ഞായറാഴ്‌ച, ഓഗസ്റ്റ് 06, 2006

ഒരു കുറ്റബോധത്തിന്റെ ഓര്‍മക്കുറിപ്പുകള്‍..

ഡിഗ്രിക്കു ചേര്‍ന്ന് 2-3 മാസത്തിനു ശേഷം ആണ്‌ പോളി ടെക്‌നിക്‌ ഇല്‍ ചേരാനുള്ള ഇന്റര്‍വ്യു ലെറ്റര്‍ കിട്ടുന്നത്‌. താല്‍പര്യമുള്ള വിഷയം, അമ്മ പഠിച്ച അതേ കോളേജ്‌, അതേ ക്ലാസ്സ്‌ മുറി അങ്ങിനെ പല കാരണങ്ങള്‍ കൊണ്ടും ഞാന്‍ ചേര്‍ന്നു.

തൃശ്ശൂര്‍ ടൌണില്‍, ചെമ്പുക്കാവില്‍ തന്നെയുള്ള മഹാരാജാസ്‌ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നാം വര്‍ഷ ഡിപ്ലോമക്ക്‌. ഹോസ്റ്റലില്‍ മുറിയെടുത്തു 2 പേരെ കൂട്ടിനും കിട്ടി. റാഗിങ്ങിന്റെ ഭീകരത ഉറക്കമില്ലാത്ത രാത്രികളില്‍ പങ്കു വച്ചും, നാളെ റാഗ്‌ ചെയ്യാന്‍ വരുന്നവനെ എങിനെ പറ്റിക്കാം എന്നു കണക്കുകൂട്ടിയും, ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഞങ്ങള്‍ വല്ലാതെ അടുത്തു.

ഏതാണ്ട്‌ അതേ മാനസികസ്ഥിതിയില്‍ ഞങ്ങള്‍ക്ക്‌ മൂന്ന് കൂട്ടുകാരികളെയും കിട്ടി, അല്ല എനിക്ക്‌ കിട്ടി എന്നു പറയുന്നതാവും ശരി. വീട്ടില്‍ നിന്ന്‌ ആദ്യമായി മാറി നില്‍ക്കുന്നതു കൊണ്ടാണോ എന്നറിയില്ല അവരുമായി വളരെ വേഗം അടുത്തു.അവരും ഹോസ്റ്റലില്‍, ഞാനും ഹോസ്റ്റലില്‍.2 ഹോസ്റ്റലിലേയും 5 സ്റ്റാര്‍ ഭക്ഷണത്തിന്റെ സ്വാദ്‌;), ഒന്നിച്ചിരുന്ന് അസ്സൈന്‍മന്റ്‌ തയ്യാറാക്കല്‍ പലതും അടുപ്പത്തിനു കാരണമായിരുന്നു.

അതിലൊരാള്‍, സ്വപ്ന. എം...കുറച്ചു കൂടുതല്‍ സ്നേഹം എനിക്കവളോട്‌ തോന്നിയിരുന്നു, അവള്‍ക്ക്‌ തിരിച്ചും. ഒരു നല്ല സുഹൃത്ത്‌, തമ്മില്‍ വഴക്കു കൂടാനും ചീത്ത പറയാനും, ഡ്രോയിംഗ്‌ വരച്ചു തരാനും, വൈകുന്നേരങ്ങളില്‍ അമ്പലത്തില്‍ പോകാനും എല്ലാത്തിനും എനിക്കവള്‍ കൂട്ടുണ്ടായിരുന്നു.

ഹോസ്റ്റലിലെ സ്വാതന്ത്ര്യം, ആരേയും പേടിക്കണ്ട, വീട്ടുകാരില്‍ നിന്നും മാറി നില്‍ക്കുന്ന സാഹചര്യം എല്ലാത്തിനുമുപരി പ്രായം,അങ്ങിനെയാണ്‌ ഇടക്കുള്ള സന്ധ്യകള്‍ ഹോസ്റ്റലിലെ മറ്റു കൂട്ടുകാരോടൊപ്പം ശക്തന്‍ സ്റ്റാന്റിലെ പ്രതീക്ഷ വൈന്‍സില്‍ പോയി നേരം വെളുപ്പിക്കുക എന്നുള്ള ശീലം തുടങ്ങിയത്‌. ബി.പി.ഗോള്‍ഡ്‌, മുഗള്‍ മൊണാര്‍ക്ക്‌, മാന്‍ഷന്‍ ഹൌസ്‌, കരീബ എല്ലാമടിച്ചു കഴിയുമ്പോള്‍ പലരും എന്നെ കളിയാക്കിയിരുന്നു, എന്റെയും സ്വപ്നയുടെയും അടുപ്പത്തിനെ പറ്റി. ഒന്നും ഞാന്‍ അത്രക്കു കാര്യമാക്കാറുണ്ടായിരുന്നില്ല. അടുത്ത ദിവസം കോളേജില്‍ എത്തുമ്പോള്‍ എല്ലാം ഞാനവളോട്‌ പറയും, കള്ള്‌ കുടിച്ചതിനു കുറെ ചീത്ത പറയും, കുറെ പരിഭവം പറയും പിന്നെ അന്നത്തെ ദിവസം മിണ്ടാട്ടോണ്ടാവില്ല്യ എന്നാലും ഒരിക്കലെങ്കിലും അവളെന്നോട്‌ ദ്വേഷ്യത്തോടെ പെരുമാറിയിട്ടില്ല്.

ആദ്യ വര്‍ഷത്തിലെ ക്രിസ്തുമസ്‌ വെക്കേഷന്‍ തുടങ്ങുന്നതിന്‌ മുന്‍പ്‌ ഞങ്ങള്‍ വീണ്ടും പ്രതീക്ഷയില്‍ ഒത്തുകൂടി, നാലു കാലില്‍ പാതിരാത്രി അടുപ്പിച്ചു തിരിച്ച്‌ ഹോസ്റ്റലില്‍ എത്തിപ്പെടുകയും ചെയ്തു. അന്നത്തെ ബോധമില്ലാത്ത അവസ്ഥയില്‍ എല്ലാര്‍ക്കും കൂടി കളിക്കാന്‍ തോന്നിയത്‌ നറുക്കെടുക്കുന്ന കളി ആണ്‌. (എന്താ ഈ കളിയുടെ പേര്‌ ന്നറിയില്ല, കുറെ നറുക്കുകള്‍ എഴുതി വച്ചിട്ടു അതില്‍ കിട്ടുന്നതു ചെയ്തു കാണിക്കണ ആ പരിപാടി). എനിക്കു കിട്ടിയതു പിറ്റെ ദിവസം കോളേജില്‍ പോയി ആദ്യം കാണുന്ന പെണ്‍കുട്ടിയോട്‌ 'ഐ ലവ്‌ യു' പറയുക എന്നതായിരുന്നു. സാമാന്യം നല്ല രീതിയില്‍ തൊലിക്കട്ടി ഉള്ളതു കൊണ്ട്‌ എനിക്കതൊരു പ്രശ്നമേ ആയി തോന്നിയില്ല, ഒരു പേടി മാത്രം. വല്ല സീനിയര്‍ ചേച്ചിമാരെയാണ്‌ കാണുന്നതെങ്കില്‍ എന്റെ കാര്യം കഴിഞ്ഞു....

അടുത്ത ദിവസം കുളിച്ചൊരുങ്ങി ഞാനും എന്റെ പുറകെ പത്തിരുപത്‌ നീലക്കുപ്പായക്കാരും (ഞങ്ങളുടെ യൂണിഫോം)കാത്തു നിന്നു. എന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട്‌ അന്ന്‌ ആദ്യം കണ്ടത്‌ സ്വപ്നയെ ആയിരുന്നു. പിന്നെന്തു പേടിക്കാന്‍, ഒന്നും നോക്കിയില്ല ചാടി പറഞ്ഞു "സ്വപ്നേ, ഐ ലവ്‌ യു". (എന്റെ ആദ്യത്തെ തെറ്റ്‌..:() അവള്‍ ഒന്നും മിണ്ടിയില്ല, വെറുതെ ഒന്നു ചിരിച്ചു കൊണ്ട്‌ നടന്നു പോയി. നീലപട്ടാളക്കാര്‍ക്കും സന്തോഷം എനിക്കും സന്തോഷം, എല്ലാരും എന്റെ തൊലിക്കട്ടിയെയും ധൈര്യത്തെയും ഒക്കെ പറ്റി പറയണ കേട്ടപ്പോള്‍ ഞാന്‍ എന്തോ വല്യ കാര്യം ചെയ്തു എന്ന് തോന്നല്‍ ആയിരുന്നു.പക്ഷെ മനസ്സില്‍ ഉണ്ടായിരുന്ന ധൈര്യം, പറഞ്ഞത്‌ സ്വപ്നയോടാണല്ലോ എന്നതായിരുന്നു.

ഈ നാടകമെല്ലാം കഴിഞ്ഞു ലഞ്ച്‌ ബ്രേക്കില്‍ ഞാനും അവളും സാധാരണ പോലെ കണ്ടു. ബാക്ക്‌ ബെഞ്ചില്‍ അവളും ജനലിന്റെ ചേര്‍ന്നുള്ള പടിയില്‍ ഞാനും. എനിക്കൊന്നും പറയേണ്ടി വന്നില്ല, എല്ലാം മനസ്സിലാക്കിയ പോലെ അവള്‍ പറഞ്ഞു "ഡാ, ഇനി മേലാല്‍ ഇതു പോലത്തെ പരിപാടിക്ക്‌ നിക്കരുത്‌ ട്ടോ. ബാക്കിയുള്ളോരു തുള്ളാന്‍ പറയുന്നതു കേട്ട്‌ തുള്ളാനുള്ളതല്ല നിന്റെ ജീവിതം. ഇന്ന് നീ പറഞ്ഞത്‌ എന്നോടായതു കൊണ്ട്‌ കുഴപ്പമില്ല വേരെ ആരെങ്കിലും ആയിരുന്നെങ്കിലോ..." എല്ലാം കേട്ടു തലയാട്ടി ഒരു സോറിയും പറഞ്ഞു ഞാന്‍ പോന്നു.

ഞങ്ങളുടെ കൂട്ടിന്‌ ഒരു പോറല്‍ പോലുമേറ്റില്ല. ദിവസങ്ങള്‍ സാധാരണ പോലെ തന്നെ കടന്നു പോയി. പക്ഷെ മറ്റു വിദ്യാര്‍ദ്ഥികള്‍ അവിടെയും ഇവിടെയും പലതും പറയുന്നതു ഞാന്‍ കേട്ടിരുന്നു, പ്രത്യേകിച്ചു ഹോസ്റ്റലില്‍. അവസാനം പറഞ്ഞു പറഞ്ഞു ഞങ്ങള്‍ പ്രേമത്തിലാണ് എന്ന നിലയിലായി കാര്യങ്ങള്‍.

അങ്ങിനെ ഇരിക്കുമ്പോള്‍ ആണ്‌ ഞങ്ങള്‍ ടൂറിനു പോകുന്നത്‌, ഊട്ടി, മധുര, കൊഡൈക്കനാല്‍. മൂന്നാം ദിവസത്തെ വെള്ളമടിയും, എല്ലാരുടെയും പ്രേരണയും (അല്ല എന്റെ ദുര്‍ബുദ്ധി ന്നു പറഞ്ഞാല്‍ മതി), കൊണ്ട്‌ ഞാനും ഉറപ്പിച്ചു, സ്വപ്നക്കെന്നോട്‌ ഇഷ്ടമാണ്‌. മടക്കയാത്രയില്‍ എന്റെ അടുത്ത‌് ഇരുന്ന അവളോട്‌ ഞാന്‍ പറഞ്ഞു "സ്വപ്നേ, അന്ന് പറഞ്ഞതു തമാശയാണെങ്കിലും ഇന്ന്‌ ഞാന്‍ കാര്യമായിട്ട്‌ പറയുകയാണ്‌ നിന്നെ എനിക്കിഷ്ടമാണ്‌". മറിച്ചുള്ള ഒരു മറുപടി ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. പക്ഷെ അവളൊന്നും മറുപടി പറഞ്ഞില്ല ...

അടുത്ത ഒരാഴ്ച്‌ അവളെ കോളെജിലേക്ക്‌ കണ്ടില്ല, അവളുടെ റൂം മേറ്റ്‌സ്‌ എന്നെ കാണുമ്പോള്‍ തിരിഞ്ഞു നടന്നു. മനസ്സില്‍ ഒരു വല്ലാത്ത പേടി ഉണ്ടായിരുന്നുവെങ്കിലും അടുത്ത ശനിയാഴ്ച്ച ഞാന്‍ രണ്ടും കല്‍പ്പിച്ചു സ്വപ്നയുടെ വീട്ടിലേക്കു പോയി. ഒരു ചീത്ത വിളി പ്രതീക്ഷിച്ചു ചെന്ന എന്നെ അമ്പേ അത്ഭുതപ്പെടുത്തികൊണ്ട്‌, അവള്‍ ചിരിച്ചു കൊണ്ടെന്നെ അകത്തേക്ക്‌ വിളിച്ചു.

എന്താ പറയേണ്ടത്‌, എങ്ങിനെയാണ്‌ തുടങ്ങേണ്ടത്‌ എന്നറിയാതെ ഞാന്‍ കുഴങ്ങി നിന്നു. എന്റെ അപ്പോളുള്ള മാനസികാവസ്ഥ വായിച്ചിട്ടെന്ന പോലെ അവള്‍ പറഞ്ഞു "ഞാന്‍ പഠിത്തം നിര്‍ത്തി എന്നൊന്നും വിചാരിക്കണ്ട. പക്ഷെ മനസ്സിനു ശരിക്കും വിഷമായി നീ പറഞ്ഞത്‌. കോളെജില്‍ വന്നാല്‍ നിന്നോട്‌ മിണ്ടാതെയിരിക്കാന്‍ എനിക്കാവില്ല്യ, അതു കൊണ്ടാണ്‌ വരാതിരുന്നത്‌. എന്നെ അന്വേഷിച്ചു നീ വരുമെന്നു എനിക്കുറപ്പുണ്ടായിരുന്നു.."

നിറഞ്ഞ മനസ്സോടെയാണവള്‍ അതു പറഞ്ഞത്‌, നിറഞ്ഞ്‌ മനസ്സോടെ തന്നെ ഞാന്‍ അവിടെ നിന്നു മടങ്ങുകയും ചെയ്തു.മടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ഒരു കുറ്റബോധം, ഒരു നഷ്ടബോധം എല്ലം നിറയുകയായിരുന്നു. ജീവിതത്തില്‍ അന്നു വരെ (അല്ല ഇന്നു വരെ ന്നു തന്നെ പറയാം) പറ്റിയ എറ്റവും വലിയ തെറ്റ്‌. എന്റെ തെറ്റ്‌ മനസ്സിലാക്കി അവള്‍ ക്ഷമിച്ചെങ്കിലും, ആദ്യമായി എനിക്കെന്നോട്‌ തന്നെ ഒരു വെറുപ്പ്‌ തോന്നി.


അടുത്ത തിങ്കളാഴ്ച്ച അവള്‍ വന്നു, പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത പോലെ. എന്റെയടുത്ത്‌ വന്നവള്‍ ചിരിച്ചു കൊണ്ട്‌ വര്‍ത്തമാനം പറഞ്ഞെങ്കിലും അവളുടെ കണ്ണുകളിലേക്കു നോക്കാന്‍ തന്നെ ഞാന്‍ മടിച്ചു. കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല എന്നു പറഞ്ഞ പോലെ മാസങ്ങള്‍ കടന്നു പോയപ്പോള്‍, എല്ലാവരും എല്ലാം മറന്നു, ഞാനൊഴികെ.

ഞാനറിയാതെ, ഒരു പശ്ചാതാപം എന്നില്‍ നിറഞ്ഞിരുന്നു. ഒന്നും പുറത്ത്‌ കാണിച്ചില്ലെങ്കിലും, സ്വപ്നയോട്‌ ചിരിച്ചു വര്‍ത്തമാനം പറഞ്ഞെങ്കിലും, എന്തോ ഒരു വേദന എനിക്കു തോന്നിയിരുന്നു, വര്‍ഷങ്ങള്‍ ഇത്ര കടന്നു പോയിട്ടും ഇന്നും തോന്നുന്നു. ഇതാണോ കാരണം എന്നു ചോദിച്ചാല്‍ എനിക്കറിയില്ല, ഒരു പെണ്‍കുട്ടിയെ പറ്റിയുള്ള എന്റെ സങ്കല്‍പ്പങ്ങള്‍ മാറി മറഞ്ഞു എന്നു വേണം പറയാന്‍. പിന്നെയും ധാരാളം കൂട്ടുകാരികളെ എനിക്കു കിട്ടി, പലരോടും ഞാന്‍ വല്ലാതെ അടുക്കുകയും ചെയ്തു.

ഈ ഒരനുഭവം മനസ്സില്‍ ഏല്‍പ്പിച്ച മുറിവാണോ എന്നറിയില്ല, അന്നു തൊട്ടിന്നു വരെ പിന്നെയെനിക്ക്‌ ഒരു പെണ്‍കുട്ടിയോടും സ്നേഹം അല്ല പ്രേമം തോന്നാത്തതും.

ക്ലാസ്സെല്ലാം കഴിഞ്ഞ്‌ പിരിയുന്ന നേരം എന്നോടവള്‍ രണ്ട്‌ കാര്യങ്ങളെ ആവശ്യപ്പെട്ടുള്ളു...അന്നവള്‍ക്കു കൊടുത്തൊരു വാക്കാണ്‌, വര്‍ഷം പത്ത്‌ (ഇന്നലെ കൃത്യം 10 വര്‍ഷം, ഒരു പക്ഷെ അതാവാം ഇപ്പോള്‍ ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും) കഴിഞ്ഞിട്ടും ഞാന്‍ തെറ്റിച്ചിട്ടില്ല. മറ്റൊന്നുമല്ല, അന്ന് നിര്‍ത്തിയ വെള്ളമടി....:)

മറ്റൊരു വാക്ക്‌, അതു കാലം തെളിയിക്കേണ്ടതാണ്‌. കാത്തിരുന്നു കാണാം..:)

സ്വന്തം
യാത്രികന്‍

14 അഭിപ്രായങ്ങൾ:

യാത്രികന്‍ പറഞ്ഞു...

ഏകദേശം ഒരു മാസത്തിനു ശേഷം വീണ്ടും ചില ഓര്‍മക്കുറിപ്പുകളുമായി ഞാന് വീണ്ടും….
ഇന്നലെ തൊട്ട് 4-5 പ്രാ‍്വശ്യമായി ഞാന് ഒരേ പോസ്റ്റ് തന്നെ വീണ്ടും വീണ്ടും പോസ്റ്റുണു…
എനിക്കു മടുത്തു….

ഈ ബ്ലോഗറിന്റെ ഡറ്റബേസ് എററ് ന്നാണ് പറയണെ….
ആരെങ്കിലും ഒന്ന് ഹെല്‍പ്പാമോ?????????

യാത്രികന്

ഇടിവാള്‍ പറഞ്ഞു...

ഇപ്പോള്‍ ശെരിയായി യാത്രികാ...

പിന്നേ, ജോലിയുംതാമസവുമെല്ലാം ഇന്ത്യയിലാണോ ? അതോ വിദേശത്തോ ?

MY Email itival@gawab.com

പണിക്കന്‍ പറഞ്ഞു...

നന്നായിരിക്കുന്നു...

സ്നേഹബന്ധങ്ങള്‍ കാലയവനികക്കു പുറകില്‍ മറയുമ്പോഴും ഓര്‍മ്മകള്‍ മനസ്സില്‍ ആട്ടം തുടരുന്നു...

::പുല്ലൂരാൻ:: പറഞ്ഞു...

ippo ellaam Sariyaayi nnu thOnnunnu... alle.. pOst kaaNaan patunnuntallo...

ഇടിവാള്‍ പറഞ്ഞു...

റ്റെസ്റ്റെര്‍

അജ്ഞാതന്‍ പറഞ്ഞു...

യത്രികാ നന്നയിട്ടുണ്ട്‌, ഇതെന്റെ പഴയ കോളേജ്‌ കാലം ഓര്‍മിപ്പിച്ചു
എന്റെ ബിച്ചുവിനെയും അവളുടെ ചക്കരെയെയും.

പ്രവാസി

Adithyan പറഞ്ഞു...

യാത്രികാ
നന്നായി എഴുതിയിരിക്കുന്നു. :)

അജ്ഞാതന്‍ പറഞ്ഞു...

പരീക്ഷണം

ബിന്ദു പറഞ്ഞു...

വായിച്ച ഉടനെ കമന്റാന്‍ നോക്കിയതാണ്‌. പറ്റിയില്ല, ഇപ്പോള്‍ എല്ലാം ശരിയായോ?
:)

മുസാഫിര്‍ പറഞ്ഞു...

നന്നായിട്ടുണ്ടു,ചില നല്ല ആളുകള്‍ക്കു നമ്മുടെ ജീവിതത്തെ എങ്ങിനെ സ്വാധീനിക്കാനാവും എന്നതിന്റെ ഉദാഹരണം.

സു | Su പറഞ്ഞു...

കുറേ പ്രാവശ്യം വന്നു നോക്കി. ബ്ലോഗ്ഗര്‍ അനുവാദം തന്നില്ല. കമന്റടിക്കാന്‍.

“ മറ്റൊരു വാക്ക്‌, അതു കാലം തെളിയിക്കേണ്ടതാണ്‌. കാത്തിരുന്നു കാണാം..:)“

അതേത് വാക്ക് ;)

ഏതൊ ഒരു “സ്വപ്ന“ പറഞ്ഞു...

എല്ലാ ആണ്‍കുട്ടികളും ഇങ്ങനെ ആയിരുന്നെങ്കില്‍ എന്നു ചിന്തിച്ചു പോകുന്നു. :-)

ഇത്തിരിവെട്ടം|Ithiri പറഞ്ഞു...

യാത്രികാ അസ്സലായി...

സനില്‍ പറഞ്ഞു...

kidilan orma kuripp....nannyirikkunnu

malayalathil type cheyyan padikkunne ulloooo