വെള്ളിയാഴ്‌ച, ജൂലൈ 07, 2006

അമ്മു......അല്ല എന്റെ അമ്മു

അമ്മു..

അല്ല എന്റെ അമ്മു..

അവളെ കണ്ട അന്ന് എനിക്ക്‌ തോന്നിയത്‌ അങ്ങിനെയാണ്‌. ആദ്യമായി അവളെ ഞാന്‍ കണ്ടതെന്നാണ്‌ ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാലും എന്റെ തൊട്ടടുത്ത ബെഞ്ചില്‍ ഇരുന്നിരുന്ന മെലിഞ്ഞ പെണ്‍കുട്ടി, എന്തോ ഒരു വിഷാദ ഭാവം ആ കണ്ണുകളില്‍ ഞാന്‍ കണ്ടുവോ? അറിയില്ല. എന്നാലും എന്തോ ഒന്ന് എന്നെ അവളിലെക്കു അടുപ്പിക്കുന്നതു പോലെ തോന്നി.ഇടക്കൊരു നാള്‍ ഞാന്‍ കണ്ടു, ആരും കാണുന്നില്ല ന്നു ഉറപ്പാക്കി എന്നിലേക്കു വന്നിരുന്ന അവളുടെ കണ്ണുകള്‍, എന്തോ അവള്‍ക്കെന്നോട്‌ പറയാനുണ്ടെന്നു തോന്നി.

ദിവസങ്ങള്‍ കഴിയും തോറും ഞാന്‍ അറിയാതെ കൂടുതല്‍ കൂടുതല്‍ ഞാന്‍ അവളിലേക്ക്‌ അടുത്തു കൊണ്ടിരുന്നു.അടുത്തിരിക്കുംബോഴും അവളുടെ മൌനത്തിലൊളിപ്പിച്ച വാക്കുകള്‍, അവളുടെ നിശബ്ദത..
എന്തൊക്കെയോ എന്നോടു പറഞ്ഞു
എന്തൊക്കെയോ എന്നില്‍ നിന്നവള്‍ ഒളിക്കാന്‍ ശ്രെമിച്ചു
എന്തോ മറച്ചു വച്ചിട്ടെന്ന പോലെ, അടുത്തിട്ടും അവളെന്നില്‍ നിന്ന് അകലാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.മാസങ്ങള്‍ കഴിഞ്ഞിട്ടുമെനിക്കു മനസ്സിലായില്ല എന്താണെന്നെ അവളിലേക്കടുപ്പിക്കുന്നതെന്ന്....

ആദ്യ കോളേജ്‌ ദിനാഘോഷം..ആരോ സ്റ്റേജില്‍ കയറി..
"ഞാനിവിടെ ചൊല്ലാന്‍ പോകുന്നതു വയലാറിന്റെ ആത്മാവില്‍ ഒരു ചിത എന്ന കവിതയാണ്‌"...

ഞാനറിയാതെ എന്റെ മനസ്സന്നൊന്നു തേങ്ങി..
ഹൃദയത്തില്‍ നിന്നു ഒഴുകി വരുന്നതു പോലെ ആ ആലാപനം കഴിഞ്ഞപ്പോളാണെന്റെ ശ്രദ്ധ അവളിലേക്ക്‌ തിരിഞ്ഞത്‌. ആരും കാണാതെ ഒരു കോണില്‍ ഒതുങ്ങി നിന്ന അവളുടെ കണ്ണു നിറഞ്ഞതു ഞാന്‍ കണ്ടു. എന്നെ അവളിലേക്കടുപ്പിച്ചത്‌ ഞങ്ങളുടെ ഉള്ളിലെവിടെയോ ഒളിഞ്ഞിരുന്ന ഈ വേദനയാണോ? അറിയില്ല, ഇന്നുമെനിക്കറിയില്ല..

വര്‍ഷമൊന്ന് പിന്നെയും കടന്ന് പോയി. അകലാന്‍ പറ്റാത്ത വിധം എന്റെ മനസ്സവളിലേക്കടുത്തു...

കൂട്ടുകാര്‍ പലരും പറഞ്ഞു, എനിക്ക്‌ വട്ടാണ്‌, എനിക്ക്‌ പ്രേമമാണ്‌...
പറഞ്ഞവരോടെല്ലാം ഞാന്‍ അലറി..അല്ല, എനിക്കവളോട്‌ പ്രേമമല്ല..
സ്നേത്തിനൊരു നിറം മാത്രം കണ്ട അവരോടെനിക്കു പുച്ഛം തോന്നി..

പലപ്പോഴും അടുത്തിരിക്കുമ്പോഴും ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല, പക്ഷെ ഞങ്ങള്‍ എല്ലാം തുറന്നു പറഞ്ഞിരുന്നു...മൌനത്തിലൊളിപ്പിച്ച വാക്കുകളെന്താണ്‌ എന്നും ആ വാക്കുകളുടെ ശക്തി എന്താണ്‌ എന്നും അന്നാണ്‌ ഞാനറിഞ്ഞത്‌..

ഒരു ധനു മാസ പുലരി. അവളൊന്നും പറഞ്ഞില്ല,എങ്കിലും ഞാനോര്‍ത്തു..
ഇന്നെന്റെ അമ്മുവിന്റെ ഇരുപതാം പിറന്നാള്‍..
അവള്‍ക്കായി ഹോസ്റ്റലിനടുത്തുള്ള അംബലത്തില്‍ പോയി ഒരു പുഷ്പാഞ്ഞലി കഴിപ്പിച്ചു. പ്രദക്ഷിണ വഴിയില്‍ തിളങ്ങിയ എന്തിലേക്കൊ എന്റെ ശ്രദ്ധ പതിഞ്ഞു..
'കുന്നിക്കുരു'...
അവള്‍ക്കെന്തു സമ്മാനം കൊടുക്കും എന്ന എന്റെ ചോദ്യത്തിനു ദേവി കാണിച്ചു തന്ന ഉത്തരം. ഇരുപതെണ്ണം എണ്ണിയെടുത്തു ഞാന്‍ കയ്യില്‍ മുറുകെ പിടിച്ചു..

പതിനൊന്നു മണിയുടെ ഇന്റര്‍വല്‍, അവളെയും കാത്തു ഞാന്‍ നിന്നു.. എന്തോ ഒരു വല്ലാത്ത പരിഭ്രമം മനസ്സിനെ അലട്ടിയിരുന്നു. അടുത്താരുമില്ല എന്നുറപ്പു വരുത്തി, ഞാനവളോട്‌ പറഞ്ഞു..
"അമ്മൂ, ഇതെന്റെ പിറന്നാള്‍ സമ്മാനം"

എന്റെ കയ്യില്‍ നിന്നു വാങ്ങിയ കുന്നിക്കുരു നോക്കി നിന്ന അവളുടെ കണ്ണില്‍ നിന്നു രണ്ടു തുള്ളി കണ്ണുനീര്‍ എന്റെ കയ്യില്‍ വീണു ... ചൂടല്ല, ആ മണിമുത്തുകള്‍ക്കൊരു തണുപ്പാണെനിക്കു തോന്നിയതു.. പക്ഷെ ഞാന്‍ തോറ്റതവിടെ അല്ല...

മണിയടിച്ചു കുട്ടികള്‍ വീട്ടിലേക്കു മടങ്ങി തുടങ്ങിയിരുന്നു. മടിച്ചു മടിച്ചു അവളെന്റെ അരികില്‍ വന്നു, ഒരു കയ്യില്‍ അടക്കിപ്പിടിച്ച കുന്നിക്കുരുക്കളുമായി... ഞാന്‍ പോലുമറിയാതെ എന്റെ നെന്‍ജിലേക്ക്‌ തല ചായ്ച്ചവള്‍ പറഞ്ഞു "ഏട്ടാ, ഇതു പോലൊരു സമ്മാനം ഞാനാഗ്രഹിച്ചിരുന്നു. എങ്ങിന്യാ ഏട്ടന്‍ എന്റെ മനസ്സു വായിച്ചെ"

ഏട്ടന്‍.. ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന വിളി. ഈശ്വരാ, ഇതു തിരിച്ചറിയാന്‍ ഞാന്‍ 2 കൊല്ലം എടുത്തല്ലോ.

കാലത്തിന്റെ ഒഴുക്കില്‍ പിന്നെ ഞങ്ങള്‍ അകന്നു, എന്നും എന്റെ മനസ്സില്‍ അവളുണ്ടായിരുന്നു..എന്റെ അമ്മു..പലപ്പ്പ്പോഴും ഞാന്‍ ആലോച്ചിരുന്നു അവളെന്നെ ഓര്‍ക്കുന്നുണ്ടോ എന്ന്‌? പിന്നീടൊരിക്കല്‍ ഞാനറിഞ്ഞു, എന്റെ അമ്മുവിന്റെ കല്യാണം.. അവള്‍ തന്നെയാണ്‌ വിളിച്ചു പറഞ്ഞത്‌..

അവള്‍ക്ക്‌ ഇഷ്ടപെട്ട പച്ച നിറത്തിലുള്ള ഒരു പട്ടു സാരിയുമായി തലേ ദിവസം തന്നെ ഞാനവിടെയെത്തി. പിറ്റെ ദിവസം ആ സാരിയുമുടുത്തവളെ കണ്ടപ്പോള്‍ തന്നെ മനസ്സുനിറഞ്ഞു .. പക്ഷെ പിന്നേയും പിന്നേയും അവളെന്നെ തോല്‍പ്പിച്ചു ...

പറയാന്‍ തമ്മിലൊരു ബന്ധവുമില്ലാത്ത എന്റെ കാലിലവള്‍ നമസ്ക്കരിച്ചു.എല്ലാവരെയും പോലെ ഞാനുമൊന്നു പകച്ചു. എന്നെ ചൂഴ്ന്ന്‌ നോക്കിയ ഒരു നൂറ്‌ കണ്ണുകള്‍ക്കു മറുപടി പറയാന്‍ എനിക്ക്‌ കഴിഞ്ഞില്ല. അവളുടെ തലയില്‍ കയ്യുവച്ചനുഗ്രഹിക്കുംബോഴും എന്റെ മനസ്സു കരയുകയായിരുന്നു.

"ഏട്ടന്‍ എന്റെ കയ്യു പിടിച്ചു നല്‍കിയാല്‍ മതി"..
ഇത്തവണ എതിര്‍പ്പിന്റെ അപസ്വരങ്ങള്‍ ഞാനും കേട്ടു..
"വേണ്ട അമ്മൂ, അത്‌ നിന്റെ അമ്മാവന്‍ ചെയ്തോളും.." എന്നു പറയുംബൊള്‍, നിശബ്ദമായ അവളുടെ തേങ്ങല്‍, കുറ്റപെടുത്തലുകള്‍ ഒന്നും ഞാന്‍ കേട്ടില്ല, കേട്ടതായി നടിച്ചില്ല.. പതുക്കെ ആ പടികളിറങ്ങുംബോള്‍ എന്റെ മനസ്സില്‍ ചോദ്യങ്ങല്‍ നിറഞ്ഞിരുന്നു കാരണം ഒരു 22 വയസ്സുകാരനു മനസ്സിലാക്കാന്‍ കഴിയുന്നതിലുമപ്പുറം ആയിരുന്നു ആ സ്നേഹം..

എന്റെ ആരാണവള്‍? പറയാനോ ഓര്‍ത്തെടുക്കുവാനോ ഞങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമ്മില്ല, എന്നിട്ടും എന്തിനെന്നെ അവളിത്ര സ്നേഹിക്കുന്നു.... ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങള്‍ കൊണ്ടെന്റെ മനസ്സു നിറഞ്ഞിരുന്നു...

പിന്നെ ഒരന്‍ജാറു കൊല്ലം കടന്നു പോയി...
പ്രതീക്ഷിക്കാത്ത നേരത്ത്‌ ഒരു ഫോണ്‌ കോള്‍..

"ഞാന്‍ സുരേഷാണ്‌. മനസ്സിലായോ? അമ്മുവിന്റെ ഹസ്ബന്റ്‌"

എന്താണാവോ ഇപ്പോള്‍ എന്നെ വിളിക്കാനുള്ള കാര്യം ന്ന് അലോചിച്ചു നിന്ന എന്റെ കയ്യില്‍ നിന്നു ഫോണ്‍ താഴെ വീണു...

"ഞങ്ങളുടെ ഉണ്ണിയെ നാളെ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുകയാണ്‌. അമ്മുവിന്‌ ഒരു മോഹം, ഉണ്ണിക്ക്‌ തന്റെ പേരിടണം ന്ന്. അതിന്‌ തന്റെ സമ്മതം വേണം"

സമ്മതം നല്‍കാതെ ഫോണ്‍ കട്ട്‌ ചെയ്യുംബോഴും എന്റെ മനസ്സു പിടയുകയായിരുന്നു...

പറയാന്‍ പറ്റാത്ത, മനസ്സിലാക്കാന്‍ പറ്റാത്ത, ആര്‍ക്കും മനസ്സിലാവാത്ത എത്രയോ ബന്ധങ്ങള്‍...
രക്ത ബന്ധത്തേക്കാള്‍ വലിയ ബന്ധം ഇല്ല എന്ന് പറയുന്നതു ഉള്‍കൊള്ളാന്‍, ഇതു കൊണ്ടാവാം എനിക്കിപ്പോഴും കഴിയാത്തത്‌.


എനിക്കു ചൂണ്ടി കാണിക്കാന്‍, അതിനേറ്റവും വലിയ തെളിവാണ്‌....

അമ്മു......
അല്ല എന്റെ അമ്മു.


സ്വന്തം

യാത്രികന്‍