ചൊവ്വാഴ്ച, ജൂൺ 13, 2006

വിനോദയാത്ര- ഭാഗം 2

പതിവു പോലെ വെളുപ്പിന്‌ ഒരു 'കെ.എസ്‌.ആര്‍. റ്റി.സി' പോലെ പുറത്ത്‌ മഴ അകത്ത്‌ പെരുമഴ മോഡല്‍ ബസ്സില്‍ കുട്ടികളുടെ തലയെണ്ണി കയറ്റി, യാത്ര തുടങ്ങി.അതു വരെ ഹിമാലയം ന്നുള്ളത്‌ പുസ്തക താളുകളില്‍ മാത്രം കണ്ട ഒരു കാഴ്ച ആയിരുന്നു. ഹിമാലയത്തിലേക്കു പോകുന്നു ന്ന്‌ കേട്ടപ്പോള്‍ ആദ്യമായി മഞ്ഞ്‌ കാണാനുള്ള കൊതിയും കൂടി ഉണ്ടായിരുന്നു.

കുറെ കാഴ്ചകള്‍ കണ്ടു എന്നല്ലാതെ അന്നു കണ്ട ആ പ്രകൃതിയെ ഒരു സാഹിത്യകാരന്റെ ഭാഷയില്‍, പ്രകൃതിയുടെ സൌന്‍ദര്യത്തെ വര്‍ണിക്കാന്‍ അറിയില്ല, എങ്കിലും ഒരു അനുഭവം തന്നെ ആയിരുന്നു ആ യാത്ര. ആദ്യമായി ഓറന്‍ച്‌ തോട്ടം കണ്ടതും, ആദ്യമായി ഒരു പന്‍ജാബി 'ഡാബ' യില്‍ കയറിയതും എല്ലാം ഓര്‍മയില്‍ ഉണ്ട്‌.

ഹരിദ്വാര്‍ എത്താറായപ്പോള്‍ ആണ്‌ ആദ്യമായി ഗന്‍ഗയെ കാണുന്നത്‌.സത്യം പറഞ്ഞാല്‍ ഒന്നു ഞെട്ടി ന്നു തന്നെ പറയാം. അതു വരെ പെരിയാറും ഭാരത തോടും കണ്ട്‌ ഇതാണ്‌ പുഴ ന്നു കരുതിയിരുന്ന എനിക്ക്‌ ഗന്‍ഗ ഒരു വേറിട്ട അനുഭവം ആയിരുന്നു. കുലം കുത്തി നീണ്ട്‌ നിവര്‍ന്നങ്ങിനെ ഒഴുകുന്ന ഗന്‍ഗ.. പിന്നെയും കുറെ നേരം ആ പാവം വണ്ടി ഞങ്ങളേം വലിച്ചു കൊണ്ടോടി. എവിട്യൊ നിര്‍ത്ത്യപ്പൊ റ്റീച്ചര്‍ വന്നു പറഞ്ഞു "അര മണിക്കൂര്‍ സമയം ഉണ്ട്‌, കുളിക്കണം ന്നുള്ളവര്‍ക്കു കുളിച്ചിട്ടു വരാം" ന്നു. എന്തോ ഒരു അലര്‍ച്ച കേള്‍ക്കുന്നതല്ലാതെ ആ പരിസരതൊന്നും ഗന്‍ഗയെ കാണാന്‍ ഉണ്ടായിരുന്നില്ല. അപ്പൊളേക്കും പറഞ്ഞേല്‍പ്പിചിരുന്ന ഗൈഡ്‌ വന്നു. പിന്നെ അയാളുടെ പുറകെ ഞങ്ങള്‍ കുറച്ചു കുട്ടിപട്ടാളോം...ഒച്ച അടുത്തു വരും തോറും പേടിയും കൂടി തുടങ്ങി. അടുത്ത്‌ കണ്ടതോടെ അതില്‍ കുളിക്കണം ന്നുള്ള മോഹോം പോയി ന്നു പറഞ്ഞാല്‍ മതീലോ..

വെള്ളത്തില്‍ തൊട്ടാല്‍ നമ്മളേം കൊണ്ട്‌ പോകുന്ന ഒഴുക്ക്‌...പോരാത്തതിനു തണുപ്പും. എല്ലാത്തിനും പുറമെ ഗൈഡിന്റെ ഡയലോഗും "യെ ഗന്‍ഗ ഹെ, ജൊ ഭി ചാഹെ നഹാ സക്ത ഹെ ലേകിന്‍ ജൊ ഡൂബ്‌ ഗയാ സംഝൊ വൊ മര്‍ ഗയാ" ന്ന്‌ (ഇന്നും എനിക്കോര്‍മ്മയുണ്ട്‌,എന്താ ഇതിപ്പോഴും ഓര്‍ക്കാന്‍ കാര്യം ന്നറിയില്ല ട്ടോ). കരക്കു കെട്ടിയിട്ടിരുന്ന ഒരു കയറില്‍ പിടിച്ച്‌ മുങ്ങി മുങ്ങീല്ല്യ ന്നുള്ള മട്ടില്‍ മുങ്ങി കയറി...വെറുതെ നിന്നാലും പല്ല് കൂട്ടിയിടിക്കും ന്ന് അന്ന് മനസ്സിലായി....

വീണ്ടും ബസ്സില്‍ കയറി കുറച്ചു കൂടി കഴിഞ്ഞപ്പോ ഒരു തൂക്കു പാലം കണ്ടു അതില്‍ കയറി.."ലക്ഷ്മന്‍ ഝൂല" (പേരു ശരിയല്ലെ?)(ഒന്നു ന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര തൂക്ക്‌ പാലം ന്നു പറയാം.കാരണം എന്റെ മനസ്സില്‍ മലമ്പുഴയിലെ പാലം ആണു തൂക്കുപാലം...:)പാലത്തിന്റെ നടുക്കു വരെ എല്ലാരും ചിരിച്ചു നടന്നു, നടുക്കെത്തിയപ്പോള്‍ ആണ്‌ ഒരുത്തന്‌ സംശയം "ഇപ്പോ ഈ പാലം അങ്ങ്ട്‌ പൊട്ടിപോയാലോ ന്ന്? അപ്പോളാണ്‌ താഴത്തെക്ക്‌ നോക്കിയത്‌, വീണോളു, ഞാന്‍ പെട്ടന്ന് കടല്‌ കാണിക്കാം ന്നു പറഞ്ഞ്‌ കുത്തിയൊലിച്ചൊഴുകുകയാണ്‌. ആ ഒഴുക്ക്‌ കണ്ടുള്ള പേടിയും, തൂക്കുപാലത്തിന്റെ ആട്ടവും എല്ലാം കാരണം പിന്നെ അക്കരെ വരെ ആരും മിണ്ടീട്ടില്ല..

അവിടെ ഒരു അംബലത്തില്‍ തൊഴുത്‌ ഞങ്ങള്‍ ഋഷികേശിലേക്കു പുറപ്പെട്ടു. ഋഷികേശിലെ പ്രസിദ്‌ധമായ ഒരു ക്ഷേത്രം ആയിരുന്നു ലക്ഷ്യം. കുറെ നടന്നു വെഷമിച്ചു അവിടെയെത്താന്‍. പക്ഷെ മുകളില്‍ എത്തിയപ്പോ മനസ്സിലായി നടന്നതു വെറുതെയായില്ല ന്ന്‌, താഴെ (ആ..കെടക്കട്ടെ ഒരു കണക്കും..2000 അടി താഴെ) ഒരു വെളുത്ത വര പോലെ കാണുന്ന ഗന്‍ഗ, നെരത്തെ കണ്ട പേടിപ്പിക്കുന്ന രൂപമോ ഭാവമോ ഒന്നുമില്ല...

ആ അംബലത്തിലെ ഒരു പ്രത്യേകത, മനസ്സില്‍ അവിടത്തെ ദേവിയെ സ്തുതിച്ചു എന്തെങ്കിലും വിചാരിച്ചു അവിടെയുള്ള മരത്തില്‍ ഒരു ചരട്‌ കെട്ടിയാല്‍ നമ്മള്‍ അഗ്രഹിച്ചതെന്തും നടക്കും, പക്ഷെ അതു നടന്നാല്‍ തിരിച്ച്‌ അവിടെ ചെന്ന് ആ ചരട്‌ അഴിച്ചു കളയണം. അന്നത്തെ നമ്മുടെ ലക്ഷ്യം 10 ന്ന് പറയണ കടംബ കടക്കല്‍ ആണല്ലോ, എന്തായാലും ദേവിയെ സ്മരിച്ചു 10ഇല്‍ ഫസ്റ്റ്‌ ക്ലാസ്സ്‌ കിട്ടണെ ന്നാലോചിച്ചു ഒരു കറുത്ത ചരടു കെട്ടിയതോര്‍ക്കുംബൊല്‍, ഇപ്പോളും അറിയാതെ ഒരു ചിരി വരും. പിന്നീട്‌ ഒരിക്കലും പോയി ആ ചരട്‌ അഴിക്കാന്‍ പറ്റിയിട്ടില്ല, അതവിടെ ഉണ്ടോ ആവ്വോ...:)

പാതിരാത്രി ആയി ദില്ലിയില്‍ തിരിച്ചെത്തിയപ്പോള്‍.അടുത്ത ദിവസത്തെ പ്ലാന്‍ കേട്ടപ്പോ വല്ലാത്ത ത്രില്ലില്‍ ആയി എല്ലാരും...."നാളെ രാവിലെ 10മണിക്കു നമ്മള്‍ രാജീവ്‌ ഗാന്ധിയെ കാണാന്‍ പോകുന്നു"..:)പിറ്റെ ദിവസം പറഞ്ഞ പോലെ 9.30 ക്കു നംബര്‍10, ജന്‍പത്തില്‍ എത്തി. പാര്‍ലമന്റ്‌ ഹൌസ്‌ അനുഭവം മനസ്സില്‍ ഉള്ളതു കാരണം ഞാന്‍ ശരീരത്തിലെ എല്ലാ ലോഹ-തകിട്‌ സാധനങ്ങളും ആദ്യം തന്നെ അഴിച്ചു വച്ചിരുന്നു. അവിടെയെത്തി ഒരു ശരീര പരിശോധനക്കു ശേഷം എല്ലാരേം കടത്തി വിട്ടു, ഒരു പുല്‍ത്തകിടിയില്‍ ഞങ്ങള്‍ കാത്തിരിപ്പും തുടങ്ങി..കാത്തിരുന്നത്‌ മാത്രം മിച്ചം..2 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ജവാന്‍ വന്നു പറഞ്ഞു, ഇന്നു കാണാന്‍ പറ്റും ന്ന് തോന്നുന്നില്ല, പോകണം ന്നുള്ളവര്‍ക്ക്‌ പോകാം ന്ന്‌. അംജു മിനിറ്റ്‌ കഴിഞ്ഞില്ല, ദാ വരുണു ....
"നമ്മുടെയെല്ലാം പ്രിയങ്കരനായ നാടിന്റെ പൊന്നോമന പുത്രന്‍ രാജീവ്‌ ഗാന്ധി".അടുത്ത്‌ വന്ന് കുറെ പേര്‍ക്കു അദ്‌ദേഹം ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു ട്ടോ, എനിക്ക്‌ കിട്ടീല്ല ന്നു മാത്രം...കുട്ടികള്‍ അയതു കൊണ്ടാണോ ന്നറിയില്ല എല്ലാര്‍ക്കും ചായയും ബിസ്കറ്റും തന്നതു ഓര്‍ക്കുന്നു.

മറ്റധികം സംഭവ വികാസങ്ങള്‍ ഒന്നും കൂടാതെ 4 ദിവസത്തിനു ശേഷം എറണാകുളത്ത്‌ ട്രെയിന്‍ ഇറങ്ങി.എല്ലാരോടും യാത്ര പറഞ്ഞു വീട്ടിലെക്കുള്ള ബസ്സില്‍ കയറി.കുറച്ചു കഴിഞ്ഞപ്പോ ഒരു പരിചിത ശബ്ദം "നീ എവിടുന്നാ ഇത്രയും വല്യ ബാഗൊക്കെ അയി", നോക്ക്യപ്പോ ഒരു വല്യച്ഛന്‍.അപ്പോളേക്കും ഉഷാറായി, ഒച്ച കുറച്ചു പൊങ്ങി പോയി "ഞാന്‍ ദില്ലിയില്‍ പോയിട്ടു വരണ വഴിയാണ്‌". കേള്‍ക്കണ്ട താമസം ആ ബസ്സിലെ സകലമാന ജനങ്ങളും കുഞ്ഞു കുട്ടി ഉറുംബ്‌ പാറ്റകളുടേം ശ്രദ്‌ധ എന്റെ നേര്‍ക്കായി, ഇത്തിരി പോന്ന ഞാന്‍ ഓത്തിരി പോന്ന ഒരു ബാഗ്ഗും പിടിച്ചു ദില്ലിയില്‍ നിന്നു വരണൂ ന്നുള്ള കമന്റ്‌ കേട്ടിട്ടായിരിക്കും.അന്നത്തെ ആ ഒരു ചമ്മല്‌, ഓഹ്‌ അതു ഓര്‍ക്കുംബോള്‍ ഇന്നും ഒരു വളിച്ച ചിരി മുഖത്ത്‌ വരും....;)

ബസ്റ്റോപ്പില്‍ നിന്നു വീട്ടിലേക്ക്‌ കുറച്ചു ദൂരം ഉണ്ടായിരുന്നത്‌ കാരണം അടുത്തുള്ള 'സിറ്റി' ന്ന് (സിറ്റി ന്നു പറഞ്ഞാല്‍ ആ സ്റ്റോപ്പില്‍ ഒരു 2 പെട്ടിക്കട കൂടുതല്‍ ഉണ്ട്‌, അത്രെ ള്ളു ട്ടോ) ഒരു ആട്ടോ പിടിച്ചു മോഹന്‍ലാല്‍ പോയ പോലെ, ഞാന്‍ ആ കുടു കുടു വണ്ടീല്‌ ഇങ്ങനെ പോയി പോയി, ഒരു പാടത്തിന്റെ നടുക്ക്ള്ള റോഡില്‍ എത്ത്യപ്പോ, ഓപ്പൊളു ദാ നടന്ന്‌ പോണു "ചേട്ടാ വണ്ടി നിര്‍ത്ത്‌,ഒരാളെ കൂടി കയറ്റണം" ന്നു പറയലും ഓപ്പോള്‍ടെ അടുത്ത്‌ വണ്ടി നിര്‍ത്തലും എല്ലാം കഴിഞ്ഞു, ചാടി ഇറങ്ങി.."ഓപ്പോളേ, അറിഞ്ഞോ ഞാന്‍ രാജീവ്‌ ഗാന്ധിയെ കണ്ടു. അദ്‌ധേഹം എനിക്ക്‌ ഷേക്ക്‌ ആന്‍ഡ്‌ തന്നു"..പക്ഷെ ആ ആട്ടോ ഡ്രൈവറുടെ ഡയലോഗ്‌ എന്റെ എല്ലാ ഉത്സാവും തല്ലി കെടുത്തി "ഉവ്വു, ആ പടം ഞാന്‍ ഇന്നലെ പത്രത്തില്‍ കണ്ടിരുന്നു, നിന്നു ചെലക്കാണ്ട്‌ വണ്ടീ കേറടാ" ന്നു. ഇപ്പോള്‍ ആണെങ്കില്‍ അയാള്‍ കേറടാ മോനെ ദിനേശാാ ന്നും കൂടി പറഞ്ഞേനെ..:)

എന്തായാലും ഋഷികേശില്‍ നിന്നു ഒരു കന്നാസില്‍ മുക്കി കൊണ്ടു വന്ന ഗന്‍ഗാജലം അമ്മക്കു കൊടുത്തതോടെ എന്റെ ആദ്യ വടക്കെ ഇന്ത്യന്‍ യാത്ര അവസാനിച്ചു....


സ്വന്തം
യാത്രികന്‍

അടുത്ത ലക്കം : തനിച്ചുള്ള യാത്രകള്‍...

6 അഭിപ്രായങ്ങൾ:

വിശാല മനസ്കന്‍ പറഞ്ഞു...

കലക്കന്‍ വിവരണം.

‘എന്തായാലും ഋഷികേശില്‍ നിന്നു ഒരു കന്നാസില്‍ മുക്കി കൊണ്ടു വന്ന ഗന്‍ഗാജലം അമ്മക്കു കൊടുത്തതോടെ എന്റെ ആദ്യ വടക്കെ ഇന്ത്യന്‍ യാത്ര അവസാനിച്ചു....‘

ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടല്ലേ?? വെരി ഗുഡ്. യാത്രികന്റെ ‘യാത്രാവിവരണ ബ്ലോഗിന്’ ഭാവുകങ്ങള്‍.

അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ പറയാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല! എന്നാലും അത്യാവശ്യം ചിലത് ഒന്ന് ശരിയാക്കുകയാണെങ്കില്‍ വായന കൂടുതല്‍ രസകരമാവും. ടൈമുണ്ട്. പതുക്കെ മതി.

പണിക്കന്‍ പറഞ്ഞു...

യാത്രികാ... വിവരണം കലക്കി

വായിച്ചു കഴിഞ്ഞപ്പൊ ഗംഗയില്‍ മുങ്ങി നിവര്‍ന്ന ഒരു എഫക്റ്റ്‌ (ഞാനും കയറില്‍ പിടിച്ചന്യാട്ടൊ മുങ്ങ്യേ ;) )

കൂടുതല്‍ വിവരണങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും ആയി കാതോര്‍ക്കുന്നു.

യാത്രികന്‍ പറഞ്ഞു...

വിശാലാ..
സത്യം. എന്തൊക്കേയോ മനസ്സില്‍ കിടന്നു പുളയുണ്ട്‌.എല്ലാം കൂടി ഇപ്പോ പുറത്ത്‌ ചാടും ന്നുള്ള മട്ടാണ്‌.
ശ്രദ്‌ധിക്കാം,തെറ്റുകള്‍ വരുത്താതെ എഴുതാന്‍.

പണിക്കാ..
മുറുകെ പിടിച്ചോ...
കുത്തൊഴുക്ക്‌ വരാന്‍ പോണേള്ളു..

സ്വന്തം
യാത്രികന്‍

വക്കാരിമഷ്‌ടാ പറഞ്ഞു...

യാത്രികാ, അരുത്... അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാ.. എല്ലാം കൂടി ഒരുമിച്ച് പോസ്റ്റരുത്. ഉറവ വറ്റിപ്പോകും-എന്നെപ്പോലെ. ഞാന്‍ ഈ പരിപാടി തുടങ്ങിയപ്പോള്‍ ഒരു ദിവസം തന്നെ രണ്ടും മൂന്നുമൊക്കെ പോസ്റ്റി. എന്തൊരു ആക്രാന്തമായിരുന്നു. അവസാനമെന്തു പറ്റി. ആറേഴു പോസ്റ്റിനുള്ള മരുന്നേ നമ്മുടെ കൈയ്യിലുണ്ടായിരുന്നുള്ളൂ. അതൊരു ആറേഴ് ആഴ്‌ചയെങ്കിലുമായി പോസ്റ്റിയിരുന്നെങ്കില്‍....

അതുകൊണ്ട് മരുന്നിഷ്ടം പോലെയുണ്ടെങ്കില്‍ ധൈര്യമായിട്ട് പോസ്റ്റൂന്ന്. യാത്രികന്റെ യാത്ര കണ്ടിട്ട് ഒരു നൂറ്റിയിരുപത് തൃശ്ശൂര്‍ പൂരത്തിന് ദിവസവും പൊട്ടിക്കാനുള്ളതില്‍ കൂടുതല്‍ മരുന്നുണ്ടെന്നാണ് തോന്നുന്നത്. അതുകൊണ്ട് പ്രശ്‌നമില്ല. ധൈര്യായിട്ട് പോസ്റ്റൂന്ന്.

(വിനോദം ഭാ 2 വായിച്ചില്ല കേട്ടോ. ഇതുവരെ എല്ലാം വായിച്ചു. എല്ലാം ഇഷ്ടപ്പെട്ടു. ബൈക്ക് മോഷണമൊക്കെ കിടക്കുന്നു, വായിക്കാന്‍)

യാത്രികന്‍ പറഞ്ഞു...

വക്കാരീ..

ത്രിശൂര്‍ പൂരം ന്നു പറഞ്ഞപ്പ്ലാ ഓര്‍ത്തേ....
നാട്ടില്‍ നില്‍ക്കുന്നതിന്റെ മറ്റൊരു ഗുണം...വൃശ്ചികത്തില്‍ ത്രിപ്പൂണിത്തുറ ഉത്സവത്തിനു കൊടികയറിയാ പിന്നെ ഇരിങ്ങാലക്കുട ആറാട്ട്‌ വരെ എവിട്യാ ചെണ്ട പുറത്ത്‌ കോലു വീഴണേ ന്നു നോക്കിയുള്ള ഓരോ യാത്രകള്‍..

എല്ലാം കൂടി ഞാന്‍ ഇപ്പോ പൊട്ടിച്ചു തീര്‍ക്ക്വോ ന്നു എനിക്കന്നെ സംശയം ണ്ട്‌. ന്നാലും ഓരോ ദിവസവും ഒരോ അനുഭവം അല്ലെ? പോരാത്തതിനു എന്തും തുറന്നെഴുതാന്‍ ഇതു പോലെ ഒരു മാധ്യമവും...

എന്തായാലും ഇനി കുറച്ചു ദിവസത്തെക്ക്‌ പോസ്റ്റിംഗ്‌ കുറച്ചു മറ്റുള്ളവരുടെ പുറകെ പോയാലോ ന്നാണ്‌ ചിന്ത..


സ്വന്തം
യാത്രികന്‍

ബിന്ദു പറഞ്ഞു...

അതു വക്കാരി പറഞ്ഞതു സത്യം . വക്കാരി ആക്രാന്തം പിടിച്ചെഴുതുക, ഞാന്‍ ആക്രാന്തം പിടിച്ചപ്പോള്‍ തന്നെ വായിക്കുക. അതായിരുന്നു. ഇപ്പോള്‍ തല്ലുകൊടുത്തെഴുതിക്കണം എന്നായി.
:)