ബുധനാഴ്‌ച, ജൂൺ 14, 2006

മോഷണത്തിനു ശേഷം..

നംബര്‍ തപ്പിയെടുത്ത്‌ വിളിച്ചു പറഞ്ഞു "ഇതൊക്കെ ആണ്‌ കാര്യം, എന്തിനാ ബൈക്ക്‌ പിടിച്ചു വച്ചിരിക്കണെ ന്നുള്ള വിവരം അന്വേഷിച്ചു ഇന്നന്നെ എനിക്കു വിവരം തരണം". നല്ലവനായ ആ സുഹ്രുത്ത്‌ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തിരിച്ചു വിളിച്ചു.....

ഒരു സംഭാഷണ രൂപത്തില്‍ തന്നെ ആവട്ടെ..

അവന്‍:ടാ, വിവരങ്ങള്‍ ഒക്കെ അറിഞ്ഞിട്ട്ണ്ട്‌
ഞാന്‍:ഉവ്വോ,എന്താ കാര്യം?എന്റെ വണ്ടി കിട്ടില്ല്യെ?
അവന്‍:നീ എന്നാടാ പിടിചു പറി തുടങ്ങ്യേ?
ഞാന്‍:പിടിച്ചു പറിയോ?നീ എന്തൊക്കെയാ ഈ ചോദിക്കണെ?
അവന്‍:നിന്റെ വണ്ടി കട്ടവന്‍ നിനക്ക്‌ വേറൊരു കട്ടപാര കൂടി പണിതിട്ട്ണ്ട്‌. നിന്റെ വണ്ടി കൊണ്ട്‌ കറങ്ങി നടന്നു, റോഡിലൂടെ പോയ 2 സ്ത്രീകളുടെ മാല അവന്‍ തട്ടി പറിച്ചിട്ടുണ്ട്‌.വണ്ടി നിന്റെ പേരിലും, നീ ഇതു വരെ അതു മോഷണം പോയി ന്ന് പരാതി കൊടുക്കാത്തതു കൊണ്ടും നീയും ആ കേസിലൊരു പ്രതിയാണ്‌..

പിന്നെയും അവന്‍ എന്തോക്കെയൊ പറഞ്ഞു. പക്ഷെ അതൊന്നും ഞാന്‍ കേട്ടില്ല. മോങ്ങാന്‍ ഇരുന്നവന്റെ തലയില്‍ തേങ്ങാ വീണു ന്നു പറഞ്ഞ പോലെ ആയി കാര്യങ്ങള്‍.

മെയ്‌ മാസത്തിലും ശിവരാത്രി വരും ന്നു അന്നെനിക്കുറപ്പായി. നേരം പാതിരാത്രിയായിരുന്നു, ഞാന്‍ ഇരുന്നും,നടന്നും,കിടന്നും ഒക്കെ നോക്കി. നോ രക്ഷ, ഉറക്കം വരുന്നില്ല ന്നുള്ളതു പോട്ടെ, കവി പാടിയ പോലെ "സുന്ദര സ്വപ്നമേ നീയെനിക്കേകിയ....", സുന്ദരമായ സ്വപ്നങ്ങള്‍ (അതോ ചിന്തകളോ??) കൊണ്ട്‌ മനസ്സു നിറഞ്ഞു..

രാത്രി ഒരു ഇടി വണ്ടി വന്നെന്നെ പൊക്കി കൊണ്ടു പോകുന്നതും, പോലീസ്‌ സ്റ്റേഷനിലെ സ്പെഷ്യല്‍ യൂണിഫോറം ഇട്ടു നില്‍ക്കുന്നതും, ഇല്ലാത്ത കസേരയില്‍ ഇരിക്കുന്നതും, അവസാനം എതോ ഇരുട്ടു മുറിയുടെ കംബികളില്‍ 1,2,3,4....4,3,2,1 എണ്ണി പഠിക്കുന്നതും എല്ലാം ഞാന്‍ കണ്ടു.

അസമയം ആയതു കൊണ്ട്‌ വേറെ ആരെയും വിളിക്കാനോ എല്ലാം ഒന്നു സംസാരിക്കാനോ എനിക്കു കഴിഞ്ഞില്ല. സൂര്യേട്ടനെ പുറത്തെക്ക്‌ കണ്ട ഉടനെ ഞാന്‍ അടുത്ത സുഹ്രുത്തായ പരിയനെ വിളിച്ചുണര്‍ത്തി, 4 ചീത്ത പറഞ്ഞു, "നീയൊക്കെ സുഖായിട്ട്‌ കിടന്നൊറങ്ങിക്കോ.ഇവിടെ മനുഷ്യന്‍ എപ്പ്ലാ പോലീസ്‌ പിടിക്കണെ ന്നുള്ള പേടിയില്‍ ഉറങ്ങിയിട്ടില്ല". എന്തായാലും ഒരാളോട്‌ കുറച്ചു മനസ്സ്‌ തുറന്നു സംസാരിച്ചപ്പോള്‍ കുറച്ചൊരു ആശ്വാസം തോന്നി.7 മണി കഴിഞ്ഞപ്പോള്‍ 'അവനെ',ന്നു പറഞ്ഞാല്‍ കൂട്ടുകാരന്‍ എസ്‌.ഐയെ വീണ്ടും വിളിച്ചു...

ഞാന്‍:ഇനിയിപ്പോ എന്താ ചെയ്യണ്ടേ?
അവന്‍:ഇനിയെന്തു ചെയ്യാന്‍, എല്ലാം ഞാന്‍ ഇന്നലെ പറഞ്ഞു തന്നതല്ലേ.പിന്നെന്താ പ്പോ നിനക്കൊരു സംശയം?
ഞാന്‍:ഇന്നലെ എന്തു പറഞ്ഞു ന്ന്?അതൊന്നും ഞാന്‍ കേട്ടില്ല. ഞാന്‍ വെറൊരു ലോകത്തായിരുന്നു...
അവന്‍:ആ, നീ എന്തായാലും രാവിലെ സ്റ്റേഷനിലെക്കു ചെല്ല്.ഒറ്റക്കു പോകരുത്‌,എസ്‌.ഐ അല്ലെങ്കില്‍ സി.ഐ യെ മാത്രെ കാണാവൂ. പി.സി കളെ കാണരുത്‌ അവരു ചെലപ്പോ ഒന്ന് തൊട്ടു ന്നൊക്കെ ഇരിക്കും. നോക്കട്ടെ, പറ്റിയാല്‍ ഞാന്‍ എന്റെ സി.ഐ യെ കൊണ്ട്‌ അവിടത്തെ സി.ഐയെ വിളിച്ചു പറയിക്കാം.

ഇതും കൂടി കേട്ടപ്പോള്‍ രാവിലെ സ്റ്റേഷനില്‍ പോകാനായി കരുതി വച്ചിരുന്ന ധൈര്യം കൂടി ആവിയാപ്പോയി. കാരണം അതു വരെ ആരും എന്നെ തലോടിയതായി എന്റെ ഓര്‍മ്മയില്‍ ഇല്ല. പക്ഷെ പോകാതെയും പറ്റില്ല. ഓരോരുത്തരുടെയായി നംബര്‍ കുത്താന്‍ തുടങ്ങി. എന്റെ റ്റൈം ബെസ്റ്റ്‌ റ്റൈം ആയതു കൊണ്ട്‌ അന്നത്തെ ദിവസം സ്റ്റേഷനിലേക്ക്‌ പോകാന്‍ ഒരാളേം കിട്ടീല്ല. കിട്ടിയ ധൈര്യം പെറുക്കി കൂട്ടി, പോയി. അവിടെ ചെന്ന് കാര്യമൊന്നും പറഞ്ഞില്ല, സി.ഐ യെ കാണണം ന്നു മാത്രം പറഞ്ഞു.

അപ്പോ ദാ വരുണൂ, ഇന്നലത്തെ നല്ലവനായ തോക്കേന്തിയ പോലീസുകാരന്‍. സി.ഐ പട്രോളിംഗ്‌ നടത്തുംബോള്‍ പിടിച്ച വണ്ടിയാണു, സാറ്‌ വന്നാല്‍ തന്നെയേ കിട്ടൂ, താന്‍ ആരോടും ഒന്നും പറയണ്ട ഇവിടെ ഇരുന്നോളു ന്നുള്ള നല്ല വാക്കൊക്കെ അയാള്‍ പറഞ്ഞു. പക്ഷെ വേറെ ഏമാന്മാരു വന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കര്യങ്ങളൊക്കെ പറഞ്ഞു പോയി. പിന്നെയല്ലെ മനസ്സിലായി തുടങ്ങ്യെ, കേരള പോലീസിന്‍ ഒരു തനി ഭാഷ ണ്ട്‌, അതാണ്‌ ഭാഷ ന്ന്. എന്റെ ഭാഗ്യത്തിനു ആരും എന്നെ തലോടിയില്ല കാരണം തൊട്ടാല്‍ വിവരം അറിഞ്ഞേനെ.."പോലീസ്‌ സ്റ്റേഷനില്‍ മരണം" ന്നു നാലാം പേജ്‌ ആറാം കോളത്തില്‍ വാര്‍ത്ത വന്നേനെ...അത്രക്ക്ണ്ട്‌ എന്റെ അരോഗ്യോം ശരീരോം....

എന്തായാലും അവരുടെ നല്ല നല്ല വാക്കുകളും, പുതിയ ഭാഷയും എല്ലാം കേട്ടു ഞാന്‍ അവിടെ നിന്നു. 2 മണിക്കൂര്‍ കഴിഞ്ഞപ്പോളെക്കും കയ്യിലെ നഖങ്ങളൊക്കെ ഒരു വിധം ഞാന്‍ തിന്നു തീര്‍ത്തു. ജീപ്പ്പും കൊണ്ട്‌ കറങ്ങി നടന്നിരുന്ന സി.ഐ ഉച്ചയോടെ തിരിച്ചെത്തി. അദ്‌ധേഹത്തിനെ കണ്ടതും എനിക്ക്‌ ഒരാശ്വാസമായി, ഒന്നൂല്ല്യ ച്ചാലും 'അവന്‍' വിളിച്ചു പറഞ്ഞിട്ടുണ്ടല്ലോ.

എന്റെ പോലീസുകാരെ പറ്റിയുള്ള്‌ എല്ലാ ധാരണകളും ആ സി.ഐ മാറ്റി മറിച്ചു.അതു വരെ ടാ,പോടാ വിളി കേട്ടിരുന്ന് മടുത്ത എനിക്ക്‌ "താന്‍ എന്തിനാ നില്‍ക്കണെ,അകത്ത്‌ വന്നിരിക്കൂ" ന്നു കേട്ടപ്പോ തന്നെ വല്ലാത്ത ഒരു ആശ്വാസം തോന്നി. ഇരുന്ന ഉടനെ പുള്ളി കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു..."ഓ, അപ്പോ താന്‍ ആണല്ലെ ചെങ്ങന്നൂര്‍ സി.ഐയെ കൊണ്ട്‌ വിളിപ്പിച്ചു എന്റെ ഉറക്കം കളഞ്ഞേ" ന്നു ഒരു തമാശ കൂടി കേട്ടതോടെ ഒരു സന്തോഷം തോന്നി.അറിയാതെ ഞാന്‍ കരഞ്ഞു തുടങ്ങി..

അത്രേം നേരം പിടിച്ചു വച്ചിരുന്ന ആരോടൊക്കെയോ ഉള്ള ദ്വേഷ്യോം, സങ്കടോം, ഒരു ദിവസം പോലീസ്‌ സ്റ്റേഷനില്‍ നിന്നതിന്റെ അപ്പോളത്തെ മാനസികാവസ്ഥേം എല്ലാം എന്നെ കൊണ്ട്‌ അറിയാതെ പറ്റിച്ചതാണ്‌. ഞാന്‍ സി.ഐ യോട്‌ പറഞ്ഞു "സാര്‍, എനിക്ക്‌ വണ്ടി കിട്ടീല്ലെങ്കിലും സാരല്ല്യ, എങ്ങിനെയെങ്കിലും സാറെന്നെ ഈ കേസിന്നു ഊരി തരണം". എന്റെ ഭാവം കണ്ട്‌ പുള്ളിക്ക്‌ ചിരി ആയിരുന്നു.ചിരിച്ചെങ്കിലും പക്ഷെ പുള്ളി തന്നെ എല്ലാത്തിനും പരിഹാരം പറഞ്ഞു തന്നു :"ടോ, താന്‍ കരയാണ്ടിരിക്ക്‌. ന്നിട്ട്‌ ഒരു കാര്യം ചെയ്യ്‌. ഒരു 3-4 ദിവസം മുന്‍പില്‍ത്തെ ഡേറ്റ്‌ ഇട്ട്‌ വണ്ടി മോഷണം പോയി ന്നുള്ള ഒരു കമ്പ്ലൈന്റ്‌ എഴുതി തരൂ. എന്നിട്ട്‌ ഇന്നത്തെ ഡേറ്റില്‍ അതു പോലീസുകാര്‍ കണ്ട്‌ പിടിച്ചു, ഞാന്‍ അതു കൈപറ്റിയിരിക്കുന്നു എന്നൊരു കച്ചീട്ടും എഴുതി തരൂ. ബാക്കി ഒന്നും പ്രശ്നം ഇല്ല. ധൈര്യായിട്ട്‌ ഇരുന്നോളൂ"

പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഞാന്‍ ഓടുന്നു, പേപ്പര്‍ വാങ്ങുന്നു,എഴുതുന്നു, കൊടുക്കുന്നു എല്ലാം പെട്ടന്നു കഴിഞ്ഞു. ഒരു എസ്‌.ഐ യെ വിളിച്ചു, എന്റെ കയ്യില്‍ ഉള്ള ഒറിജിനല്‍ ബുക്കും പേപ്പറും വാങ്ങി നോക്കിയിട്ട്‌ വണ്ടി റിലീസ്‌ ചെയ്തു കൊടുക്കാന്‍ പറഞ്ഞു അദ്‌ധേഹം പോയി. നേരിട്ട്‌ പറഞ്ഞില്ലെങ്കിലും ഞാന്‍ മനസ്സില്‍ പറഞ്ഞു "നന്ദിയുണ്ട്‌,സി.ഐ, നന്ദി". ഒറിജിനല്‍ എല്ലാം പരിശോധിക്കന്‍ കൂടെ വന്ന സുഗതന്‍ എസ്‌.ഐ ചോദിച്ചു "എവിടെയാടാ ഇതിന്റെ എന്‍ജിന്‍ നംബര്‍" ന്നു.സത്യം പറഞ്ഞാല്‍ അന്നു വരെ ഞാന്‍ അങ്ങിനെ ഒരു നംബര്‍ ണ്ട്‌ ന്നു കേട്ടിട്ടുള്ളതല്ലാതെ, എന്റെ വണ്ടിയില്‍ അതെവിടെയാണ്‌ ന്ന് നോക്ക്യെര്‍ന്നില്ല. അവസാനം ബോക്സറെ തിരിച്ചും, മറച്ചും, ചെരിച്ചും,കിടത്തിയും എല്ലാം നോക്കി കണ്ടുപിടിച്ചു. ആരും കാണരുതു ന്നു പറഞ്ഞു പിടിപ്പിച്ചതു പോലെ വണ്ടിയുടെ അടിയില്‍. അതും നോക്കി ഉറപ്പു വരുത്തി ശെരി ന്ന് പറഞ്ഞ്‌ സുഗതന്‍ എസ്‌.ഐ പോയതോടെ ഞാന്‍ വണ്ടിയില്‍ കയറി, ഒറ്റ കിക്കെ അടിച്ചുള്ളു, വീണ്ടും ഞെട്ടി: "ആരു പറഞ്ഞിട്ടാടാ വണ്ടി കൊണ്ട്‌ പോണെ, ഇതെന്താ പാര്‍ക്കിംഗ്‌ ഗ്രൌണ്ടോ. അവിടെ ച്ചെന്ന് ഏഡ്‌ കാണ്‍സ്റ്റബിളിനെ കണ്ടിട്ട്‌ പോടാ".

വീണ്ടും ആ നരകത്തിന്റെ ഉള്ളില്‍ ചെന്ന് നില്‍പ്പായി. അത്രേം നേരന്‍ എന്നോട്‌ വളരെ 'മാന്യമായി' സംസാരിച്ചിരുന്ന ആ ഏമാന്‍ അപ്പോ എന്നെ കണ്ടിട്ട്‌ ആലുവാ മണപ്പുറത്ത്‌ കണ്ട പരിചയം പോലും കാണിച്ചില്ല. കുറെ നേരം അവിടെ തന്നെ നിന്ന എന്റെ അടുത്തു ഒരു പി.സി വന്ന് പറഞ്ഞു "നീ ഇവിടെ ഇങ്ങനെ നിന്നാല്‍ ഒന്നും നടക്കില്ല, എന്തെങ്കിലും ഒക്കെ കൊടുത്ത്‌ സ്ഥലം കാലിയാക്കാന്‍ നോക്ക്‌" ന്ന്. എന്തിനാ അവര്‍ക്കു വല്ലതും കൊടുക്കണെ ന്നൊ, എന്റെ കുറ്റം എന്താന്നോ ഒന്നും ഞാന്‍ ചിന്തിച്ചില്ല.കല്യാണ വീട്ടില്‍ എത്തി കഴിഞ്ഞിരുന്നു എന്റെ മനസ്സ്‌, പോരാത്തതിനു വല്ലാതെ മടുക്കുകയും ചെയ്തിരുന്നു, എങ്ങിനെയെങ്കിലും അവിട്ന്നു ഒന്ന് പോരാന്‍ ഉള്ള ധ്രിതിയില്‍ ആയിരുന്നു.

തല ചൊറിഞ്ഞും, കാശില്ല ന്നു പറഞ്ഞു പോക്കറ്റ്‌ കാണിച്ചും നിന്ന എന്റെ കയ്യിന്ന് അഞ്ഞൂറ്‌ രൂപ വാങ്ങിച്ചിട്ടേ എന്നെ വിട്ടുള്ളു. തോമസു കുട്ടി വിട്ടോടാ ന്നു കേട്ട്‌ മുങ്ങണ പോലേ, കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ അവിടന്ന് വണ്ടിയും കൊണ്ട്‌ മുങ്ങി, പൊങ്ങിയതു അമ്മാവന്റെ വീട്ടില്‍. രണ്ട്‌ ദിവസം കഴിഞ്ഞ്‌ നാട്ടില്‍ തിരിച്ചെത്തിയ എന്നെയും കാത്ത്‌ മറ്റൊരു ഞെട്ടിക്കുന്ന സത്യം കാത്തിരിക്കുന്നുണ്ടായിരുന്നു. കുറച്ചു നാളുകള്‍ക്കെങ്കിലും എന്റെ പേരു മാറ്റപെട്ടിരിക്കുന്നു, കാരണം പിന്‍വിളികള്‍ കേട്ടു തുടങ്ങി എന്നു വച്ചാല്‍ പിന്നില്‍ നിന്നു ആരൊക്കെയോ വിളിച്ചു തുടങ്ങി ന്നു.....

"മാലേ, പൂയ്‌...മാലേ...."


സ്വന്തം
യാത്രികന്‍

നോട്ട്‌ : ഈ അനുഭത്തില്‍ ഞാന്‍ എത്ര പ്രാവശ്യം ഞെട്ടി ന്ന് കൃത്യമായി ഉത്തരം പറയുന്നവര്‍ക്ക്‌ ഒരു സമ്മാനം നല്‍കുന്നതായിരിക്കും....;)

5 അഭിപ്രായങ്ങൾ:

കലേഷ്‌ കുമാര്‍ പറഞ്ഞു...

യാത്രികാ, നന്നായിട്ടുണ്ട് !
ഇത് വായിച്ചപ്പം ഈ അടുത്തകാലത്ത് പോലീസ് സ്റ്റേഷനിലൊന്ന് (ഇടപ്പള്ളി ട്രാഫിക്ക് പോലീസ് സ്റ്റേഷന്‍) കയറേണ്ടി വന്ന കാര്യം ഓര്‍ത്തു. വൃത്താന്വേഷകനെ (അങ്ങനെ ആരോ എഴുതിക്കണ്ടല്ലോ ബൂലോഗത്തില്‍ - ആരാ അത്? ക്രെഡിറ്റ് ആരായാലും അദ്ദേഹത്തിന്)നമ്മുടെ കുമാ‍ര്‍ ഭായിയുടെ നല്ലമനസ്സുകൊണ്ട് കേരള പോലീസിലെ ഒരു വന്‍ പുലി മൊബൈലില്‍ അപ്പഴ് തന്നെ വിളിച്ചിരുന്നു. വിളി വന്നില്ലായിരുന്നേല്‍ വാദി പ്രതിയായേനെ! പിറ്റേ ദിവസം ആക്സിഡന്റ് റിപ്പോര്‍ട്ട് (ജി.ഡി. എക്സ്ട്രാക്റ്റ്) മേടിക്കാന്‍ ചെന്നപ്പം സി.ഐ ഇല്ലാ‍യിരുന്നു. 4-5 മണിക്കൂര്‍ കാത്തിട്ടും സി.ഐ വന്നില്ല. പുള്ളി വരുന്നത് കാത്ത് നില്‍ക്കാന്‍ സമയമില്ലായിരുന്നതുകൊണ്ട് , മുറപ്രകാരം കാണിക്കയിടേണ്ടിവന്നു അതൊന്ന് ഒപ്പിട്ടുകിട്ടാന്‍!

സാക്ഷി പറഞ്ഞു...

നന്നായിട്ടുണ്ട് യാത്രികാ. യാത്രകള്‍ തുടരട്ടെ. മംഗളങ്ങള്‍.

യാത്രികന്‍ പറഞ്ഞു...

കലേഷ്‌ ഭായ്‌

എഴുതി തീര്‍ക്കാന്‍ ഉള്ള തത്രപാടില്‍ ഒരു കാര്യം വിട്ടു, ഞാന്‍ എങ്ങിനെയാണ്‌ പ്രതിയായത്‌ ന്നു. അതിന്റെ രത്നച്ചുരുക്കം ഇങ്ങിനെ ...

ഞാനാണ്‌ സംഘത്തലവന്‍. വണ്ടിയും കൊടുത്ത്‌, പിടിച്ചു പറിക്കു ആളെ പറഞ്ഞു വിടല്‍ ആണെന്റെ ജോലി. എന്തോ നിര്‍ഭാഗ്യത്തിന്‌ 'കള്ളനെ' പിടിച്ചപ്പോള്‍ ആ കേസില്‍ നിന്ന് രക്ഷപെടാന്‍, വണ്ടി മോഷണം പോയി ന്നുള്ള കള്ള കേസുമായി ഇറങ്ങിയിരിക്കുന്നു.

നമ്മുടെ പുറകില്‍ ഒരാളില്ലാതെ അവിടെയെങ്ങാനും ചെന്ന് പെട്ടാല്‍, പിന്നൊന്നും പറയാതിരിക്കയിരിക്കും ഭേദം. നമ്മളാണ്‌ സുകുമാരകുറുപ്പ്‌ ന്ന് വരെ കേസു വന്നു ന്നിരിക്കും.

സാക്ഷി :)

നന്ദി...
യാത്രകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. ഒരു യാത്രയുടെ അവസാനം മറ്റൊന്നിനു തുടക്കം എന്നു വിശ്വസിക്കാന്‍ ഇഷ്ടപെടുന്നവന്‍ ആണ്‌ ഈ ചെറിയ യാത്രികന്‍...

യാത്രികന്‍

::പുല്ലൂരാൻ:: പറഞ്ഞു...

nannayirikkunnu...

::പുല്ലൂരാൻ:: പറഞ്ഞു...

yaathrikan aaaraannu ippolaa manassilaayathu... bindu oppol paranjappo.. njaan profile nokkithum illa.. email id kandappo manassilaayi ttoo...

blog thutangiya vivaram arinjindaayirunnillya...