ബുധനാഴ്‌ച, ജൂൺ 28, 2006

ശ്ശോ..ഇങ്ങിനെയും ഒരു ദിവസം..

എന്തൊക്കെയോ കുത്തികുറിച്ചും വായിച്ചും ഇരുന്നു സമയം പോയതറിഞ്ഞില്ല. എത്ര മണിക്കാണ്‌ ഞാന്‍ അറിയാതെ ഉറങ്ങി പോയതെന്നും അറിയില്ല. എന്തായാലും നല്ലവനായ ഒരു കൂട്ടുകാരന്റെ ഗുഡ്‌ മോര്‍ണിംഗ്‌ എസ്‌.എം.എസ്‌ വെളുപ്പാന്‍ കാലത്ത്‌ 3 മണിക്കു വരുംബോള്‍ ഉങ്ങിയിട്ടില്ല.

എന്തോ ഒച്ച കേട്ട്‌ കണ്ണു തുറന്നു നോക്കുംബോള്‍ ക്ലോക്ക്‌ എന്നെ നോക്കി ഇളിച്ചു, സമയം 7.30. ഒരു 4-5 കയ്യും കാലും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോയി. ഒരു ഗ്ലാസ്‌ കാപ്പിയും കുടിച്ചു ബൈക്ക്‌ എടുത്തു (അതെ, സംശയിക്കണ്ട അന്നു ഞാന്‍ മാല തട്ടിപ്പറിക്കാന്‍ ഉപയോഗിച്ച അതേ ബൈക്ക്‌ തന്നെയാണ്‌) പാഞ്ഞു. അധികം പായേണ്ടി വന്നില്ല,അതിനു മുന്‍പു വണ്ടി പാളി....

4 കൊല്ലം ആയിട്ട്‌ വരാത്ത പഞ്ചര്‍ നല്ല ദിവസം നോക്കി തന്നെ വന്നു. ഇപ്പോ പിന്നെ ഈ കൊണ്ട്‌ നടക്കാവുന്ന ചെറിയ ഫോണ്‍ കയ്യിലുള്ളതു കാരണം വര്‍ക്ക്ഷോപ്പുകാരനെ ഞെക്കി വിളിച്ചു വരുത്തി. നോക്കിയപ്പോ പഞ്ചര്‍ അല്ല, ട്യൂബ്‌ തന്നെ മാറണം. കിട്ടിയ മുച്ചക്രത്തിനു കയറി അതു വാങ്ങി എല്ലാം മാറി കഴിഞ്ഞപ്പോ ഒരു മണിക്കൂറു പോയി കിട്ടി.

ഓഫീസില്‍ എത്തി കിട്ടാനുള്ളതെല്ലാം വാങ്ങി പോക്കറ്റില്‍ വച്ചു, സാധാരണ പോലെ പണി എല്ലാം തീര്‍ത്ത്‌ 5.30 ഇറങ്ങി. വരാന്‍ ഉള്ളതു വഴീല്‍ കാത്തു നില്‍ക്കും ന്നു പറഞ്ഞ പോലെ, കുറച്ചു നേരം ഓടി കഴിഞ്ഞപ്പോ വണ്ടിക്കു ഒരു തുമ്മല്‍..1,2,3..ഇനി വയ്യ ന്നു പറഞ്ഞ്‌ അവന്‍ അവിടെ കെടപ്പായി ...

സിനിമയില്‍ കാണുന്നതു പോലെ തള്ള വിരലു പൊക്കിപിടിച്ചു "എച്ചൂസ്‌ മി, ഒരു ലിഫ്റ്റ്‌" ന്ന്‌ ഞാന്‍ പറഞ്ഞതല്ലാതെ ആരും വണ്ടി നിര്‍ത്തണ ലക്ഷണം കണ്ടില്ല. 10-15 മിനിട്ട്‌ നടന്നാല്‍ ഒരു വര്‍ക്ക്ഷോപ്പ്‌ ഉണ്ടെന്ന് അറിയാവുന്നതു കാരണം നടന്നു. പണി പഠിക്കാന്‍ നില്‍ക്കണ പയ്യനേം കൂട്ടി വരുംബോള്‍ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു വണ്ടി ശെരിയാവും ന്ന്. പക്ഷെ അവന്‍ മിടുക്കന്‍, വന്ന ഉടനെ സ്പാര്‍ക്ക്‌ പ്ലഗ്‌ ഊരി റോഡില്‍ ഒന്ന് ഉരച്ചു, കിക്ക്‌ അടിച്ചു.... ദേ, വണ്ടി സ്റ്റാര്‍ട്ട്‌. എടുത്ത സാധനം എടുത്ത സ്ഥലത്ത്‌ വക്കണം ന്നു പറയാറുള്ളതു പോലെ അവനെ തിരിച്ചു വര്‍ക്ക്ഷോപ്പില്‍ ഇറക്കിയപ്പോള്‍ സമയം 6.30.

ഒരു കിലോമീറ്റര്‍ പോന്നില്ല, അവന്‍ പിന്നേം പാളി. ഇത്തവണ അടുത്ത്‌ ടയര്‍ ആണ്‌ ന്നു മാത്രം. തിരിച്ചു പോയി, അതെ പയ്യനെ വിളിച്ചപ്പോ അവനൊരു സംശയം, സ്പാര്‍ക്കന്‍ പിന്നെം പണി തന്നോ ന്ന്‌. ഇത്തവണ എന്തായാലും ഒരു ഒട്ടിക്കലില്‍ തീര്‍ന്നു എല്ലാം. അപ്പോഴും അര മണിക്കൂര്‍ എന്നെ കൈവിട്ടു.

സാധാരണ വണ്ടി ഓടിക്കുംബോള്‍ ചെറിയ ഫോണ്‍ അടിച്ചാല്‍ ഞാന്‍ കേട്ട ഭാവം നടിക്കാറില്ല. ഇന്നെന്റെ നല്ല ബുദ്ധി കൊണ്ട്‌, മണി അടി കേട്ടതും ഞാന്‍ പോക്കറ്റിന്ന് അവനെ എടുത്തു. പക്ഷെ അവനെ ചെവിയിലേക്ക്‌ വക്കാന്‍ പറ്റിയില്ല, അതിനു മുന്‍പ്‌ കൂട്ടുകാരന്‍ കയ്യു കാണിച്ചു, ഇവനാരെടാ ന്നുള്ള മട്ടില്‍.

"സാറെ ഞാന്‍ സംസാരിച്ചില്ല, ആരാന്നു നോക്ക്യെ ള്ളു" ന്നു പറയണ്ട താമസം, "ആ ജീപ്പ്പില്‍ എസ്‌.ഐ ഉണ്ട്‌,എല്ലാം അവിടെ പറഞ്ഞാല്‍ മതി. ബുക്കും പേപ്പറും ഒക്കെ ഉണ്ടെകില്‍ പോയാല്‍ മതി" ന്നൊരു ഭീഷണിയും. ബോക്സ്‌ തുറന്നു ബുക്ക്‌ നോക്കിയപ്പോള്‍, ഇന്‍ഷുറന്‍സ്‌ തീര്‍ന്നിട്ട്‌ കൃത്യം ഒരു മാസം....:(

ജീപ്പിന്റെ അടുത്ത്‌ ചെന്ന് തല ചൊറിഞ്ഞു നിന്നപ്പോ എസ്‌.ഐ യുടെ ചോദ്യം "എന്താടാ ഒരു പരുങ്ങല്‌, പേപ്പറില്ലേ". ഇന്‍ഷുറന്‍സ്‌ കഴിഞ്ഞതറിഞ്ഞില്ല സാറെ ന്നു പറഞ്ഞപ്പോള്‍, ന്നാ ഒരു 500 മണീസ്‌ ഫൈന്‍ അടച്ചിട്ട്‌ സ്ഥലം വിട്ടോ ന്നു പറഞ്ഞപ്പോ ദേ വരുണൂ അടുത്ത കുരിശ്‌ "പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടോടാ" ന്ന്. ഏയ്‌, ഞാന്‍ ആ ട്ടൈപ്പൊന്നും അല്ല എന്നുള്ള്‌ മട്ടില്‍ ഒന്നിളിച്ചു കാണിച്ചു. അതിനും കിട്ടി 500 രൂപ. ആയിരം രൂപ പോയി ന്ന് കരുതി നില്‍ക്കുംബോള്‍ ആണ്‌ ആദ്യം കണ്ട കൂട്ടുകാരന്‍ ഓടി വന്നത്‌...

"സാറെ അവന്റെ, ഇടത്തെ കയ്യില്‍ മറ്റെ സാധനം ഉണ്ടായിരുന്നു"
എല്ലാം നശിപ്പിച്ചു.. എനിക്കിട്ട വില എല്ലാം കൂടി ഒറ്റയടിക്കു 5000 ആയി. മാസം അവസാനം ആണ്‌ കയ്യില്‍ ആകെ 300 രൂപയെ ഉള്ളു, പട്ടിണി ആണ്‌ ന്നൊക്കെ കുറെ കണ്ണീരു കാണിച്ചപ്പോള്‍ "ഒരു കാര്യം ചെയ്യ്‌, 250 തന്നിട്ടു പൊയ്ക്കോ, രസീത്‌ ഒന്നും തരില്ല".

രസീതൊന്നും വേണ്ട സാറെ ന്നു പറഞ്ഞു പഴ്സ്‌ തുറന്നപ്പോ എന്റെ സകല പ്രതീക്ഷയും അസ്തമിച്ചു, ഒരു 500 ന്റെ നോട്ട്‌ മാത്രെ അതിലുള്ളു. എന്റെ വില പിന്നേം കൂടി, ഇത്തവണ നുണ പറഞ്ഞതിനും കൂടി കൂട്ടി. എന്റെ ഗാന്ധിയെ അവര്‍ക്ക്‌ കൊടുത്തു ഒരു വിധം തലയൂരി വന്നു.

ആകെ ഭ്രാന്ത്‌ പിടിച്ചാണു വീട്ടില്‍ വന്നു കയറിയത്‌. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നേരെ ന്നു കരുതി, "അമ്മേ, കാപ്പി" ന്നു പറഞ്ഞില്ല, അപ്പോ കിട്ടി മറുപടി "ഈ രാത്രി 8 മണിക്കല്ലെ കാപ്പി, പാലൊക്കെ തീര്‍ന്നു" ന്നു...

ആരെയൊക്കേയോ പ്രാകികൊണ്ട്‌ ഉറങ്ങാന്‍ കിടക്കുംബോഴും മനസ്സില്‍ ആരുടേയോ വാക്കുക്കള്‍ കയറി വന്നു ....

"ഇതൊന്നുമല്ല എല്ലാം വരാന്‍ പോകുന്നതെ ഉള്ളു, ഒന്നും വഴിയില്‍ തങ്ങില്ല" ന്ന്‌...

ബൈക്ക്‌ മോഷണം, ഒരു പിടിച്ചു പറി, ഇപ്പോ ഇത്‌...ഇനി എന്തൊക്കെ ആണാവോ വരാന്‍ കിടക്കണത്‌...


സ്വന്തം

യാത്രികന്‍

16 അഭിപ്രായങ്ങൾ:

യാത്രികന്‍ പറഞ്ഞു...

ഒരു ഇടവേളക്കു ശേഷം..
ഓരോ തിരക്കില്‍ പെട്ട്‌ കുറചു ദിവസങ്ങള്‍ ആയി ഒന്നും പോസ്റ്റ്‌ ചെയ്യാന്‍ പറ്റിയിരുന്നില്ല.പക്ഷെ ഇങ്ങിനെയും ഒരു ദിവസം ജീവിതത്തില്‍ ഉണ്ടായാല്‍ എങ്ങിനെയാ അതു എല്ലാരോടും പറയാതെയ്‌ ഇരിക്കണെ?

എന്റെ ഒരു ദിവസം ദാ ഇവിടെ (www.yaathrikan.blogspot.com) നോക്കൂ..

സ്വന്തം
യാത്രികന്‍

ബിന്ദു പറഞ്ഞു...

കഷ്ടകാലം പിടിച്ചവന്‍ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തൂന്നു പറഞ്ഞതുപോലെയാണല്ലോ! എന്നാലും ഇങ്ങനേയുമുണ്ടൊ ഒരു ദുരിതദിനം. :(

വഴിപോക്കന്‍ പറഞ്ഞു...

യാത്രികാ , "മാാാനസ മൈനേ വ്വറൂ"
എന്ന റ്റ്യൂണില്‍

"കൂനിന്റെ മോളില്‍ കുരൂ "

എന്നിരുന്നു പാടി നോക്കൂ . ഒരു സമാധാനം കിട്ടും :)

(കട: മിമിക്രി തമാശയ്ക്ക്‌)

ദിവ (diva) പറഞ്ഞു...

കൊള്ളാം യാത്രികാ,

അതൊക്കെ ഡെല്‍ഹീലെ പോലീസ്. എത്ര വലിയ കേസ് ആയാലും, നൂറിന്റെ ഒരു നോട്ട് അങ്ങോട്ട് അറിഞ്ഞ് കൊടുക്കുക മാത്രമേ വേണ്ടൂ. വായുവില്‍ കൂടി, താഴേയ്ക്ക് വീണുകൊണ്ടിരിക്കുന്ന നോട്ട് അവന്മാര്‍ ചാടിപ്പിടിച്ചെടുക്കും. നമുക്ക് വിനയം അഭിനയിക്കേണ്ട യാതൊരു ആവശ്യവുമില്ല. സാറേന്ന് ഒക്കെ വിളിക്കേണ്ടിയും വരില്ല.

നല്ല വിവരണം. ബൈക്ക് മോഷണം പോയ കഥ രണ്ടാം ഭാഗം വായിച്ചില്ല. ചെന്ന് വായിക്കട്ടെ.

കുറുമാന്‍ പറഞ്ഞു...

ദിവാസ്വപ്നത്തോട് ഞാന്‍ ഇവിടെ വിയോജിക്കുന്നു.......

നൂറിന്റെ നോട്ടിന്റെ പിന്‍പില്‍ പാഞ്ഞിരുന്നവര്‍ വെറും ട്രാഫിക്ക് പോലീസ്. റെഡ് ലൈറ്റ് കടന്നാലോ, മറ്റോ fine തരുന്നവര്‍......

മൊത്തം ഡെല്‍ഹി പോലീസിനെ കുറ്റം പറയരുതേ........

ദില്ലി പോലീസിന്റെ സ്പെഷ്യല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഓഫീസര്‍ ആയി ഞാന്‍ രണ്ടു കൊല്ലം വര്‍ക്ക് ചെയ്തിട്ടുണ്ട്.....

ഏതാണ്ടൊരു ജെയിംസ് ബോണ്ടു പോലെ....

അതിനാല്‍ പറയുന്നതാണ്

ഉമേഷ്::Umesh പറഞ്ഞു...

എന്റ്റമ്മേ... ദില്ലി പോലീസിനെപ്പറ്റി ചില ബഹുമാനമൊക്കെയുണ്ടായിരുന്നു. ഒക്കെ പോയി.

കുറുമാനെപ്പോലെ ഒരിക്കലും സ്വബോധമില്ലാത്ത ഒരുത്തനെ അവര്‍ ജോലിക്കു വെച്ചെന്നോ? പുളുവാണോ കുറുമാനേ...

യാത്രികോ, ഇതൊന്നും വലിയ കാര്യമൊന്നുമല്ല. ശ്രീജിത്ത് ഇതു ദിവസവും ചെയ്യുന്നതാണു്. പുള്ളിക്കുമുണ്ടു് ഇതുപോലൊരു ബൈക്ക്.

ശരിക്കു് ഒരു ദിവസത്തിന്റെ കഷ്ടപ്പാടു കാണണമെങ്കില്‍ കലേഷിന്റെ കല്യാണശേഷമുള്ള കദനകഥ വായിച്ചുനോക്കു്. കല്ലിന്റെയും കരളലിയും.

viswaprabha വിശ്വപ്രഭ പറഞ്ഞു...

കുറുമാ,
:|

ദിവ (diva) പറഞ്ഞു...

കുറുമാന്‍ ഭായ്..

ഭായി, 96-ല്‍ അവിടെ നിന്ന് പോന്നേപ്പിന്നെ അവിടുത്തെ യൂപ്പി ബാബുമാരു കൂടി എല്ലാം നശിപ്പിച്ചു. പിന്നെ എന്റെയൊക്കെ ഒരു സ്റ്റാന്‍ഡേര്‍ഡ് വച്ചിട്ട്, ട്രാഫിക് പോലീസിനും സാദാ പുലീസ് വാലായ്ക്കുമപ്പുറം പോയിട്ടില്ല. അതുകൊണ്ട് എനിക്ക് പറ്റിയ ഒരു മിസ്റ്റേക്കാണ്. ദുബാരാ, ഷെമി.

ഓരോ ഗലിയിലും, അവിടുത്തെ കുറച്ച് വിക്രമന്മാര് പിള്ളേര് കൂടി, ശനിയാഴ്ച വൈകുന്നേരം കള്ളടിച്ച് വരുന്ന റ്റൂവീലര്‍കാരെ ഓടിച്ചിട്ട് പിടിയ്ക്കാന്‍, പോലീസുകാരെ സഹായിച്ചിട്ടുണ്ട്. ഞാനൊക്കെ ആകെ കണ്ടിട്ടുള്ള ‘അല്‍മായ‘ പോലീസ് ഓഫീസര്‍മാര്‍ ഈ പിള്ളേരാണ്.

ഞാന്‍ ഒരു ക്ഷമാപണമൊക്കെ തയ്യാറാക്കി വന്നതാണ്. അപ്പ ദേ കിടക്കുന്നു ഉമേഷ്ജിയ്ടെ ഒരു കമന്റ്. എനിക്ക് നേരിട്ട് സപ്പോര്‍ട്ട് തന്നില്ലെങ്കിലും ഉമേഷ്ജി പറഞ്ഞതില്‍ കാര്യമില്ലേന്നൊരു സംശയം. രണ്ട് കൊല്ലത്തേയ്ക്ക് അങ്ങിനെ ഡെപ്പ്യൂട്ടേഷനില്‍ സ്പെഷ്യല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഓഫീസര്‍മാരെ അപ്പോയിന്റ് ചെയ്യാറുണ്ടോ ? ഏതായാലും ഞാന്‍ തര്‍ക്കിക്കാന്‍ നില്‍ക്കുന്നില്ല. കുറുമാന്‍ ഭായ് പറഞ്ഞ പ്രകാരം എന്റെ ആരോപണം ട്രാഫിക് പോലീസുകാരുടെ നേരെ മാത്രം ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

.::Anil അനില്‍::. പറഞ്ഞു...

കുറുമാന്‍ ഇന്‍ കഴിഞ്ഞൊരു സ്പേസിട്ടിട്ടാ എഴുതിയത്.
ഒന്നും കാണാണ്ട് പട്ടര് വെള്ളത്തില്‍ ചാട്വോ? ;)

“ദില്ലി പോലീസിന്റെ സ്പെഷ്യല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഓഫീസര്‍ “

പാപ്പാന്‍‌/mahout പറഞ്ഞു...

ഞാന്‍ ദില്ലിയില്‍ താമസിക്കുന്ന കാലത്ത് എന്റെ സഹമുറിയനായിരുന്ന ഷെറൂളിനെ ഒരിക്കല്‍ 2 ട്രാഫിക് പോലീസുകാര്‍ പിടികൂടി. ഷെറുളിന്‍ ഹിന്ദിയെയും, ഹിന്ദിയ്ക്കു ഷെറൂളിനെയും വലിയ പരിചയമില്ല. പിടിച്ച പോലീസുകാര്‍‌ക്കാണെങ്കില്‍ ഹിന്ദിയല്ലാതെ മറ്റൊന്നും അറിയാനും മേല. ഷെറൂളിന്റെ ഇംഗ്ലീഷിലുള്ള വാദങ്ങളെ ഷെറൂളും, പോലീസുകാരുടെ ഹിന്ദിയിലുള്ള ധനാഭ്യര്‍‌ത്ഥനകളെ ഷെറൂളും അതിനാല്‍ പുല്ലുപോലെ തള്ളിക്കളഞ്ഞുകൊണ്ടിരുന്നു. അവസാനം മടുത്തുപോയ ഒരു പോലീസുകാരന്‍ മറ്റേയാളോടു പറഞ്ഞു: “യേ ശരീഫ് ആദ്മി ലഗ്‌താ ഹേ. ഛോഡ് ദേം ക്യാ?” (നക്കിയായുള്ള ഈ അപ്പാവിയെ വെറുതെ വിട്ടാലോ?).
ഇതുകേട്ടപാടെ പോലീസുകാര്‍ തന്റെ പേരു തിരുത്താന്‍ പോകുകയാണെന്നു തെറ്റിദ്ധരിച്ച ഷെറൂള്‍ തനിക്കറിയാവുന്ന മുറിഹിന്ദിയില്‍ ആക്രോശിച്ചു: “മൈം ഷെറീഫ് നഹീം ഹൂം. മൈം ഷെറൂള്‍ ഹൂം...”

Adithyan പറഞ്ഞു...

ഒന്നൊന്നര ദിവസം :)

ശുഭദിനം നേരുന്നില്ല.

കുറുമാന്‍ പറഞ്ഞു...

യാത്രികോ ഓ ടോക്ക് ക്ഷമി

അയ്യോ, പെരിങ്ങോടരേ, അനിലേട്ടാ,ദിവാസ്വപ്നമേ, ഉമേഷ്ജീ, സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ (ഇന്‍ വെസ്റ്റിഗേഷന്‍ ഇല്ലാട്ടോ) എന്ന ഒരു പദവി, ദില്ലി പോലീസ് പണ്ട് കര്‍മ്മനിരതരും, സത്യസന്ധരും, നാടു നന്നാവണം അല്ലെങ്കില്‍ നന്നാക്കണം എന്നാഗ്രഹമുള്ള ചെറുപ്പക്കാര്‍ക്കും, മധ്യവയസ്ക്കര്‍ക്കും, കൊടുത്തു വന്നിരുന്നു.

അവര്‍ക്ക് ശമ്പളമോ മറ്റ് അലവന്‍സുകളോ യാതൊന്നും തന്നെ ഇല്ല. പക്ഷെ ഒരു ഐഡന്റിറ്റി കാഡ് നല്‍കും, അത്ര തന്നെ.

അവരുടെ പണി, താന്‍ താമസിക്കുന്ന ഏരിയായിലോ മറ്റ് എവിടേയെങ്കിലോ, വല്ല മയക്കുമരുന്നോ, അടിപിടിയോ, കത്തികുത്തോ,ടെററിസമോ, ബലാത്സംഗമോ, വ്യഭിചാരമോ നടക്കുന്നുണ്ടെന്നു കണ്ടാലോ, അറിഞ്ഞാലോ, നൂറില്‍ (100) വിളിക്കുക, തന്റെ ഐ ഡി നമ്പര്‍ പറയുക അത്രതന്നെ.

എന്നിക്കുന്നതങ്ങളിലുണ്ടായിരുന്ന ഗോണ്ടാക്ട് ഉപയോഗിച്ച് ഈ കാര്‍ഡ് ഞാന്‍ സംഘടിപ്പിച്ചു. ആകെപാടെ ഞാന്‍ പോലിസിന്റെ സഹായിച്ചിട്ടുള്ളത്, ഭയപെടുത്തി, പിഡിപ്പിച്ചിരുന്ന രണ്ട് മലയാളി നഴ്സുകളെ ആശുപത്രി ഹോസ്റ്റലില്‍ നിന്നും രക്ഷപെടാന്‍ സഹായിച്ചു എന്നത് മാത്രം. കൂടുതലായും, പല പല ക്യൂവില്‍ പിന്നില്‍ നിന്നും മുന്നിലേക്കെത്താന്‍ ആ കാര്‍ഡെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

എന്നാലും ഉമേഷ്ജീ എന്നെ സ്വബോദമില്ലാത്തവന്‍ എന്നു വിളിച്ചല്ലോ ആ വിഷമം മാറാന്‍ രണ്ടെണ്ണമടിക്കാന്‍ ഇനിയും ഒമ്പത് മണിക്കൂറുകഴിയണമല്ലോ എന്റെ ബ്ലോഗിന്‍ കാവിലമ്മേ

യാത്രികന്‍ പറഞ്ഞു...

ബിന്ദ്വ്വോപ്പോളെ..

മോങ്ങാന്‍ ഇരുന്നവന്റെ തലയില്‍ തേങ്ങ വീണു ന്നു പറയണ പോലെ പറയാം. പോലീസ്‌ സ്റ്റേഷനീന്ന് ഇറങ്ങിയിട്ടുള്ള കരച്ചില്‍ മുഴുവന്‍ മാറിയിട്ടില്ല, അപ്പോലാണ്‌ ഇതും കൂടി..

വഴിപോക്കാ ..
എന്റെ ഒരാശ്വാസത്തിനു ബാക്കി വരികള്‍ കൂടി ഒന്നു പറഞ്ഞു തര്‌വോ?

ദിവാസ്വപ്നമേ...
അപ്പോ ദില്ലി പോലീസുകാരുടെ റേറ്റ്‌ കൂടുതല്‍ ആണ്‌ ന്നു തോന്നുണു? കന്നട നാട്ടിലോ, തമിഴന്റെ നാട്ടിലോ ചെന്നാല്‍ ചെലപ്പോ ഒരു പത്തിന്റെ നോട്ടില്‌ എല്ലാ പ്രശ്നങ്ങളും തീരും ....

കുറുമാന്‍ജീ
അപ്പോ ഒരു സംശയം ചോദിക്കട്ടെ?
സ്പെഷ്യല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ലെ ജെയിംസ്‌ ബോണ്ടുകള്‍ നൂറ്‌ രൂപയില്‍ വീഴില്ല ന്നാണോ?
സ്വപ്നമേ..., അതു ചെലപ്പോ സെരിയായിരിക്കും. ഇവര്‍ക്കൊക്കെ കുറച്ചും കൂടി വല്യ നോട്ട്‌ വേണ്ടി വരും ;)

അപ്പോ ഒരു 9 മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ ശെരിക്കും സ്വബോധം ഇല്ലാത്തവന്‍ ആവും ന്നാണൊ ;)
ഞാന്‍ അതിര്‍ത്തി കടന്നെങ്കില്‍ ക്ഷമിഷു ബേക്കു ..

ഉമേഷ്ജീ...
കലേഷിന്റെ കദനകഥ ഞാ വായിച്ചു. ഭാഗ്യം, ഞാന്‍ ഇപ്പോഴും ഒരു ക്രോനിക്കന്‍ ആണല്ലോ ;)

വിശ്വേട്ടാ ...

അതെന്താ ഒരു നോ കമന്റ്സ്‌ ന്റെ സ്മൈലി? എന്തെങ്കിലും പറയൂ.. അറ്റ്‌ ലീസ്റ്റ്‌ ആ പോലീസുകാരെ നാലെ ചീത്തയെങ്കിലും പറയൂ. ഉറക്കെ പറയനം ട്ടോ :)

അനിലേട്ടാ, പാപ്പ്പ്പാനേ,ആദിത്യോ ... :)

സ്വന്തം
യാത്രികന്‍

അരവിന്ദ് :: aravind പറഞ്ഞു...

അനുഭവം അത്ര നൈസല്ലെങ്കിലും വിവരണം വെരി നൈസ്, യാത്രികാ..:-)

പണിക്കന്‍ പറഞ്ഞു...

യാത്രികാ... ഇതിപ്പൊ വന്നു വന്ന്‌ എല്ലാ യാത്രേം പോലീസ്‌ സ്റ്റേഷനിലാണല്ലോ അവസാനിക്കണത്‌...

എന്തായാലും വിവരണങ്ങള്‍ കലക്ക്‌ണ്ട്‌...

അജ്ഞാതന്‍ പറഞ്ഞു...

yathrika engane oru divasam onnum koodi ashamsikkunnu

Devi