ചൊവ്വാഴ്ച, ജൂൺ 13, 2006

ഒരു ബൈക്ക്‌ മോഷണം

പ്രവാസികള്‍ അറിയുന്നുണ്ടോ എന്നറിയില്ല. നാട്ടില്‍ ഇപ്പോ എന്നത്തെ പത്രം എടുത്തു നോക്കിയാലും കാണാം 2-3 ബൈക്ക്‌ മോഷണങ്ങള്‍, റോഡില്‍ കൂടി നടന്നു പോയ സ്ത്രീയുടെ മാല തട്ടിപ്പറിച്ചു എന്നൊക്കെ.വായിച്ചു വായിച്ചു എനിക്കിതൊരു പുതുമ അല്ലാതായിരുന്നു, പക്ഷെ ഒരിക്കലും ഞാന്‍ അതില്‍ ഒരു പ്രതിയാകും ന്നു കരുതിയിരുന്നില്ല. ആ അനുഭവം ആവട്ടെ അടുത്തത്‌...

കഥയല്ല ട്ടോ എന്റെ അനുഭവം ആണ്‌...

മെയ്‌ 3,2006 ബുധനാഴ്ച്ച
തിരുവല്ലയില്‍ ഒരു കല്യാണത്തിനു പോകാനായി ഞാന്‍ വെളുപ്പിനു തന്നെ എണീറ്റു. രാവിലത്തെ കലാപരിപാടികള്‍ എല്ലം കഴിച്ചു കല്യാണ സ്പെഷ്യല്‍ ആയി പതിവിലുമധികം ചുട്ടി കുത്തും പൊട്ടു കുത്തും എല്ലാം നടത്തി പുറപ്പെട്ടു.ആനവണ്ടിയില്‍ കയറി എങ്ങിനെയൊക്കെയോ തിരുവല്ലയില്‍ എത്തി സദ്യ ഉണ്ണുംബോഴും എന്റെ മനസ്സ്‌ എറണാകുളത്തായിരുന്നു. രണ്ട്‌ ദിവസം കഴിഞ്ഞു നടക്കാനിരിക്കുന്ന അമ്മാവന്റെ മകളുടെ കല്യാണം, തിരിച്ചു വന്നിട്ടു വേണം പിറ്റെ ദിവസം പുലര്‍ച്ചെ അതിനു വേണ്ട പഴം-പച്ചക്കറി-പലചരക്ക്‌-മലഞ്ചരക്ക്‌ എല്ലാ ചരക്കുകളും വാങ്ങാന്‍.സന്‌ധ്യ ആയപ്പോഴേക്കും എന്തായാലും തിരിച്ചു കുടുബത്തെത്തി.

കുളിയെല്ലാം കഴിഞ്ഞു ഒന്ന് കറങ്ങി വരാം ന്നു കരുതി ഫ്ലാറ്റിന്റെ താഴെ ചെന്നു നോക്കിയ എനിക്കു, ആട്‌ കെടന്ന സ്ഥലത്ത്‌ എന്തോ ഒന്നു പോലും ഇല്ലാന്ന് പറഞ്ഞ പോലെയായി കാര്യങ്ങള്‍. തിരിച്ചു വന്നു വീട്ടില്‍ വീണ്ടും തപ്പി,ഡൂപ്ലികേറ്റ്‌ താക്കോലും അവിടെ ഉണ്ട്‌.വണ്ടി എടുത്ത്‌ കൊണ്ട്‌ പോകാന്‍ സാധ്യതയുള്ള കൂട്ടുകാരേം വിളിച്ചു കഴിഞ്ഞപ്പോ പിന്നെ സംശയമായി, തലേ ദിവസം എവിടെയെങ്കിലും വച്ചു മറന്നുവോ? അയല്‍വാസി ഒരു ദരിദ്രവാസി ന്നൊക്കെ സിനിമാക്കാരു പറയുമെങ്കിലും നല്ലവനായ എന്റെ അയല്‍വാസിയുടെ സ്കൂട്ടറും വാങ്ങി ഒന്നു കറങ്ങി തിരിച്ചു ഫ്ലാറ്റില്‍ എത്തിയ ഞാന്‍ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി......(ഇതു വെറും സാംബിള്‍ ഞെട്ടല്‍ ആണ്‌ ന്നു അപ്പോ ഞാന്‍ മനസ്സിലാക്കിയില്ല)

"എന്റെ ബോക്സറെ ആരൊ മോഷ്ടിച്ചിരിക്കുന്നു"
(ബോക്സര്‍ പട്ടി അല്ല ട്ടോ, ബജാജിന്റെ ഒരു ബൈക്കാണ്‌)

പിന്നെ പരിഭ്രമമായി.ആദ്യത്തെ അനുഭവം അല്ലെ, എന്താ ചെയ്യണ്ടെ ഒന്നു ഒരു പിടിയും കിട്ടിയില്ല. അവസാനം അളിയന്റെയും അയല്‍വാസിയുടെയും ഉപദേശം കേട്ട്‌ ഒരു മുഴുവന്‍ പേപ്പര്‍ വാങ്ങി കഥ എഴുതി തുടങ്ങി...

"എറണാകുളം ദേശത്ത്‌, ഇന്ന കരയില്‍, ഇന്ന വില്ലേജില്‍, ഇന്ന ഫ്ലാറ്റില്‍, ഇത്രാം നംബര്‍ വീട്ടില്‍ താമസിക്കുന്ന യാത്രികന്‍ എന്ന ഞാന്‍
എറണാകുളം ജില്ലയിലെ ഇന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കീഴില്‍ വരുന്ന ഇന്ന സബ്‌ ഇന്‍സ്പെക്ടര്‍ക്ക്‌ നല്‍കുന്ന പരാതി

ബാക്കി പരാതി നിങ്ങള്‍ ഊഹിച്ചതു പോലെ തന്നെ....

അന്നു വരെ പോലീസ്‌ സ്റ്റേഷന്റെ ഗേറ്റ്‌ കടക്കാത്ത ഞാന്‍ അവസാനം അതും ചെയ്തു. ചെന്നപ്പോള്‍ മുന്‍പില്‍ പൊട്ടിച്ചാല്‍ പൊട്ടാത്ത തോക്കൊക്കെ പിടിച്ചു നില്‍ക്കണ ഏമാനോട്‌ കാര്യം പറഞ്ഞു. പ്രതീക്ഷക്കു വിരുധ്‌ധമായി "ഇരിക്കു,എസ്‌.ഐ അകത്തുണ്ട്‌. ഇപ്പോ വരും,മീറ്റിങ്ങില്‍ ആണ്‌" ന്നുള്ള സൌമ്യമായ മറുപടി.അര മണിക്കൂര്‍ കഴിഞ്ഞിട്ടും വിളി വരാത്തതില്‍ മടുത്ത്‌ ഞാന്‍ സ്റ്റേഷന്‍ മിറ്റത്ത്‌ കൂടി ഒന്നു നടക്കാം ന്നു കരുതി. 1-2 തവണ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, മൂന്നാമതു നടന്ന ഞാന്‍ വീണ്ടും ഞെട്ടി. എന്റെ ബോക്സര്‍ അതാ ഒരു മൂലക്കു ഒളിച്ചിരിക്കുന്നു. അതു കണ്ട ഞാന്‍ ഓടിച്ചെന്നു അളിയന്റെ അടുത്തേക്ക്‌. "ഏട്ടാ,ബൈക്ക്‌ ഇവിടെ ണ്ട്‌,നമുക്കു കൊണ്ടുപോകാം". രാത്രി ഏതാണ്ട്‌ 9 മണി ആയതു കാരണം അപ്പോളേക്കും തോക്ക്‌ പിടിച്ചു നിന്നിരുന്ന നല്ലവനായ പോലീസുകാരന്‍ പോയിരുന്നു. അടുത്ത, കണ്ട പോലീസുകാരനോട്‌ കാര്യം പറഞ്ഞു "സര്‍, എന്റെ മോഷണം പോയി എന്ന് കമ്പ്ലൈന്റ്‌ കൊടുക്കാന്‍ വന്ന ബൈക്ക്‌ ഇവിടെ ഇരിക്കുണ്ട്‌. ഞാന്‍ എടുത്തോട്ടെ" ന്നു. ഏതാടാ നിന്റെ ബൈക്ക്‌ എന്ന ചോദ്യത്തിനു ക്രിത്യമായി വണ്ടി നംബറും പറഞ്ഞ്‌ ഞാന്‍, വണ്ടിയും കാണിച്ചു കൊടുത്തു. അപ്പോ ദാ വരുണു അടുത്ത ഞെട്ടല്‍ "ഓഹോ, നീയാണല്ലെ ഈ വണ്ടിയുടെ ആള്‌. ഇവിടെ ഇരുന്നോ നിനക്കുള്ള കേസ്‌ ഇപ്പോ തരാം",ഇത്രയും പറഞ്ഞു ആ ദുഷ്ടനായ പോലീസുകാരന്‍ പോയി.

എന്താ കാര്യം ന്നറിയാതെ കുറച്ചു നേരം പകച്ചു നിന്ന ഞങ്ങള്‍, യൂണിഫോറം മാറി വരുന്ന മറ്റൊരു പോലീസുകാരനെ സമീപിച്ചു കാര്യം പറഞ്ഞു. "ഈ രാത്രി നിങ്ങള്‍ നിന്നിട്ട്‌ കാര്യമൊന്നുമില്ല, പോയിട്ടു രാവിലെ ഒരു 8 മണിക്കു വാ. പരാതി അപ്പോ കൊടുക്കാം" ന്നുള്ള വാക്ക്‌ കേട്ടിട്ടും പിന്നേം ഞങ്ങള്‍ കുറെ നേരം കൂടി അവിടെ ചുറ്റി പറ്റി നിന്നു. പ്രത്യേകിച്ചു ഗുണമൊന്നുമില്ല ന്നു മനസ്സിലാക്കി, ഏകദേശം 10 മണിയോടെ ഞങ്ങള്‍ തിരിച്ചു പോന്നു.

ആരോടും ഒന്നും പറഞ്ഞില്ല, വിശപ്പില്ല ന്ന് പറഞ്ഞു ഞാന്‍ എന്റെ മുറിയില്‍ കയറി വാതിലടച്ചു. എപ്പോഴും എന്റെ സന്തത സഹചാരിയായ രാജാവിനെ (എന്ന് വെച്ചാല്‍ ഗോല്‍ഡ്‌ ഫ്ലേക്ക്‌ കിംഗ്‌ സൈസ്‌) കൂട്ട്‌ പിടിച്ചു. എന്താ ബൈക്ക്‌ അവിടെ ഇരിക്കണെ ന്നു ആലോചിച്ചു ടെന്‍ഷന്‍ ആയി തുടങ്ങി. 11 മണി ആയപ്പോള്‍ തലയില്‍ ഒരു ബള്‍ബ്‌ കത്തി, ഏട്ടന്റെ കൂട്ടുകാരന്‍ ഒരാള്‍ എസ്‌.ഐ ഉണ്ടല്ലോ,അയാളെ വിളിച്ചു കാര്യം പറയാം ന്നു. നംബര്‍ തപ്പിയെടുത്ത്‌ വിളിച്ചു പറഞ്ഞു "ഇതൊക്കെ ആണ്‌ കാര്യം, എന്തിനാ ബൈക്ക്‌ പിടിച്ചു വച്ചിരിക്കണെ ന്നുള്ള വിവരം അന്വേഷിച്ചു ഇന്നന്നെ എനിക്കു വിവരം തരണം". നല്ലവനായ ആ സുഹ്രുത്ത്‌ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തിരിച്ചു വിളിച്ചു.....


(ഒരു ഷോര്‍ട്ട്‌ ബ്രേക്ക്‌, ബാക്കി കുറച്ചു മണിക്കൂര്‍ കഴിഞ്ഞു ഇവിടെ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും)

സ്വന്തം
യാത്രികന്‍

4 അഭിപ്രായങ്ങൾ:

ബിന്ദു പറഞ്ഞു...

ഊഹം കിട്ടി :) എന്നാലും പെട്ടെന്നു തന്നെ ബാക്കി ഇടൂ, മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാതെ. :)

തണുപ്പന്‍ പറഞ്ഞു...

ആകാംക്ഷയോടെ കാത്തിരിക്കുക,ബൂലോഗത്ത് പുതിയ സീരിയല്‍.

ശ്രീജിത്ത്‌ കെ പറഞ്ഞു...

യാത്രികനും തുടങ്ങിയോ സീരിയല്‍. ശ്ശെഡാ, ഇപ്പൊ ഈ നാട്ടില്‍ തുടര്‍ക്കഥകള്‍ക്കാണാല്ലോ ഡിമാന്റ്.

കഥ നന്നായി വരുന്നുണ്ട് കേട്ടോ. ബൈക്കിനെന്തായെന്നും, എന്ത് കേസാണ് വരാന്‍ പോകുന്നതെന്നും അറിയാന്‍ കാത്തിരിക്കുന്നു.

ബിജു വര്‍മ്മ പറഞ്ഞു...

yes i am anxious too, how did u become the thief ?

(pardon my english, thanks to win98)