്‍ തന്നെ ആവട്ടെ..

അവന്‍:ടാ, വിവരങ്ങള്‍ ഒക്കെ അറിഞ്ഞിട്ട്ണ്ട്‌
ഞാന്‍:ഉവ്വോ,എന്താ കാര്യം?എന്റെ വണ്ടി കിട്ടില്ല്യെ?
അവന്‍:നീ എന്നാടാ പിടിചു പറി തുടങ്ങ്യേ?
ഞാന്‍:പിടിച്ചു പറിയോ?നീ എന്തൊക്കെയാ ഈ ചോദിക്കണെ?
അവന്‍:നിന്റെ വണ്ടി കട്ടവന്‍ നിനക്ക്‌ വേറൊരു കട്ടപാര കൂടി പണിതിട്ട്ണ്ട്‌. നിന്റെ വണ്ടി കൊണ്ട്‌ കറങ്ങി നടന്നു, റോഡിലൂടെ പോയ 2 സ്ത്രീകളുടെ മാല അവന്‍ തട്ടി പറിച്ചിട്ടുണ്ട്‌.വണ്ടി നിന്റെ പേരിലും, നീ ഇതു വരെ അതു മോഷണം പോയി ന്ന് പരാതി കൊടുക്കാത്തതു കൊണ്ടും നീയും ആ കേസിലൊരു പ്രതിയാണ്‌..

പിന്നെയും അവന്‍ എന്തോക്കെയൊ പറഞ്ഞു. പക്ഷെ അതൊന്നും ഞാന്‍ കേട്ടില്ല. മോങ്ങാന്‍ ഇരുന്നവന്റെ തലയില്‍ തേങ്ങാ വീണു ന്നു പറഞ്ഞ പോലെ ആയി കാര്യങ്ങള്‍.

മെയ്‌ മാസത്തിലും ശിവരാത്രി വരും ന്നു അന്നെനിക്കുറപ്പായി. നേരം പാതിരാത്രിയായിരുന്നു, ഞാന്‍ ഇരുന്നും,നടന്നും,കിടന്നും ഒക്കെ നോക്കി. നോ രക്ഷ, ഉറക്കം വരുന്നില്ല ന്നുള്ളതു പോട്ടെ, കവി പാടിയ പോലെ "സുന്ദര സ്വപ്നമേ നീയെനിക്കേകിയ....", സുന്ദരമായ സ്വപ്നങ്ങള്‍ (അതോ ചിന്തകളോ??) കൊണ്ട്‌ മനസ്സു നിറഞ്ഞു..

രാത്രി ഒരു ഇടി വണ്ടി വന്നെന്നെ പൊക്കി കൊണ്ടു പോകുന്നതും, പോലീസ്‌ സ്റ്റേഷനിലെ സ്പെഷ്യല്‍ യൂണിഫോറം ഇട്ടു നില്‍ക്കുന്നതും, ഇല്ലാത്ത കസേരയില്‍ ഇരിക്കുന്നതും, അവസാനം എതോ ഇരുട്ടു മുറിയുടെ കംബികളില്‍ 1,2,3,4....4,3,2,1 എണ്ണി പഠിക്കുന്നതും എല്ലാം ഞാന്‍ കണ്ടു.

അസമയം ആയതു കൊണ്ട്‌ വേറെ ആരെയും വിളിക്കാനോ എല്ലാം ഒന്നു സംസാരിക്കാനോ എനിക്കു കഴിഞ്ഞില്ല. സൂര്യേട്ടനെ പുറത്തെക്ക്‌ കണ്ട ഉടനെ ഞാന്‍ അടുത്ത സുഹ്രുത്തായ പരിയനെ വിളിച്ചുണര്‍ത്തി, 4 ചീത്ത പറഞ്ഞു, "നീയൊക്കെ സുഖായിട്ട്‌ കിടന്നൊറങ്ങിക്കോ.ഇവിടെ മനുഷ്യന്‍ എപ്പ്ലാ പോലീസ്‌ പിടിക്കണെ ന്നുള്ള പേടിയില്‍ ഉറങ്ങിയിട്ടില്ല". എന്തായാലും ഒരാളോട്‌ കുറച്ചു മനസ്സ്‌ തുറന്നു സംസാരിച്ചപ്പോള്‍ കുറച്ചൊരു ആശ്വാസം തോന്നി.7 മണി കഴിഞ്ഞപ്പോള്‍ 'അവനെ',ന്നു പറഞ്ഞാല്‍ കൂട്ടുകാരന്‍ എസ്‌.ഐയെ വീണ്ടും വിളിച്ചു...

ഞാന്‍:ഇനിയിപ്പോ എന്താ ചെയ്യണ്ടേ?
അവന്‍:ഇനിയെന്തു ചെയ്യാന്‍, എല്ലാം ഞാന്‍ ഇന്നലെ പറഞ്ഞു തന്നതല്ലേ.പിന്നെന്താ പ്പോ നിനക്കൊരു സംശയം?
ഞാന്‍:ഇന്നലെ എന്തു പറഞ്ഞു ന്ന്?അതൊന്നും ഞാന്‍ കേട്ടില്ല. ഞാന്‍ വെറൊരു ലോകത്തായിരുന്നു...
അവന്‍:ആ, നീ എന്തായാലും രാവിലെ സ്റ്റേഷനിലെക്കു ചെല്ല്.ഒറ്റക്കു പോകരുത്‌,എസ്‌.ഐ അല്ലെങ്കില്‍ സി.ഐ യെ മാത്രെ കാണാവൂ. പി.സി കളെ കാണരുത്‌ അവരു ചെലപ്പോ ഒന്ന് തൊട്ടു ന്നൊക്കെ ഇരിക്കും. നോക്കട്ടെ, പറ്റിയാല്‍ ഞാന്‍ എന്റെ സി.ഐ യെ കൊണ്ട്‌ അവിടത്തെ സി.ഐയെ വിളിച്ചു പറയിക്കാം.

ഇതും കൂടി കേട്ടപ്പോള്‍ രാവിലെ സ്റ്റേഷനില്‍ പോകാനായി കരുതി വച്ചിരുന്ന ധൈര്യം കൂടി ആവിയാപ്പോയി. കാരണം അതു വരെ ആരും എന്നെ തലോടിയതായി എന്റെ ഓര്‍മ്മയില്‍ ഇല്ല. പക്ഷെ പോകാതെയും പറ്റില്ല. ഓരോരുത്തരുടെയായി നംബര്‍ കുത്താന്‍ തുടങ്ങി. എന്റെ റ്റൈം ബെസ്റ്റ്‌ റ്റൈം ആയതു കൊണ്ട്‌ അന്നത്തെ ദിവസം സ്റ്റേഷനിലേക്ക്‌ പോകാന്‍ ഒരാളേം കിട്ടീല്ല. കിട്ടിയ ധൈര്യം പെറുക്കി കൂട്ടി, പോയി. അവിടെ ചെന്ന് കാര്യമൊന്നും പറഞ്ഞില്ല, സി.ഐ യെ കാണണം ന്നു മാത്രം പറഞ്ഞു.

അപ്പോ ദാ വരുണൂ, ഇന്നലത്തെ നല്ലവനായ തോക്കേന്തിയ പോലീസുകാരന്‍. സി.ഐ പട്രോളിംഗ്‌ നടത്തുംബോള്‍ പിടിച്ച വണ്ടിയാണു, സാറ്‌ വന്നാല്‍ തന്നെയേ കിട്ടൂ, താന്‍ ആരോടും ഒന്നും പറയണ്ട ഇവിടെ ഇരുന്നോളു ന്നുള്ള നല്ല വാക്കൊക്കെ അയാള്‍ പറഞ്ഞു. പക്ഷെ വേറെ ഏമാന്മാരു വന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കര്യങ്ങളൊക്കെ പറഞ്ഞു പോയി. പിന്നെയല്ലെ മനസ്സിലായി തുടങ്ങ്യെ, കേരള പോലീസിന്‍ ഒരു തനി ഭാഷ ണ്ട്‌, അതാണ്‌ ഭാഷ ന്ന്. എന്റെ ഭാഗ്യത്തിനു ആരും എന്നെ തലോടിയില്ല കാരണം തൊട്ടാല്‍ വിവരം അറിഞ്ഞേനെ.."പോലീസ്‌ സ്റ്റേഷനില്‍ മരണം" ന്നു നാലാം പേജ്‌ ആറാം കോളത്തില്‍ വാര്‍ത്ത വന്നേനെ...അത്രക്ക്ണ്ട്‌ എന്റെ അരോഗ്യോം ശരീരോം....

എന്തായാലും അവരുടെ നല്ല നല്ല വാക്കുകളും, പുതിയ ഭാഷയും എല്ലാം കേട്ടു ഞാന്‍ അവിടെ നിന്നു. 2 മണിക്കൂര്‍ കഴിഞ്ഞപ്പോളെക്കും കയ്യിലെ നഖങ്ങളൊക്കെ ഒരു വിധം ഞാന്‍ തിന്നു തീര്‍ത്തു. ജീപ്പ്പും കൊണ്ട്‌ കറങ്ങി നടന്നിരുന്ന സി.ഐ ഉച്ചയോടെ തിരിച്ചെത്തി. അദ്‌ധേഹത്തിനെ കണ്ടതും എനിക്ക്‌ ഒരാശ്വാസമായി, ഒന്നൂല്ല്യ ച്ചാലും 'അവന്‍' വിളിച്ചു പറഞ്ഞിട്ടുണ്ടല്ലോ.

എന്റെ പോലീസുകാരെ പറ്റിയുള്ള്‌ എല്ലാ ധാരണകളും ആ സി.ഐ മാറ്റി മറിച്ചു.അതു വരെ ടാ,പോടാ വിളി കേട്ടിരുന്ന് മടുത്ത എനിക്ക്‌ "താന്‍ എന്തിനാ നില്‍ക്കണെ,അകത്ത്‌ വന്നിരിക്കൂ" ന്നു കേട്ടപ്പോ തന്നെ വല്ലാത്ത ഒരു ആശ്വാസം തോന്നി. ഇരുന്ന ഉടനെ പുള്ളി കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു..."ഓ, അപ്പോ താന്‍ ആണല്ലെ ചെങ്ങന്നൂര്‍ സി.ഐയെ കൊണ്ട്‌ വിളിപ്പിച്ചു എന്റെ ഉറക്കം കളഞ്ഞേ" ന്നു ഒരു തമാശ കൂടി കേട്ടതോടെ ഒരു സന്തോഷം തോന്നി.അറിയാതെ ഞാന്‍ കരഞ്ഞു തുടങ്ങി..

അത്രേം നേരം പിടിച്ചു വച്ചിരുന്ന ആരോടൊക്കെയോ ഉള്ള ദ്വേഷ്യോം, സങ്കടോം, ഒരു ദിവസം പോലീസ്‌ സ്റ്റേഷനില്‍ നിന്നതിന്റെ അപ്പോളത്തെ മാനസികാവസ്ഥേം എല്ലാം എന്നെ കൊണ്ട്‌ അറിയാതെ പറ്റിച്ചതാണ്‌. ഞാന്‍ സി.ഐ യോട്‌ പറഞ്ഞു "സാര്‍, എനിക്ക്‌ വണ്ടി കിട്ടീല്ലെങ്കിലും സാരല്ല്യ, എങ്ങിനെയെങ്കിലും സാറെന്നെ ഈ കേസിന്നു ഊരി തരണം". എന്റെ ഭാവം കണ്ട്‌ പുള്ളിക്ക്‌ ചിരി ആയിരുന്നു.ചിരിച്ചെങ്കിലും പക്ഷെ പുള്ളി തന്നെ എല്ലാത്തിനും പരിഹാരം പറഞ്ഞു തന്നു :"ടോ, താന്‍ കരയാണ്ടിരിക്ക്‌. ന്നിട്ട്‌ ഒരു കാര്യം ചെയ്യ്‌. ഒരു 3-4 ദിവസം മുന്‍പില്‍ത്തെ ഡേറ്റ്‌ ഇട്ട്‌ വണ്ടി മോഷണം പോയി ന്നുള്ള ഒരു കമ്പ്ലൈന്റ്‌ എഴുതി തരൂ. എന്നിട്ട്‌ ഇന്നത്തെ ഡേറ്റില്‍ അതു പോലീസുകാര്‍ കണ്ട്‌ പിടിച്ചു, ഞാന്‍ അതു കൈപറ്റിയിരിക്കുന്നു എന്നൊരു കച്ചീട്ടും എഴുതി തരൂ. ബാക്കി ഒന്നും പ്രശ്നം ഇല്ല. ധൈര്യായിട്ട്‌ ഇരുന്നോളൂ"

പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഞാന്‍ ഓടുന്നു, പേപ്പര്‍ വാങ്ങുന്നു,എഴുതുന്നു, കൊടുക്കുന്നു എല്ലാം പെട്ടന്നു കഴിഞ്ഞു. ഒരു എസ്‌.ഐ യെ വിളിച്ചു, എന്റെ കയ്യില്‍ ഉള്ള ഒറിജിനല്‍ ബുക്കും പേപ്പറും വാങ്ങി നോക്കിയിട്ട്‌ വണ്ടി റിലീസ്‌ ചെയ്തു കൊടുക്കാന്‍ പറഞ്ഞു അദ്‌ധേഹം പോയി. നേരിട്ട്‌ പറഞ്ഞില്ലെങ്കിലും ഞാന്‍ മനസ്സില്‍ പറഞ്ഞു "നന്ദിയുണ്ട്‌,സി.ഐ, നന്ദി". ഒറിജിനല്‍ എല്ലാം പരിശോധിക്കന്‍ കൂടെ വന്ന സുഗതന്‍ എസ്‌.ഐ ചോദിച്ചു "എവിടെയാടാ ഇതിന്റെ എന്‍ജിന്‍ നംബര്‍" ന്നു.സത്യം പറഞ്ഞാല്‍ അന്നു വരെ ഞാന്‍ അങ്ങിനെ ഒരു നംബര്‍ ണ്ട്‌ ന്നു കേട്ടിട്ടുള്ളതല്ലാതെ, എന്റെ വണ്ടിയില്‍ അതെവിടെയാണ്‌ ന്ന് നോക്ക്യെര്‍ന്നില്ല. അവസാനം ബോക്സറെ തിരിച്ചും, മറച്ചും, ചെരിച്ചും,കിടത്തിയും എല്ലാം നോക്കി കണ്ടുപിടിച്ചു. ആരും കാണരുതു ന്നു പറഞ്ഞു പിടിപ്പിച്ചതു പോലെ വണ്ടിയുടെ അടിയില്‍. അതും നോക്കി ഉറപ്പു വരുത്തി ശെരി ന്ന് പറഞ്ഞ്‌ സുഗതന്‍ എസ്‌.ഐ പോയതോടെ ഞാന്‍ വണ്ടിയില്‍ കയറി, ഒറ്റ കിക്കെ അടിച്ചുള്ളു, വീണ്ടും ഞെട്ടി: "ആരു പറഞ്ഞിട്ടാടാ വണ്ടി കൊണ്ട്‌ പോണെ, ഇതെന്താ പാര്‍ക്കിംഗ്‌ ഗ്രൌണ്ടോ. അവിടെ ച്ചെന്ന് ഏഡ്‌ കാണ്‍സ്റ്റബിളിനെ കണ്ടിട്ട്‌ പോടാ".

വീണ്ടും ആ നരകത്തിന്റെ ഉള്ളില്‍ ചെന്ന് നില്‍പ്പായി. അത്രേം നേരന്‍ എന്നോട്‌ വളരെ 'മാന്യമായി' സംസാരിച്ചിരുന്ന ആ ഏമാന്‍ അപ്പോ എന്നെ കണ്ടിട്ട്‌ ആലുവാ മണപ്പുറത്ത്‌ കണ്ട പരിചയം പോലും കാണിച്ചില്ല. കുറെ നേരം അവിടെ തന്നെ നിന്ന എന്റെ അടുത്തു ഒരു പി.സി വന്ന് പറഞ്ഞു "നീ ഇവിടെ ഇങ്ങനെ നിന്നാല്‍ ഒന്നും നടക്കില്ല, എന്തെങ്കിലും ഒക്കെ കൊടുത്ത്‌ സ്ഥലം കാലിയാക്കാന്‍ നോക്ക്‌" ന്ന്. എന്തിനാ അവര്‍ക്കു വല്ലതും കൊടുക്കണെ ന്നൊ, എന്റെ കുറ്റം എന്താന്നോ ഒന്നും ഞാന്‍ ചിന്തിച്ചില്ല.കല്യാണ വീട്ടില്‍ എത്തി കഴിഞ്ഞിരുന്നു എന്റെ മനസ്സ്‌, പോരാത്തതിനു വല്ലാതെ മടുക്കുകയും ചെയ്തിരുന്നു, എങ്ങിനെയെങ്കിലും അവിട്ന്നു ഒന്ന് പോരാന്‍ ഉള്ള ധ്രിതിയില്‍ ആയിരുന്നു.

തല ചൊറിഞ്ഞും, കാശില്ല ന്നു പറഞ്ഞു പോക്കറ്റ്‌ കാണിച്ചും നിന്ന എന്റെ കയ്യിന്ന് അഞ്ഞൂറ്‌ രൂപ വാങ്ങിച്ചിട്ടേ എന്നെ വിട്ടുള്ളു. തോമസു കുട്ടി വിട്ടോടാ ന്നു കേട്ട്‌ മുങ്ങണ പോലേ, കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ അവിടന്ന് വണ്ടിയും കൊണ്ട്‌ മുങ്ങി, പൊങ്ങിയതു അമ്മാവന്റെ വീട്ടില്‍. രണ്ട്‌ ദിവസം കഴിഞ്ഞ്‌ നാട്ടില്‍ തിരിച്ചെത്തിയ എന്നെയും കാത്ത്‌ മറ്റൊരു ഞെട്ടിക്കുന്ന സത്യം കാത്തിരിക്കുന്നുണ്ടായിരുന്നു. കുറച്ചു നാളുകള്‍ക്കെങ്കിലും എന്റെ പേരു മാറ്റപെട്ടിരിക്കുന്നു, കാരണം പിന്‍വിളികള്‍ കേട്ടു തുടങ്ങി എന്നു വച്ചാല്‍ പിന്നില്‍ നിന്നു ആരൊക്കെയോ വിളിച്ചു തുടങ്ങി ന്നു.....

"മാലേ, പൂയ്‌...മാലേ...."


സ്വന്തം
യാത്രികന്‍

നോട്ട്‌ : ഈ അനുഭത്തില്‍ ഞാന്‍ എത്ര പ്രാവശ്യം ഞെട്ടി ന്ന് കൃത്യമായി ഉത്തരം പറയുന്നവര്‍ക്ക്‌ ഒരു സമ്മാനം നല്‍കുന്നതായിരിക്കും....;)

ചൊവ്വാഴ്ച, ജൂൺ 13, 2006

ഒരു ബൈക്ക്‌ മോഷണം

പ്രവാസികള്‍ അറിയുന്നുണ്ടോ എന്നറിയില്ല. നാട്ടില്‍ ഇപ്പോ എന്നത്തെ പത്രം എടുത്തു നോക്കിയാലും കാണാം 2-3 ബൈക്ക്‌ മോഷണങ്ങള്‍, റോഡില്‍ കൂടി നടന്നു പോയ സ്ത്രീയുടെ മാല തട്ടിപ്പറിച്ചു എന്നൊക്കെ.വായിച്ചു വായിച്ചു എനിക്കിതൊരു പുതുമ അല്ലാതായിരുന്നു, പക്ഷെ ഒരിക്കലും ഞാന്‍ അതില്‍ ഒരു പ്രതിയാകും ന്നു കരുതിയിരുന്നില്ല. ആ അനുഭവം ആവട്ടെ അടുത്തത്‌...

കഥയല്ല ട്ടോ എന്റെ അനുഭവം ആണ്‌...

മെയ്‌ 3,2006 ബുധനാഴ്ച്ച
തിരുവല്ലയില്‍ ഒരു കല്യാണത്തിനു പോകാനായി ഞാന്‍ വെളുപ്പിനു തന്നെ എണീറ്റു. രാവിലത്തെ കലാപരിപാടികള്‍ എല്ലം കഴിച്ചു കല്യാണ സ്പെഷ്യല്‍ ആയി പതിവിലുമധികം ചുട്ടി കുത്തും പൊട്ടു കുത്തും എല്ലാം നടത്തി പുറപ്പെട്ടു.ആനവണ്ടിയില്‍ കയറി എങ്ങിനെയൊക്കെയോ തിരുവല്ലയില്‍ എത്തി സദ്യ ഉണ്ണുംബോഴും എന്റെ മനസ്സ്‌ എറണാകുളത്തായിരുന്നു. രണ്ട്‌ ദിവസം കഴിഞ്ഞു നടക്കാനിരിക്കുന്ന അമ്മാവന്റെ മകളുടെ കല്യാണം, തിരിച്ചു വന്നിട്ടു വേണം പിറ്റെ ദിവസം പുലര്‍ച്ചെ അതിനു വേണ്ട പഴം-പച്ചക്കറി-പലചരക്ക്‌-മലഞ്ചരക്ക്‌ എല്ലാ ചരക്കുകളും വാങ്ങാന്‍.സന്‌ധ്യ ആയപ്പോഴേക്കും എന്തായാലും തിരിച്ചു കുടുബത്തെത്തി.

കുളിയെല്ലാം കഴിഞ്ഞു ഒന്ന് കറങ്ങി വരാം ന്നു കരുതി ഫ്ലാറ്റിന്റെ താഴെ ചെന്നു നോക്കിയ എനിക്കു, ആട്‌ കെടന്ന സ്ഥലത്ത്‌ എന്തോ ഒന്നു പോലും ഇല്ലാന്ന് പറഞ്ഞ പോലെയായി കാര്യങ്ങള്‍. തിരിച്ചു വന്നു വീട്ടില്‍ വീണ്ടും തപ്പി,ഡൂപ്ലികേറ്റ്‌ താക്കോലും അവിടെ ഉണ്ട്‌.വണ്ടി എടുത്ത്‌ കൊണ്ട്‌ പോകാന്‍ സാധ്യതയുള്ള കൂട്ടുകാരേം വിളിച്ചു കഴിഞ്ഞപ്പോ പിന്നെ സംശയമായി, തലേ ദിവസം എവിടെയെങ്കിലും വച്ചു മറന്നുവോ? അയല്‍വാസി ഒരു ദരിദ്രവാസി ന്നൊക്കെ സിനിമാക്കാരു പറയുമെങ്കിലും നല്ലവനായ എന്റെ അയല്‍വാസിയുടെ സ്കൂട്ടറും വാങ്ങി ഒന്നു കറങ്ങി തിരിച്ചു ഫ്ലാറ്റില്‍ എത്തിയ ഞാന്‍ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി......(ഇതു വെറും സാംബിള്‍ ഞെട്ടല്‍ ആണ്‌ ന്നു അപ്പോ ഞാന്‍ മനസ്സിലാക്കിയില്ല)

"എന്റെ ബോക്സറെ ആരൊ മോഷ്ടിച്ചിരിക്കുന്നു"
(ബോക്സര്‍ പട്ടി അല്ല ട്ടോ, ബജാജിന്റെ ഒരു ബൈക്കാണ്‌)

പിന്നെ പരിഭ്രമമായി.ആദ്യത്തെ അനുഭവം അല്ലെ, എന്താ ചെയ്യണ്ടെ ഒന്നു ഒരു പിടിയും കിട്ടിയില്ല. അവസാനം അളിയന്റെയും അയല്‍വാസിയുടെയും ഉപദേശം കേട്ട്‌ ഒരു മുഴുവന്‍ പേപ്പര്‍ വാങ്ങി കഥ എഴുതി തുടങ്ങി...

"എറണാകുളം ദേശത്ത്‌, ഇന്ന കരയില്‍, ഇന്ന വില്ലേജില്‍, ഇന്ന ഫ്ലാറ്റില്‍, ഇത്രാം നംബര്‍ വീട്ടില്‍ താമസിക്കുന്ന യാത്രികന്‍ എന്ന ഞാന്‍
എറണാകുളം ജില്ലയിലെ ഇന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കീഴില്‍ വരുന്ന ഇന്ന സബ്‌ ഇന്‍സ്പെക്ടര്‍ക്ക്‌ നല്‍കുന്ന പരാതി

ബാക്കി പരാതി നിങ്ങള്‍ ഊഹിച്ചതു പോലെ തന്നെ....

അന്നു വരെ പോലീസ്‌ സ്റ്റേഷന്റെ ഗേറ്റ്‌ കടക്കാത്ത ഞാന്‍ അവസാനം അതും ചെയ്തു. ചെന്നപ്പോള്‍ മുന്‍പില്‍ പൊട്ടിച്ചാല്‍ പൊട്ടാത്ത തോക്കൊക്കെ പിടിച്ചു നില്‍ക്കണ ഏമാനോട്‌ കാര്യം പറഞ്ഞു. പ്രതീക്ഷക്കു വിരുധ്‌ധമായി "ഇരിക്കു,എസ്‌.ഐ അകത്തുണ്ട്‌. ഇപ്പോ വരും,മീറ്റിങ്ങില്‍ ആണ്‌" ന്നുള്ള സൌമ്യമായ മറുപടി.അര മണിക്കൂര്‍ കഴിഞ്ഞിട്ടും വിളി വരാത്തതില്‍ മടുത്ത്‌ ഞാന്‍ സ്റ്റേഷന്‍ മിറ്റത്ത്‌ കൂടി ഒന്നു നടക്കാം ന്നു കരുതി. 1-2 തവണ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, മൂന്നാമതു നടന്ന ഞാന്‍ വീണ്ടും ഞെട്ടി. എന്റെ ബോക്സര്‍ അതാ ഒരു മൂലക്കു ഒളിച്ചിരിക്കുന്നു. അതു കണ്ട ഞാന്‍ ഓടിച്ചെന്നു അളിയന്റെ അടുത്തേക്ക്‌. "ഏട്ടാ,ബൈക്ക്‌ ഇവിടെ ണ്ട്‌,നമുക്കു കൊണ്ടുപോകാം". രാത്രി ഏതാണ്ട്‌ 9 മണി ആയതു കാരണം അപ്പോളേക്കും തോക്ക്‌ പിടിച്ചു നിന്നിരുന്ന നല്ലവനായ പോലീസുകാരന്‍ പോയിരുന്നു. അടുത്ത, കണ്ട പോലീസുകാരനോട്‌ കാര്യം പറഞ്ഞു "സര്‍, എന്റെ മോഷണം പോയി എന്ന് കമ്പ്ലൈന്റ്‌ കൊടുക്കാന്‍ വന്ന ബൈക്ക്‌ ഇവിടെ ഇരിക്കുണ്ട്‌. ഞാന്‍ എടുത്തോട്ടെ" ന്നു. ഏതാടാ നിന്റെ ബൈക്ക്‌ എന്ന ചോദ്യത്തിനു ക്രിത്യമായി വണ്ടി നംബറും പറഞ്ഞ്‌ ഞാന്‍, വണ്ടിയും കാണിച്ചു കൊടുത്തു. അപ്പോ ദാ വരുണു അടുത്ത ഞെട്ടല്‍ "ഓഹോ, നീയാണല്ലെ ഈ വണ്ടിയുടെ ആള്‌. ഇവിടെ ഇരുന്നോ നിനക്കുള്ള കേസ്‌ ഇപ്പോ തരാം",ഇത്രയും പറഞ്ഞു ആ ദുഷ്ടനായ പോലീസുകാരന്‍ പോയി.

എന്താ കാര്യം ന്നറിയാതെ കുറച്ചു നേരം പകച്ചു നിന്ന ഞങ്ങള്‍, യൂണിഫോറം മാറി വരുന്ന മറ്റൊരു പോലീസുകാരനെ സമീപിച്ചു കാര്യം പറഞ്ഞു. "ഈ രാത്രി നിങ്ങള്‍ നിന്നിട്ട്‌ കാര്യമൊന്നുമില്ല, പോയിട്ടു രാവിലെ ഒരു 8 മണിക്കു വാ. പരാതി അപ്പോ കൊടുക്കാം" ന്നുള്ള വാക്ക്‌ കേട്ടിട്ടും പിന്നേം ഞങ്ങള്‍ കുറെ നേരം കൂടി അവിടെ ചുറ്റി പറ്റി നിന്നു. പ്രത്യേകിച്ചു ഗുണമൊന്നുമില്ല ന്നു മനസ്സിലാക്കി, ഏകദേശം 10 മണിയോടെ ഞങ്ങള്‍ തിരിച്ചു പോന്നു.

ആരോടും ഒന്നും പറഞ്ഞില്ല, വിശപ്പില്ല ന്ന് പറഞ്ഞു ഞാന്‍ എന്റെ മുറിയില്‍ കയറി വാതിലടച്ചു. എപ്പോഴും എന്റെ സന്തത സഹചാരിയായ രാജാവിനെ (എന്ന് വെച്ചാല്‍ ഗോല്‍ഡ്‌ ഫ്ലേക്ക്‌ കിംഗ്‌ സൈസ്‌) കൂട്ട്‌ പിടിച്ചു. എന്താ ബൈക്ക്‌ അവിടെ ഇരിക്കണെ ന്നു ആലോചിച്ചു ടെന്‍ഷന്‍ ആയി തുടങ്ങി. 11 മണി ആയപ്പോള്‍ തലയില്‍ ഒരു ബള്‍ബ്‌ കത്തി, ഏട്ടന്റെ കൂട്ടുകാരന്‍ ഒരാള്‍ എസ്‌.ഐ ഉണ്ടല്ലോ,അയാളെ വിളിച്ചു കാര്യം പറയാം ന്നു. നംബര്‍ തപ്പിയെടുത്ത്‌ വിളിച്ചു പറഞ്ഞു "ഇതൊക്കെ ആണ്‌ കാര്യം, എന്തിനാ ബൈക്ക്‌ പിടിച്ചു വച്ചിരിക്കണെ ന്നുള്ള വിവരം അന്വേഷിച്ചു ഇന്നന്നെ എനിക്കു വിവരം തരണം". നല്ലവനായ ആ സുഹ്രുത്ത്‌ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തിരിച്ചു വിളിച്ചു.....


(ഒരു ഷോര്‍ട്ട്‌ ബ്രേക്ക്‌, ബാക്കി കുറച്ചു മണിക്കൂര്‍ കഴിഞ്ഞു ഇവിടെ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും)

സ്വന്തം
യാത്രികന്‍

വിനോദയാത്ര- ഭാഗം 2

പതിവു പോലെ വെളുപ്പിന്‌ ഒരു 'കെ.എസ്‌.ആര്‍. റ്റി.സി' പോലെ പുറത്ത്‌ മഴ അകത്ത്‌ പെരുമഴ മോഡല്‍ ബസ്സില്‍ കുട്ടികളുടെ തലയെണ്ണി കയറ്റി, യാത്ര തുടങ്ങി.അതു വരെ ഹിമാലയം ന്നുള്ളത്‌ പുസ്തക താളുകളില്‍ മാത്രം കണ്ട ഒരു കാഴ്ച ആയിരുന്നു. ഹിമാലയത്തിലേക്കു പോകുന്നു ന്ന്‌ കേട്ടപ്പോള്‍ ആദ്യമായി മഞ്ഞ്‌ കാണാനുള്ള കൊതിയും കൂടി ഉണ്ടായിരുന്നു.

കുറെ കാഴ്ചകള്‍ കണ്ടു എന്നല്ലാതെ അന്നു കണ്ട ആ പ്രകൃതിയെ ഒരു സാഹിത്യകാരന്റെ ഭാഷയില്‍, പ്രകൃതിയുടെ സൌന്‍ദര്യത്തെ വര്‍ണിക്കാന്‍ അറിയില്ല, എങ്കിലും ഒരു അനുഭവം തന്നെ ആയിരുന്നു ആ യാത്ര. ആദ്യമായി ഓറന്‍ച്‌ തോട്ടം കണ്ടതും, ആദ്യമായി ഒരു പന്‍ജാബി 'ഡാബ' യില്‍ കയറിയതും എല്ലാം ഓര്‍മയില്‍ ഉണ്ട്‌.

ഹരിദ്വാര്‍ എത്താറായപ്പോള്‍ ആണ്‌ ആദ്യമായി ഗന്‍ഗയെ കാണുന്നത്‌.സത്യം പറഞ്ഞാല്‍ ഒന്നു ഞെട്ടി ന്നു തന്നെ പറയാം. അതു വരെ പെരിയാറും ഭാരത തോടും കണ്ട്‌ ഇതാണ്‌ പുഴ ന്നു കരുതിയിരുന്ന എനിക്ക്‌ ഗന്‍ഗ ഒരു വേറിട്ട അനുഭവം ആയിരുന്നു. കുലം കുത്തി നീണ്ട്‌ നിവര്‍ന്നങ്ങിനെ ഒഴുകുന്ന ഗന്‍ഗ.. പിന്നെയും കുറെ നേരം ആ പാവം വണ്ടി ഞങ്ങളേം വലിച്ചു കൊണ്ടോടി. എവിട്യൊ നിര്‍ത്ത്യപ്പൊ റ്റീച്ചര്‍ വന്നു പറഞ്ഞു "അര മണിക്കൂര്‍ സമയം ഉണ്ട്‌, കുളിക്കണം ന്നുള്ളവര്‍ക്കു കുളിച്ചിട്ടു വരാം" ന്നു. എന്തോ ഒരു അലര്‍ച്ച കേള്‍ക്കുന്നതല്ലാതെ ആ പരിസരതൊന്നും ഗന്‍ഗയെ കാണാന്‍ ഉണ്ടായിരുന്നില്ല. അപ്പൊളേക്കും പറഞ്ഞേല്‍പ്പിചിരുന്ന ഗൈഡ്‌ വന്നു. പിന്നെ അയാളുടെ പുറകെ ഞങ്ങള്‍ കുറച്ചു കുട്ടിപട്ടാളോം...ഒച്ച അടുത്തു വരും തോറും പേടിയും കൂടി തുടങ്ങി. അടുത്ത്‌ കണ്ടതോടെ അതില്‍ കുളിക്കണം ന്നുള്ള മോഹോം പോയി ന്നു പറഞ്ഞാല്‍ മതീലോ..

വെള്ളത്തില്‍ തൊട്ടാല്‍ നമ്മളേം കൊണ്ട്‌ പോകുന്ന ഒഴുക്ക്‌...പോരാത്തതിനു തണുപ്പും. എല്ലാത്തിനും പുറമെ ഗൈഡിന്റെ ഡയലോഗും "യെ ഗന്‍ഗ ഹെ, ജൊ ഭി ചാഹെ നഹാ സക്ത ഹെ ലേകിന്‍ ജൊ ഡൂബ്‌ ഗയാ സംഝൊ വൊ മര്‍ ഗയാ" ന്ന്‌ (ഇന്നും എനിക്കോര്‍മ്മയുണ്ട്‌,എന്താ ഇതിപ്പോഴും ഓര്‍ക്കാന്‍ കാര്യം ന്നറിയില്ല ട്ടോ). കരക്കു കെട്ടിയിട്ടിരുന്ന ഒരു കയറില്‍ പിടിച്ച്‌ മുങ്ങി മുങ്ങീല്ല്യ ന്നുള്ള മട്ടില്‍ മുങ്ങി കയറി...വെറുതെ നിന്നാലും പല്ല് കൂട്ടിയിടിക്കും ന്ന് അന്ന് മനസ്സിലായി....

വീണ്ടും ബസ്സില്‍ കയറി കുറച്ചു കൂടി കഴിഞ്ഞപ്പോ ഒരു തൂക്കു പാലം കണ്ടു അതില്‍ കയറി.."ലക്ഷ്മന്‍ ഝൂല" (പേരു ശരിയല്ലെ?)(ഒന്നു ന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര തൂക്ക്‌ പാലം ന്നു പറയാം.കാരണം എന്റെ മനസ്സില്‍ മലമ്പുഴയിലെ പാലം ആണു തൂക്കുപാലം...:)പാലത്തിന്റെ നടുക്കു വരെ എല്ലാരും ചിരിച്ചു നടന്നു, നടുക്കെത്തിയപ്പോള്‍ ആണ്‌ ഒരുത്തന്‌ സംശയം "ഇപ്പോ ഈ പാലം അങ്ങ്ട്‌ പൊട്ടിപോയാലോ ന്ന്? അപ്പോളാണ്‌ താഴത്തെക്ക്‌ നോക്കിയത്‌, വീണോളു, ഞാന്‍ പെട്ടന്ന് കടല്‌ കാണിക്കാം ന്നു പറഞ്ഞ്‌ കുത്തിയൊലിച്ചൊഴുകുകയാണ്‌. ആ ഒഴുക്ക്‌ കണ്ടുള്ള പേടിയും, തൂക്കുപാലത്തിന്റെ ആട്ടവും എല്ലാം കാരണം പിന്നെ അക്കരെ വരെ ആരും മിണ്ടീട്ടില്ല..

അവിടെ ഒരു അംബലത്തില്‍ തൊഴുത്‌ ഞങ്ങള്‍ ഋഷികേശിലേക്കു പുറപ്പെട്ടു. ഋഷികേശിലെ പ്രസിദ്‌ധമായ ഒരു ക്ഷേത്രം ആയിരുന്നു ലക്ഷ്യം. കുറെ നടന്നു വെഷമിച്ചു അവിടെയെത്താന്‍. പക്ഷെ മുകളില്‍ എത്തിയപ്പോ മനസ്സിലായി നടന്നതു വെറുതെയായില്ല ന്ന്‌, താഴെ (ആ..കെടക്കട്ടെ ഒരു കണക്കും..2000 അടി താഴെ) ഒരു വെളുത്ത വര പോലെ കാണുന്ന ഗന്‍ഗ, നെരത്തെ കണ്ട പേടിപ്പിക്കുന്ന രൂപമോ ഭാവമോ ഒന്നുമില്ല...

ആ അംബലത്തിലെ ഒരു പ്രത്യേകത, മനസ്സില്‍ അവിടത്തെ ദേവിയെ സ്തുതിച്ചു എന്തെങ്കിലും വിചാരിച്ചു അവിടെയുള്ള മരത്തില്‍ ഒരു ചരട്‌ കെട്ടിയാല്‍ നമ്മള്‍ അഗ്രഹിച്ചതെന്തും നടക്കും, പക്ഷെ അതു നടന്നാല്‍ തിരിച്ച്‌ അവിടെ ചെന്ന് ആ ചരട്‌ അഴിച്ചു കളയണം. അന്നത്തെ നമ്മുടെ ലക്ഷ്യം 10 ന്ന് പറയണ കടംബ കടക്കല്‍ ആണല്ലോ, എന്തായാലും ദേവിയെ സ്മരിച്ചു 10ഇല്‍ ഫസ്റ്റ്‌ ക്ലാസ്സ്‌ കിട്ടണെ ന്നാലോചിച്ചു ഒരു കറുത്ത ചരടു കെട്ടിയതോര്‍ക്കുംബൊല്‍, ഇപ്പോളും അറിയാതെ ഒരു ചിരി വരും. പിന്നീട്‌ ഒരിക്കലും പോയി ആ ചരട്‌ അഴിക്കാന്‍ പറ്റിയിട്ടില്ല, അതവിടെ ഉണ്ടോ ആവ്വോ...:)

പാതിരാത്രി ആയി ദില്ലിയില്‍ തിരിച്ചെത്തിയപ്പോള്‍.അടുത്ത ദിവസത്തെ പ്ലാന്‍ കേട്ടപ്പോ വല്ലാത്ത ത്രില്ലില്‍ ആയി എല്ലാരും...."നാളെ രാവിലെ 10മണിക്കു നമ്മള്‍ രാജീവ്‌ ഗാന്ധിയെ കാണാന്‍ പോകുന്നു"..:)പിറ്റെ ദിവസം പറഞ്ഞ പോലെ 9.30 ക്കു നംബര്‍10, ജന്‍പത്തില്‍ എത്തി. പാര്‍ലമന്റ്‌ ഹൌസ്‌ അനുഭവം മനസ്സില്‍ ഉള്ളതു കാരണം ഞാന്‍ ശരീരത്തിലെ എല്ലാ ലോഹ-തകിട്‌ സാധനങ്ങളും ആദ്യം തന്നെ അഴിച്ചു വച്ചിരുന്നു. അവിടെയെത്തി ഒരു ശരീര പരിശോധനക്കു ശേഷം എല്ലാരേം കടത്തി വിട്ടു, ഒരു പുല്‍ത്തകിടിയില്‍ ഞങ്ങള്‍ കാത്തിരിപ്പും തുടങ്ങി..കാത്തിരുന്നത്‌ മാത്രം മിച്ചം..2 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ജവാന്‍ വന്നു പറഞ്ഞു, ഇന്നു കാണാന്‍ പറ്റും ന്ന് തോന്നുന്നില്ല, പോകണം ന്നുള്ളവര്‍ക്ക്‌ പോകാം ന്ന്‌. അംജു മിനിറ്റ്‌ കഴിഞ്ഞില്ല, ദാ വരുണു ....
"നമ്മുടെയെല്ലാം പ്രിയങ്കരനായ നാടിന്റെ പൊന്നോമന പുത്രന്‍ രാജീവ്‌ ഗാന്ധി".അടുത്ത്‌ വന്ന് കുറെ പേര്‍ക്കു അദ്‌ദേഹം ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു ട്ടോ, എനിക്ക്‌ കിട്ടീല്ല ന്നു മാത്രം...കുട്ടികള്‍ അയതു കൊണ്ടാണോ ന്നറിയില്ല എല്ലാര്‍ക്കും ചായയും ബിസ്കറ്റും തന്നതു ഓര്‍ക്കുന്നു.

മറ്റധികം സംഭവ വികാസങ്ങള്‍ ഒന്നും കൂടാതെ 4 ദിവസത്തിനു ശേഷം എറണാകുളത്ത്‌ ട്രെയിന്‍ ഇറങ്ങി.എല്ലാരോടും യാത്ര പറഞ്ഞു വീട്ടിലെക്കുള്ള ബസ്സില്‍ കയറി.കുറച്ചു കഴിഞ്ഞപ്പോ ഒരു പരിചിത ശബ്ദം "നീ എവിടുന്നാ ഇത്രയും വല്യ ബാഗൊക്കെ അയി", നോക്ക്യപ്പോ ഒരു വല്യച്ഛന്‍.അപ്പോളേക്കും ഉഷാറായി, ഒച്ച കുറച്ചു പൊങ്ങി പോയി "ഞാന്‍ ദില്ലിയില്‍ പോയിട്ടു വരണ വഴിയാണ്‌". കേള്‍ക്കണ്ട താമസം ആ ബസ്സിലെ സകലമാന ജനങ്ങളും കുഞ്ഞു കുട്ടി ഉറുംബ്‌ പാറ്റകളുടേം ശ്രദ്‌ധ എന്റെ നേര്‍ക്കായി, ഇത്തിരി പോന്ന ഞാന്‍ ഓത്തിരി പോന്ന ഒരു ബാഗ്ഗും പിടിച്ചു ദില്ലിയില്‍ നിന്നു വരണൂ ന്നുള്ള കമന്റ്‌ കേട്ടിട്ടായിരിക്കും.അന്നത്തെ ആ ഒരു ചമ്മല്‌, ഓഹ്‌ അതു ഓര്‍ക്കുംബോള്‍ ഇന്നും ഒരു വളിച്ച ചിരി മുഖത്ത്‌ വരും....;)

ബസ്റ്റോപ്പില്‍ നിന്നു വീട്ടിലേക്ക്‌ കുറച്ചു ദൂരം ഉണ്ടായിരുന്നത്‌ കാരണം അടുത്തുള്ള 'സിറ്റി' ന്ന് (സിറ്റി ന്നു പറഞ്ഞാല്‍ ആ സ്റ്റോപ്പില്‍ ഒരു 2 പെട്ടിക്കട കൂടുതല്‍ ഉണ്ട്‌, അത്രെ ള്ളു ട്ടോ) ഒരു ആട്ടോ പിടിച്ചു മോഹന്‍ലാല്‍ പോയ പോലെ, ഞാന്‍ ആ കുടു കുടു വണ്ടീല്‌ ഇങ്ങനെ പോയി പോയി, ഒരു പാടത്തിന്റെ നടുക്ക്ള്ള റോഡില്‍ എത്ത്യപ്പോ, ഓപ്പൊളു ദാ നടന്ന്‌ പോണു "ചേട്ടാ വണ്ടി നിര്‍ത്ത്‌,ഒരാളെ കൂടി കയറ്റണം" ന്നു പറയലും ഓപ്പോള്‍ടെ അടുത്ത്‌ വണ്ടി നിര്‍ത്തലും എല്ലാം കഴിഞ്ഞു, ചാടി ഇറങ്ങി.."ഓപ്പോളേ, അറിഞ്ഞോ ഞാന്‍ രാജീവ്‌ ഗാന്ധിയെ കണ്ടു. അദ്‌ധേഹം എനിക്ക്‌ ഷേക്ക്‌ ആന്‍ഡ്‌ തന്നു"..പക്ഷെ ആ ആട്ടോ ഡ്രൈവറുടെ ഡയലോഗ്‌ എന്റെ എല്ലാ ഉത്സാവും തല്ലി കെടുത്തി "ഉവ്വു, ആ പടം ഞാന്‍ ഇന്നലെ പത്രത്തില്‍ കണ്ടിരുന്നു, നിന്നു ചെലക്കാണ്ട്‌ വണ്ടീ കേറടാ" ന്നു. ഇപ്പോള്‍ ആണെങ്കില്‍ അയാള്‍ കേറടാ മോനെ ദിനേശാാ ന്നും കൂടി പറഞ്ഞേനെ..:)

എന്തായാലും ഋഷികേശില്‍ നിന്നു ഒരു കന്നാസില്‍ മുക്കി കൊണ്ടു വന്ന ഗന്‍ഗാജലം അമ്മക്കു കൊടുത്തതോടെ എന്റെ ആദ്യ വടക്കെ ഇന്ത്യന്‍ യാത്ര അവസാനിച്ചു....


സ്വന്തം
യാത്രികന്‍

അടുത്ത ലക്കം : തനിച്ചുള്ള യാത്രകള്‍...

തിങ്കളാഴ്‌ച, ജൂൺ 12, 2006

ഒരു വിനോദ യാത്ര..

ഒരു വിനോദ യാത്ര..

ഒരു കോണ്‌വെന്റ്‌ അന്തരീക്ഷം ഉള്ള സ്ക്കൂളില്‍ ആണ്‌ ഞാന്‍ പഡിച്ചത്‌.9-ആം ക്ലാസ്സില്‍ നിന്നു കടന്നു 10 ഇല്‍ കയറി ഇരിക്കാനും പറ്റാത്ത ഒരു അവസ്ത്തെല്‌ നില്‍ക്കുംബോള്‍ ആണ്‌ ആ വാര്‍ത്ത കേട്ടത്‌..സ്ക്കൂളില്‍ നിന്നു 20 ദിവസത്തെ വിനോദയാത്ര പോൊകുന്നു, ദില്ലി, ആഗ്ര, ഹരീദ്വാര്‍, ഹൃര്‍ഷികേശ്‌ തുടങ്ങിയ സ്തലങ്ങലിലേക്ക്‌, തലയൊന്നിനു വെറും 900 രൂപാ മാത്രം (ബാക്കി സ്ക്കൂള്‍ ഉടമസ്തരായ എഫ്‌.അ.സിടി എന്ന വല്യ കമ്പനി വഹിച്ചോളും). ഇവിടേം അമ്മയുടെ വല്ല്യ എതിര്‍പ്പൊന്നും ഉണ്ടായില്ല. അതിനു അമ്മ പറഞ്ഞ കാരണം "എന്നെ കൊണ്ട്‌ എന്തായാലും നിങ്ങളെ അവിടെയൊന്നും കൊണ്ടുപോകാന്‍ പറ്റില്ല, അതു കൊണ്ടു കാശു തരാം, പോയി വരു, പിന്നെ റ്റീചര്‍മാരും ഉണ്ടല്ലോ, എന്റെ ഒന്നും ഒരു അഭ്യാസോം നടക്കില്ല ന്നു"..

3 ദിവസത്തെ ട്രെയിന്‍ യാത്രയില്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒന്നേ ഒന്നേയുള്ളു. മനസ്സില്‍ ആരൊക്കെയൊ പറഞ്ഞും കേട്ടും വായിച്ചും ഒരു പേടിപ്പിക്കുന്ന അന്തരീക്ഷം വരച്ചു വച്ചിരുന്നു..ചംബല്‍കാടുകള്‍..എന്താപ്പൊ അതിനെ പറയണെ..മ്മള്ള്‌ കേട്ടക്കണതും കന്‍ഡെക്കണതും ആയ കാട്‌ ചാല്‍ നിറച്ചും മരങ്ങളും ഇരുട്ടും ഒക്കെയ്‌ ആണെ, ന്ന ഈ ചംബല്‍കാട്‌ അങ്ങ്നത്തെ എതോ ഒരു വല്യ കാടാണു ന്നു പറഞ്ഞു നോക്കിയിരിക്കാര്‍ന്നു. കന്‍ഡതോ കുറെ മണല്‍ കൂനകളും കുരച്ചു കുറ്റിച്ചെടികളും മാത്രം.. എന്നിട്ടും ഞങ്ങല്‍ പലരും പ്രതീക്ഷയൊടെ നോക്കിയിരുന്നു ട്ടോ..കുതിരപ്പുരതു തോക്കും പിടിച്ചു ഒരു 'ഫൂലന്‍ ദേവി' പ്പൊ ചാടി വീഴും ന്നും കരുതി...:)

ദില്ലിയിലെ 4-5 ദിവസം ഒരു രസം തന്നെ ആയിരുന്നു. താമസം കമ്പന്യ്‌ ഗസ്റ്റ്‌ ഹസില്‍, തൊട്ടടുത്ത്‌ ഒരു നര്‍സിംഗ്‌ കൊള്ളേജ്‌ വനിതാ ഹൊസ്റ്റെല്‍...ആനദ ലബ്ദിക്കിനി എന്തു വേണം ന്നുള്ള മട്ടില്‍ അവിടെ ജനലില്‍ കാണണ ചേച്ചിമാരെ നോക്കി കമന്റ്‌ അടിക്കാന്‍ തുടങ്ങി പലരും. എല്ലാരും ഒരേ ധൈര്യത്തില്‍ ആണ്‌, ദില്ലിയല്ലെ നമ്മളെ ആരറിയാന്‍, പോരാത്തതിനു ഈ ചേചിമാര്‍ക്കു മലയാളം വല്ലതും അരിയ്യോ ന്നുള്ള മട്ടില്‍.ഭാഗ്യത്തിനു പ്രായം അതായതു കൊണ്ട്‌ ആരും വൃതികേടൊന്നും പറഞ്ഞില്ല. പക്ഷെ നേരം വെളിച്ചായി, ചായ കുടിക്കാന്‍ ചെന്ന ഞങ്ങള്‍ ഞെട്ടി!!!! കമന്റ്‌ അടിച്ച ചേച്ചിമാര്‍ ഞങ്ങലുടെ കൂടെയുള്ള റ്റീചര്‍മാരോട്‌ മലയാളത്തില്‍ എന്തക്കൊയോ പറയുന്നു. ഭാഗ്യത്തിനു പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ആ ചേചിമാര്‍ ഞങ്ങള്‍ക്കു ഒരു വലിയ ആശ്വാസം ആയിരുന്നു, ഷൊപ്പിംഗ്‌ നടത്താനും മറ്റും.

ദില്ലിയില്‍ കന്‍ഡ മറക്കാന്‍ കഴിയാത്ത കാഴ്ചകള്‍ ചിലതു ഒന്ന്‌ അക്കമിട്ടു പറഞ്ഞു പോകാം, നീട്ടി വലിച്ചെഴുതുന്നില്ല

1. രാഷ്ട്രപതി ഭവനിലെ അശോക ഹാള്‍: പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും സാധാരന സത്യ പ്രതിക്ഞ്ഞ ചെയ്യുന്ന സ്തലം. പക്ഷെ എന്നെ ആകര്‍ഷിച്ചതു അതല്ല. ആ ഹാളിന്റെ മുകല്‍ ഭാഗം ഒരു ..ഒരു..ഇതു പോലെ ആണ്‌..എന്താപ്പൊ അതിനു പറയണെ..ഈ സര്‍ക്കിള്‍ പകുതി മുറിച്ചു വച്ച പോലെ ഉള്ള ഒരു സാധനം ല്ലെ അതന്നെ..അവിടെ എതോ ഒരു സായിപ്പ്‌ കുതിരപ്പുരതിരിക്കുന്ന ഒരു പട്ടാളക്കാരന്റെ പടം വരച്ചിട്ടുന്‍ഡ്‌, ആ ഹാളിന്റെ ഏതു മൂലയില്‍ ചെന്നു നൊക്കിയാലും ആ പട്ടാളക്കാരന്‍ നമ്മളെ തന്നെ നോക്കണ പോലെ തോന്നും.

2.പാര്‍ലമന്റ്‌ ഹ്‌ ഔസ്‌: ഇവിടെ മറക്കാന്‍ പറ്റാത്തതു പോലീസുകാരെ കൊണ്ടാണ്‌. എല്ലാരേം കടത്തണ കൂട്ടത്തില്‍ എന്നേം ഒരു വാതിലില്‍ കൂദി കയറ്റിയത്‌ ഓര്‍മ ഉണ്ടു, പിന്നെ കേട്ടതു ഒരു അലാറം അടിക്കണതും, അവിടന്നും ഇവിടന്നും കുറെ പട്ടാളക്കാര്‌ തോക്കും കൊണ്ടു ഓടി വരണതാണ്‌. ഭാഗ്യത്തിനു അന്നു ഹിന്ദി മാലൂം നഹി നഹി ആയതു കൊണ്ടു അവരു പറഞ്ഞ തെറി ഒന്നും മനസ്സിലായില്ല. വെറെ പ്രശ്നൊന്നുല്ല, എന്റെ പോക്ക്റ്റില്‍ ഉണ്ടായിരുന്ന താക്കോല്‍ കൂട്ടം കണ്ടു തകിടു കണ്ടുപിടിക്കണ യന്ത്രം (മെറ്റല്‍ ഡിറ്റക്റ്റെര്‍) ഒന്നു ഒച്ച്‌ വച്ചതാണ്‌..

3. താജ്‌ മഹല്‍: അന്നത്തെ പ്രായത്തിന്റെ ആയിരിക്കും, താജ്‌ മഹല്‍ കന്‍ഡപ്പോള്‍ പലരും പറയന പോലെ 'അനശ്വര പ്രണയതിന്റെ ഇതിഹാസ സ്മരണകളിലെ അതാണ്‌ ഇതാണ്‌ ന്നൊന്നും എനിക്ക്‌ തോന്നീല്ലിയ.. ഇപ്പോ ഒക്കെ പുവ്വാണ്‌ ചാ പിന്നേം തോന്ന്യേനെ.. അന്നാണ്‌ ഒരു മദാമ്മ ആദ്യമായി ഷേക്ക്‌ ഹാന്‍ഡ്‌ തന്നത്‌....:) അതു മറക്കാന്‍ പറ്റ്വൊ...;)

ഇനിയുള്ള ഹരിദ്വാര്‍ ഹൃഷികേശ്‌ യാത്ര അടുത്ത ലക്കത്തില്‍ ആവാം...

വായിക്കുന്നവര്‍ വായിക്കുന്നവര്‍ എന്തെങ്കിലും ഒക്കെ കമന്റ്‌ അടിച്ചു പോയാല്‍ ഒരു തുടക്കക്കാരന്‍ എന്ന നിലക്കു എനിക്കതൊരു പ്രോല്‍സാഹനം ആയിരിക്കും...

പിന്നെ ഈ പത്രങ്ങള്‌ പറയണ പോലെ ഞാനും പറയാം...

വായിക്കുക്ക.... വരിക്കാരാകുക....

സ്വന്തം
യാത്രികന്‍

നോട്ട്‌ : അക്ഷരപിശകുകള്‍ ക്ഷമിക്കുക....കുറെശ്ശെ കുറെശ്ശെ ആയി മാറ്റുന്നതായിരിക്കും...

ഞായറാഴ്‌ച, ജൂൺ 11, 2006

അടുത്ത യാത്ര..

ആദ്യത്തെ യാത്ര കഴിഞ്ഞു പിന്നെ കുറെ വര്‍ഷങ്ങള്‍ ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്ന യാതൊന്നും തന്നെ ഇല്ല.ഇടക്കു വല്ലപ്പ്പോഴും എറണാകുളത്തെക്കൊ എതെങ്കിലും ബന്ധു വീട്ടിലേക്കൊ പൊയതൊഴികെ...പക്ഷെ അതൊന്നും എടുത്തു പറയാന്‍ ഇല്ല....

വര്‍ഷങ്ങള്‍ കടന്നു പോകുന്നും തോറും പുതിയ ബന്ധുക്കളെയും സുഹ്രുത്തുക്കളെയും കിട്ടികൊണ്ടിരുന്നു...അങ്ങിനെ ഇരിക്കുംബൊലാനു 8 ക്ലാസ്സില്‍ പഡിക്കുംബൊള്‍ എനിക്കു ഒരൊപ്പൊളെ കിട്ടുന്നത്‌..സുജോപ്പൊള്‍..(ആ ബന്ധത്തെ കുറിച്ചു ബന്ധങ്ങള്‍ ന്നുള്ള വിഷയം വരുംബൊള്‍ വിശദമായി പറയാം)...

സുജോപ്പൊല്‍ടെ ഇല്ലം കൊയിലാന്‍ഡി കഴിഞ്ഞ്‌ കൊല്ലം ത്ത്ന്നു വലത്തോട്ടു തിരിഞ്ഞു പോകുന്ന വഴിയില്‍ മുചുകുന്നു ന്നു പറയണ പോസ്റ്റ്‌ ഓഫിസിന്റെ കീഴില്‍ ആയിരുന്നു (ഇതായിരുന്നു ട്ടോ തപാല്‍ അഡ്രസ്‌,അത്രെ അറിയേര്‍ന്നുള്ളു അന്ന്). കൊല്ലാവസാന പരീക്ഷ കഴിഞ്ഞപ്പൊ ഒരു മോഹം അവിടെ പോയി കുറച്ചു ദിവസം നില്‍ക്കണം ന്നു..അമ്മയോടു പറഞ്ഞു,വല്യ എതിര്‍പ്പൊന്നും ഉണ്ടായില്ല.(എന്തു ധൈര്യത്തില്‍ ആണാവൊ എന്നൊടു ഒറ്റക്കു പൊയ്ക്കൊള്ളാന്‍ പറഞ്ഞെ;) )

എന്തായാലും ഉറപ്പായി കഴിഞ്ഞ സ്തിധിക്ക്‌, പുറപ്പെട്ടു.ആലുവയില്‍ നിന്നു കൊയിലാന്‍ഡിക്കു ടിക്കറ്റ്‌ എടുത്ത്‌ കയറി. ആ യാത്ര അത്ര ഓര്‍മ ഇല്ലെങ്കിലും കുറ്റിപ്പുറത്ത്‌ വച്ചു വെള്ളമില്ലാത്ത ഭാരതപ്പുഴ കണ്ട്‌ ഇതെന്താണു ന്ന് അടുത്തിരുന്ന ആളോടു സംശയം ചോദിച്ചതും അയാളെന്നെ കലിയാക്കിയതും നല്ല ഓര്‍മ ഉണ്ട്‌..;)

4.30 കഴിഞ്ഞപ്പ്ലേക്കും കൊയിലന്‍ഡിയില്‍ എത്തി,ഇനിയെന്താ ന്നുള്ള ചിന്തയായി..വഴിയില്‍ കണ്ടവരോട്‌ ചോദിച്ചു ഒരു വിധം തപ്പിപ്പിടിച്ചു ഇല്ലത്തുതാഴം ബസ്സ്‌ സ്റ്റോപ്‌ വരെ എത്തി. ഇല്ലം എവിടെ ന്നു ചോദിച്ചപ്പോള്‍ ദാ ആ കാണുന്ന വെളിച്ചം ഇല്ലത്തെ ആണു ന്നു ഒരാള്‍ പറഞ്ഞു..സന്ധ്യ ആയിരുന്നു അപ്പ്ലേക്കും. ഞാന്‍ നോക്കിയിട്ടു ഇല്ലത്തെ വെളിച്ചം കാണാന്‍ ഉണ്ട്‌ ന്നാല്‍ അവിടെക്കെത്താന്‍ ഒരു വഴി വേന്‍ഡെ. ഉണ്ടായിരുന്ന നിലാവത്തു ഒരു ലക്ഷ്യം കണ്ടു പോകുന്നതു പോലെ ആ വെളിച്ചം വരെയ്‌ എങ്ങിനേയൊ എത്തി.അവിടെ എത്തിയപ്പോളൊ,അതു പടിപ്പുരയാണു..അത്‌ സന്ധ്യക്കു പൂട്ടിയും കഴിഞ്ഞിരുന്നു...

സൈഡ്‌ ഇല്‍ ഉള്ള ചുമരിലൊക്കെ കാല്ലിംഗ്‌ ബെല്ല് തപ്പി..എവിടെ കാണാന്‍..അവസാനം നമ്മുടെ പ്രയോഗം തുടങ്ങി.. പടിപ്പുരവാതിലില്‍ തല്ലും കൂക്കി വിളിയും അവസാനം കരച്ചിലും...;)കാരണം അപ്പ്ലേക്കും നല്ല ഇരുട്ടായിരുന്നു...പട്ടികള്‍ കുരക്കുന്നു..എല്ലം കൂടി ഒരു പേടിപ്പിക്കുന്ന അന്തരീക്ഷം..

എന്റെ ഭാഗ്യത്തിനു ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ ആരൊ വന്നു തുറന്നു, ഉണ്ണ്യേട്ടന്‍ (എന്റെ കൊട്ടും കരച്ചിലും കേട്ടല്ല, പടിപ്പുര പൂട്ടിയില്ലെ എന്നു ഉറപ്പക്കാന്‍ ആണു അദേഹം വന്നതു ന്നു പിന്നീടറിഞ്ഞു)..

ഓഹ്‌..ഒന്നു പറയാന്‍ വിട്ടു..സുജോപ്പോള്‍ അല്ലാതെ ആ കുഡുംബത്തിലെ ആരെയും ഞാന്‍ അന്നറിയില്ല ട്ടോ...

ഈ വന്ന ആളെ എനിക്കും അറിയില്ല, അദെഹത്തിനു എന്നേം അറിയില്ല... പറഞ്ഞു പരിചയപെടുത്തിയ എന്നെ അദെഹം ഉള്ളിലേക്കു കൊണ്ടു പോയി. അവിടെ ച്ചെന്ന് സുജോപ്പ്ലെ കന്‍ഡപ്പോളേക്കും എന്റെ കൊന്റ്രോള്‍ പോയി..കരച്ചിലങ്ങ്ടു പൂര്‍ത്തിയാക്കി..

ഒറ്റക്കിറങ്ങി പുറപ്പെട്ടതിനു കുറെ വഴക്കു കേട്ടെങ്കിലും അടുത്ത 4-5 ദിവസം ആ ഇല്ലപ്പറംബിലെ കുന്നും, കശുമാവുകളും, കുളവും (കുളം ന്നു പറയാം ന്നു മാത്രം, അന്നും ഇന്നും എനിക്കു നീന്താന്‍ അറിയില്ല) എല്ലാം ഞാന്‍ ആസ്വദിച്ചു...

പക്ഷെ അവിടെ എത്തിയതിന്റെ പി റ്റെ ദിവസം ഞാന്‍ കണ്ടു... ഞാന്‍ വന്ന വഴിയില്‍ ഒരു പൊട്ടകിണര്‍... എന്തോ ഭാഗ്യം (അതോ ആരുടെയൊക്കെയൊ നിര്‍ഭാഗ്യൊ..) ഞാന്‍ അതില്‍ വീണില്ല..

അവസാനം അതും കണ്ടുപിടിച്ചു..അവിടെ കാള്ളിംഗ്‌ ബെല്ലിന്റെ സ്വിച്ച്‌ തലക്കു മുകളില്‍ ആണു..

എന്റെ ഭാഗ്യത്തിനു മടക്കവരവില്‍ ഉണ്ണ്യേട്ടന്‍ എന്നെ കൊയിലാന്‍ഡി വന്നു ട്രെയിന്‍ കയറ്റി വിട്ടു..പ്രത്യേകിച്ചു ഒന്നും പറയാന്‍ ഇല്ലാതെ ഞാന്‍ വീട്ടില്‍ എത്തുകയും ചെയ്തു.

ഇതെന്റെ ഒറ്റക്കുള്ള ആദ്യ യാത്ര ആയിരുന്നു..
ആ പടിപ്പുരയില്‍ നിന്നു പേടിച്ചതും പിന്നീടുള്ള കരച്ചിലും ഇതൊക്കെ ഈ യാത്ര ഒരു മറക്കാത്ത യാത്രയാക്കാന്‍ എന്നെ സഹായിക്കുന്നു....

വായിക്കാന്‍ നിങ്ങള്‍ എല്ലാരും ഉള്ളപ്പോള്‍ ഞാന്‍ ഇനിയും വരും..അടുത്ത യാത്രയുമായി..


സ്വന്തം
യാത്രികന്‍

ശനിയാഴ്‌ച, ജൂൺ 10, 2006

ആദ്യ യാത്ര....

കൃത്യമായ ഓര്‍മ ഇല്ലെങ്കിലും ആദ്യം മനസ്സില്‍ വരുന്നതു ഒരു മൂകാംബിക യാത്രയാണു..എകദേശം 7 വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും ഏട്ടനും ഓപ്പൊളും ഞാനും കൂടി പോയ ഒരു യാത്ര.അച്ഛന്റെ സഹോദരിയെ വേളി കഴിച്ച അഫ്ഫന്‍ ആയിരുന്നു വഴി കാട്ടി.അന്ന് അദ്ദേഹം നീലേശ്വരം രാജാസ്‌ സ്കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്നു..

വ്യക്തമായ ഓര്‍മ ഇല്ലെങ്കിലും ബസ്സിന്റെ സൈഡ്‌ സീറ്റില്‍ ഇരുന്നു പോയതും എതോ ചില കുന്നിന്‍ ചെരുവുകളും, ഒരു തണുത്ത വെളുപ്പാന്‍ കാലത്തു സൌപര്‍ണികയില്‍ മുങ്ങിയതും, മിനുത്ത ചെറിയ കല്ലിന്‍ കഷ്ണങ്ങള്‍ വാരിയതും കുറേശ്ശെ ഓര്‍മയുണ്ട്‌......
പക്ഷെ ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത ഇതെന്റെ ആദ്യ തീവണ്ടി യാത്ര കൂടി അയിരുന്നു എന്നതാണു..ആലുവയില്‍ നിന്ന്നു നീലേശ്വരം വരെയും അവിട്ന്ന് മങ്ഗലാപുരം വരെയും..ഓഹ്‌..അതൊരു യാത്ര തന്നെ ആയിരുന്നു...

പക്ഷെ പിന്നെ ഇങ്ങിനെ ഒരു യാത്ര എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല...ഇനി ഉണ്ടാവുകയുമില്ല...:(

ഈ ഒരു യാത്രയാണോ എന്നെ യാത്രകളിലേക്കു ഇത്ര അടുപ്പിച്ചതു എന്നറിയില്ല..എങ്കിലും ഇന്നു യാത്രകള്‍ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണു...

ഒരോ യാത്രയും ഒരോ അനുഭവം ആയാണു എനിക്കു തോന്നിയിട്ടുള്ളത്‌.
പുതിയ മുഖങ്ങള്‍,പുതിയ വഴികള്‍...
പരിചിത മുഖങ്ങള്‍,പരിചിത വഴികള്‍....
.എത്രയോ ബന്ധങ്ങള്‍,എത്രയോ അനുഭവങ്ങള്‍...
അങ്ങിനെ പലതും..ഈ യാത്രകളിലൂടെ എനിക്കു കിട്ടിയിരിക്കുന്നു...

ഒര്‍മയില്‍ ഇപ്പോളും തെളിഞ്ഞു നില്‍ക്കുന്ന ചിലതു എവിടെയെങ്കിലും ഒന്നു കുറിച്ചിടണം ന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌...സത്യം പറഞ്ഞാല്‍ ഇപ്പോഴാണു അതിനു ശരിക്കു തുനിയുന്നത്‌...

ഇപ്പോളും ഒറ്റത്തടിയായി നടക്കുന്നതു കൊണ്ടാവാം ഇതിനു കഴിയുന്നത്‌..എന്നാണാവോ ഈ സ്വാതന്ത്ര്യം അവസാനിക്കാന്‍ പോകുന്നത്‌....

ചിലപ്പോള്‍ ഒരു ബോറടി ആയേക്കാം, എങ്കിലും ഞാന്‍ എന്റെ വരികളും വിവരണങ്ങളും കുത്തികുറിക്കാം


സ്വന്തം
യാത്രികന്‍

വെള്ളിയാഴ്‌ച, ജൂൺ 09, 2006

ബന്ധങ്ങള്‍......

മുന്‍പെങ്ങും തോന്നാത്ത ഒരു വേദനയല്ലെ ഈ കുറച്ചു ദിവസങ്ങള്‍ കൊണ്ടെനിക്കു തോന്നുന്നത്‌? ദൂരത്തെവിടേയൊ അവളിരിക്കുംബോളും അവള്‍ എന്റെയടുത്തു തന്നെ ഉണ്ടെന്നു വിശ്വസിക്കാന്‍ ഞാന്‍ വൃധാ ശ്രമിക്കുന്നതെന്തിനു?
അവളുടെ വാക്കുകള്‍ ........
അവളുടെ കൊഞ്ജലുകള്‍ ........
അവളുടെ കുസ്രുതികള്‍........
അവളുടെ ചിരികള്‍ .......
എല്ലാമെനിക്കു നഷ്ടപ്പെടുന്നു...
എന്റെ കൌമാര പ്രണയ കാലങ്ങളില്‍ ഒന്നും കുത്തികുറിക്കാന്‍ എനിക്കു തോന്നിയിട്ടില്ല........
ഇന്നെനിക്ക്‌ എന്തൊക്കെയൊ എഴുതണം ന്നു തോന്നുന്നു...
ഒരു നിത്യ ജീവിത കുറിപ്പുകള്‍ പോലെ...

തുടക്കം എനിക്കു ഇഷ്ടപ്പെട്ട കുറച്ചു വരികളില്‍ നിന്നാവാം....

ഒഴുകിയെത്തുന്ന പെയ്തുനീരില്‍ ചിറ കെട്ടി പ്രളയം കാത്തിരിക്കുംബോള്‍,
പരസ്പരം മോഹിച്ച സഹോദരങ്ങള്‍
റിതു പരിണാമങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും വേര്‍പിരിയുംബോള്‍ ആ ഒറ്റപെടല്‍ നമുക്കു താങ്ങാനാകുമോ?
നിര്‍വചനങ്ങള്‍ക്കതീതമായ ഒരു നഷ്ടപെടല്‍ ആണത്‌....
ഒരു നിമിഷത്തിന്റെ ദുരന്ത കാവ്യം പോലെ.
ജീവിതത്തിന്റെയ്‌ വിലാപ യാത്രയില്‍
കണ്ടുമുട്ടുന്ന അജ്നാതമായ ബന്ധങ്ങല്‍ക്കുമീതെ എവിടേയൊ ആണു ഞാനും നീയും
ഇലയിലിറ്റു വീണുടയുന്ന തുള്ളി പോലൊടുവില്‍ നമ്മള്ളും ചിതറി മാറുമോ?
................
എനിക്കു വളരെ വളരെ ഇഷ്ടപ്പെട്ട വരികല്‍ ആണിതു...

അടുത്ത പോസ്റ്റിംഗില്‍ എന്റെ ആദ്യ യാത്രയുടെ ഓര്‍മകുറിപ്പുകളിലൂടെ തുടങ്ങാം......

സ്വന്തം
യാത്രികന്‍

യാത്രകള്‍.....അനുഭവങ്ങള്‍..ബന്ധങ്ങള്‍..

അങ്ങിനെ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി. ഞാനും ആരൊ ആണെന്നുള്ള ഒരു അഹങ്കാരം വന്നു തുടങ്ങ്യോ ന്നൊരു സംശയം ;) പലരും പറഞ്ഞു ബ്ലോഗ്‌ തുടങ്ങാന്‍, പക്ഷെ ഒരു ധൈര്യം ഉണ്ടായിരുന്നില്ല. ഒരു ചമ്മലൊ എന്താണാവോ...എന്തായാലും ചിലരുടെ പ്രേരണ പ്രോല്‍സാഹനം എല്ലാം കൊണ്ടും തുടങ്ങാന്‍ ന്നന്നെയ്‌ നിരീചു....

എന്തായാലും തുടങ്ങി, ഇനി പ്പൊ ദിവസവും പോസ്റ്റ്‌ നടത്താം എന്നൊന്നും ഞാന്‍ പറയില്ല ട്ടോ..
തരം പോലെ സമയം കിട്ടുംബോള്‍ എന്റെ ഒരൊ യാത്രകള്‍,ഒരോ ബന്ധങ്ങള്‍ (പേരുകള്‍ പരയില്ലിയ ട്ടോ),ഒരോ അനുഭവങ്ങള്‍ എല്ലാം ഇവിടെ കുത്തിക്കുറിക്കണം ന്നു മോഹം ന്‍ഡ്‌

പക്ഷെ ചില ശങ്കകളും ഇല്ലാതില്ല. മനസ്സില്‍ സൂക്ഷിക്കന്‍ഡ പല കാര്യങ്ങളും പുറത്താവ്വോ ന്നൊരു സംശയം....

കാത്തിരുന്നു കാണാം ..
എല്ലാരുടെയും അനുഗ്രഹങ്ങള്‍ പ്രതീക്ഷിചുകൊണ്ടു.....

സ്വന്തം
യാത്രികന്‍