ബുധനാഴ്‌ച, ഓഗസ്റ്റ് 16, 2006

അവ്യക്ത്മായ ചില ബാല്യകാല സ്മരണകള്‍ ....

എനിക്കോര്‍മ്മ വച്ച കാലത്ത്‌ ഞങ്ങള്‍ താമസം കമ്പനി വക (അമ്മക്കു ഒരു പൊതുമേഖല സ്ഥാപനത്തില്‍ ആയിരുന്നു ജോലി) ക്വാര്‍ട്ടേഴ്സില്‍ ആയിരുന്നു. ഞാനും അമ്മയും ഓപ്പോളും ഏട്ടനും പിന്നെ ഞങ്ങളെ നോക്കാന്‍ നില്‍ക്കുന്ന നാണിക്കുട്ടിയും.

അച്ഛനന്ന് പാലക്കാടാണ്‌ ജോലി.എനിക്കത്രയെ ഓര്‍മയുള്ളു. ശനിയാഴ്ച്ച രാത്രി അച്ഛനെത്തുമ്പോഴേക്കും ഞാന്‍ ഉറങ്ങിയിട്ടുണ്ടാകും. ഞായറാഴ്ച്ച ഞാന്‍ എണീക്കുമ്പോഴേക്കും അച്ഛന്‍ തറവാട്ടിലേക്കു പോയിട്ടുണ്ടാകും, കുളിച്ചു തൊഴാന്‍. ഉച്ച്ക്കു ഊണ്‌ കഴിക്കാന്‍ അച്ഛന്‍ എത്തുമ്പോള്‍, പേടിയാണ്‌. സ്കൂളിലെ കാര്യങ്ങള്‍, പഠിത്തം അങ്ങിനെ ഓരോന്നും ചോദിക്കും, ആവശ്യമെന്നു കണ്ടാല്‍ വഴക്കു പറയും, അടിച്ചതായി എന്റെ ഓര്‍മയില്‍ ഇല്ല്യ.

മൂന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ആണ്‌ അച്ഛന്‌ ഇടപ്പള്ളിക്ക്‌ മാറ്റം കിട്ടിയത്‌. പിന്നെ ഇടക്കു ഞങ്ങളെ എറണാകുളത്തെ കുട്ടികളുടെ പാര്‍ക്കില്‍ കൊണ്ടു പോകും, അവിടത്തെ സൈക്കിള്‍ പോലെയുള്ള പെഡല്‍ സ്കൂട്ടറില്‍ കയറ്റും, ഐസ്ക്രീം വാങ്ങി തരും,പാര്‍ക്കിലെ കുതിരപ്പുറത്തു കയറ്റും... എന്തു രസമായിരുന്നു ആ കാലഘട്ടം.

അടുത്ത കൊല്ലത്തെ ഒരു ദിവസം, എനിക്കന്നും ഇന്നും മനസ്സിലുണ്ട്‌.അച്ഛനു പനിയും ചുമയും ആയതു കൊണ്ട്‌ അടുത്തുള്ള ചൈതന്യ നഴ്സിംഗ്‌ ഹോമില്‍ ആയിരുന്നു കുറച്ചു ദിവസമായി, കൂടെ അമ്മയും. ക്വാര്‍ട്ടേഴ്സില്‍ ഞങ്ങള്‍ കുട്ടികള്‍ മാത്രം ആയതു കൊണ്ട്‌ ഞങ്ങളുടെ കൂടെ വല്ല്യച്ഛന്റെ മകള്‍ സുജോപ്പോളും ഉണ്ടായിരുന്നു. സന്ധ്യക്കു താഴത്തെ വീട്ടിലെ ആരോ വന്നു എന്തോ പറഞ്ഞു. അതു വരെ ഞാനും ഏട്ടനും പതിവു പോലെ ഡിഷും ഡിഷും കളിച്ചുകൊണ്ടിരിക്കായിരുന്നു. സുജോപ്പോളുടെയും ഓപ്പോളുടെയും കരച്ചില്‍ കേട്ടാണ്‌ ഓടി ചെന്നത്‌, ഒന്നും മനസ്സിലാവാതെ ഓപ്പോളുടെ മുഖത്തു നോക്കിയപ്പോള്‍ ഓപ്പോളു പറഞ്ഞു :അച്ഛന്‍ പോയി.

മരണം എന്താണ്‌ എന്നറിയാത്തതു കൊണ്ടോ എന്തോ എനിക്കപ്പോള്‍ പ്രത്യേകിച്ചു ഒന്നും തോന്നിയില്ല്യ. അച്ഛന്‍ എവിടേക്കോ പോയി എന്നു മാത്രമെ എനിക്കു തോന്നിയുള്ളു. എല്ലാരുടെയും കൂടെ അടുത്തുള്ള വീട്ടില്‍ ചെന്നിരിക്കുമ്പോഴും എനിക്കൊന്നും മനസ്സിലായില്ല്യ, എല്ലാരും ഞങ്ങളെ നോക്കി കരയുന്നതെന്തിനാണെന്ന്‌. അവിടെ കിടന്നിരുന്ന പൂമ്പാറ്റ വായിച്ചു കൊണ്ടിരുന്ന എന്റെയടുത്ത്‌ ഒരാന്റി വന്നു പറഞ്ഞു "അതു വായിച്ചിരിക്കാതെ അച്ഛനു വേണ്ടി എന്തെങ്കിലും പ്രാര്‍ഥിക്കു". എന്തിനാണ്‌ ന്ന്‌ ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ എന്തോ കഴിഞ്ഞില്ല്യ, അതു പോലെ ആയിരുന്നു എല്ലാരും എന്നെ നോക്കിയിരുന്നിരുന്നത്‌.

എല്ലാരുടെയും കരച്ചില്‍ കേട്ടതു കൊണ്ടോ, അതോ ഓപ്പോളുമാരുടെ കരച്ചില്‍ കണ്ടിട്ടാണോ എന്നറിയില്ല, അച്ഛന്‍ ആരോടും പറയാതെ കുറെ ദൂരെ എവിടേക്കോ പോയി എന്നെനിക്കു തോന്നി. അന്നത്തെ ആ പ്രാര്‍ഥന എനിക്കിന്നും ഓര്‍മയുണ്ട്‌ "ഈശ്വരാ, അച്ഛന്‍ നാളെ തിരിച്ചു വരണെ. ഞാന്‍ മിടുക്കനായിട്ടിരുന്നോളാം". ഇനിയൊരിക്കലും വരാത്ത സ്ഥലത്തേക്കാണ്‌ അച്ഛന്‍ പോയതു എന്നു മനസ്സിലാക്കാന്‍ എനിക്കു പിന്നെയും കുറെ മാസങ്ങള്‍ വേണ്ടി വന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ വന്നു പറഞ്ഞു നമുക്കില്ലത്തേക്കു പോകാം, ഇനി കുറച്ചു ദിവസം നമ്മള്‍ അവിടെയായിരിക്കും ന്ന്. എന്തിനാണ്‌ പോകുന്നതെന്നോ ഒന്നും മനസ്സിലായില്ലെങ്കിലും അപ്പോള്‍ ഒരു സന്തോഷം ആണ്‌ തോന്നിയത്‌. അവിടത്തെ കശുമാവിന്‍ തൊടി, പാടം, കുളം, തോട്‌ ഇതെല്ലാം ആണെന്റെ മനസ്സില്‍ വന്നത്‌. ഇല്ലത്തെത്തിയപ്പോള്‍ അവിടെ ഒരാള്‍ക്കൂട്ടവും, എല്ലാരും കാറില്‍ നിന്നിറങ്ങുന്ന ഞങ്ങളെ നോക്കി കരയുന്നതും കണ്ടു. പുറത്തളത്തിലെത്തിയപ്പോള്‍ വല്ല്യച്ഛന്‍ വന്നു പറഞ്ഞു, അച്ഛന്‍ തെക്കിനിയിലുണ്ട്‌ ഷര്‍ട്ടൊക്കെ ഊരി അവിടെ ചെന്നു നമസ്ക്കരിക്കു ന്ന്‌. ഈശ്വരന്‍ ഇത്ര പെട്ടന്ന്‌ ഞാന്‍ പറഞ്ഞതു കേട്ടോ എന്നു കരുതി ഞാന്‍ ഓപ്പോളോട്‌ ചോദിച്ചു "അച്ഛന്‍ ദൂരെ എവിടെയോ പോയി എന്നു ഓപ്പോളല്ലെ പറഞ്ഞെ, പിന്നെങ്ങിന്യാ ഇത്ര പെട്ടന്നു തിരിച്ചു വന്നെ".

ഓപ്പോളുടെ പുറകില്‍ നിന്ന് അച്ഛനെ പ്രദക്ഷിണം വക്കുമ്പോഴും എന്റെ ശ്രദ്ധ മുഴുവന്‍ തെക്കിനിയുടെ ജനലിന്റെയടുത്തു നിന്ന്‌ ഞങ്ങളെ നോക്കി ഉറക്കെ കരഞ്ഞിരുന്ന ഇല്ലത്തെ അമ്പലത്തിലെ കതിനാ വെടിക്കാരന്‍ കുമാരനേയും പറമ്പിലെ പണിക്കാരന്‍ വാസുവിനേയുമായിരുന്നു. രാത്രി ആയതു കാരണം അച്ഛന്‍ പുതച്ചു കിടന്ന് ഉറങ്ങുകയാണ്‌ എന്നെ എനിക്കു തോന്നിയുള്ളു.

ആള്‍ക്കൂട്ടത്തിനിടക്കും അകത്തളങ്ങളിലും ഓടി നടക്കുമ്പോഴും ഞാന്‍ നോക്കിയിരുന്നു, പക്ഷെ അവിടെയൊന്നും എനിക്കമ്മയെ കാണാന്‍ കഴിഞ്ഞില്ല്യ. ഇടക്കോടി തളര്‍ന്നു നാലുകെട്ടില്‍ വന്നു നോക്കുമ്പോഴും അച്ഛന്‍ അപ്പോഴും ഉറക്കമായിരുന്നു. ഇല്ലത്തെ വടക്കെ അറയില്‍ കിടക്കുമ്പോള്‍ സാധാരണ തോന്നിയിരുന്ന ഒരു പേടി അന്നും തോന്നി, വേഗം ഉറങ്ങിയില്ലെങ്കില്‍ വന്നിരുന്ന രണ്ടു കണ്ണനേയും വല്യ എട്ടുകാലിയെയും. പിറ്റെ ദിവസം രാവിലെ അച്ഛന്‍ ഇനിയും എഴുന്നേറ്റില്ല്യെ ന്നു കരുതി നടന്നിരുന്ന എന്റെയടുത്ത്‌ വന്നേട്ടന്‍ പറഞ്ഞു "എടാ, ഹെഡ്മിസ്റ്റ്രസ്സും റ്റീച്ചേര്‍സും വന്നിട്ടുണ്ട്‌, നിന്നെ വിളിക്ക്ണ്ട്‌". ഹെഡ്മിസ്റ്റ്രസ്സിന്റെ ചൂരല്‍ എപ്പോഴും മനസ്സിലുള്ളതു കൊണ്ട്‌, ഞാന്‍ പെട്ടന്ന്‌ മിടുക്കനായി, അടുത്ത്‌ ചെന്നപ്പോള്‍ പതിവില്ലാതെ എന്നെ അടുത്തു ചേര്‍ത്തി നിര്‍ത്തി അവരു പറഞ്ഞു "ഇനി മിടുക്കനായി പഠിക്കണം ട്ടോ,അമ്മക്കിനി നിങ്ങളേയുള്ളു". അപ്പോഴും ഒന്നും മനസ്സിലായില്ലെങ്കിലും "യെസ്‌ റ്റീച്ചര്‍" പറഞ്ഞു ഞാനോടി ഓപ്പോളുടെ അടുത്തേക്ക്‌, "ഓപ്പോളെ, ദേ റ്റീച്ചര്‍മാരു വന്നേക്കുണു".

പിന്നെ നടന്നതൊന്നും അത്ര ഓര്‍മ്മയില്ലെങ്കിലും, രാവിലെ കുളത്തിലെ തണുത്ത വെള്ളത്തില്‍ 11 തവണ മുങ്ങാന്‍ മടിച്ചു വാശി പിടിച്ചതും അതിനു വല്ല്യച്ഛന്‍ വഴക്കു പറഞ്ഞതും, അന്ത്യ ക്രിയകള്‍ക്കിടയിലെപ്പോഴൊ ഒരു കുടം വലിച്ചെറിഞ്ഞു പൊട്ടിക്കുന്നതും അത്‌ കണ്ട്‌ പുഞ്ചിരിച്ച എന്നെ ആരോ വഴക്കു പറഞ്ഞതും എല്ലാം ഇന്നും ഞാനോര്‍ക്കുന്നു.

ഇന്നു പേരുകള്‍ ഞാന്‍ മറന്നുവെങ്കിലും, രണ്ടു മാസം കഴിഞ്ഞു സ്കൂളില്‍ എത്തിയപ്പോള്‍ എന്നെ കെട്ടി പിടിച്ചു കരഞ്ഞ റ്റീച്ചറും, രണ്ടു മാസത്തെ നോട്ടുകള്‍ എനിക്കെഴുതി തന്ന കൂട്ടുകാരിയേയും, അടുത്തിരുന്ന കൂട്ടുകാരന്റെ ചെവിയില്‍ എന്തോ വല്ല്യ കാര്യം പോലെ എന്റെയച്ഛന്‍ മരിച്ചു എന്നു പറഞ്ഞതുമെല്ലാം ഞാനെങ്ങ്ന്യാ മറക്കണേ?

അടുത്ത ദിവസം ആരോ പറയുന്നത്‌ കേട്ട്‌ ഞാന്‍ പത്രവുമെടുത്ത്‌ അടുക്കളയില്‍ നിന്നിരുന്ന വല്ല്യമ്മയുടെ അടുത്തേക്കോടി "വല്ല്യമ്മേ ദേ പേപ്പറില്‍ അച്ഛന്റെ പടം". "സാരല്ല്യ കുട്ടാ" ന്ന് പറഞ്ഞു വല്ല്യമ്മ എന്നെ കെട്ടിപിടിച്ചു കരന്യുമ്പോഴും ഞാന്‍ ആ പടം നോക്കി ചിരിച്ചതേയുള്ളു.

എപ്പോഴും കരഞ്ഞു കൊണ്ടിരുന്ന അമ്മയുടെ മുഖം, എവിടെയും ഒരു സഹതാപമാര്‍ന്ന നോട്ടം, പലയിടത്തും ഒരു പ്രത്യേക പരിഗണന... പക്ഷെ മാസങ്ങള്‍ (അതോ വര്‍ഷങ്ങളോ) എടുത്തു എനിക്കു സത്യത്തോട്‌ പൊരുത്തപ്പെടാന്‍. അതു വരെയും അച്ഛന്‍ ഇന്നു വരും നാളെ വരും എന്നുള്ള ഒരു പ്രതീക്ഷയില്‍ ആയിരുന്നു ഞാന്‍.

അച്ഛനെ കുറിച്ചു അവ്യക്തമായ ഓര്‍മകളെയുള്ളുവെങ്കിലും, അച്ഛന്‍ കൊണ്ടുവന്നിരുന്ന പാല്‍ക്കട്ടിയുടെ (ഇന്നത്തെ മില്‍മ പേഡ) സ്വാദ്‌ ഇന്നുമെനിക്കോര്‍മ്മയുണ്ട്‌. ഞായറാഴ്ച്ച വൈകുന്നേരം അച്ഛന്‍ പോകുമ്പോള്‍, ജനലിന്റെ ഇടയിലൂടെ കൈയ്യിട്ട്‌ റ്റാറ്റ പറയുന്നതും ബസ്സില്‍ കയറിയാലും തിരിഞ്ഞു നോക്കുന്ന അച്ഛനും എല്ലാം ഇന്നു മനസ്സില്‍ മായാതെ നില്‍ക്കുന്നു.വര്‍ഷങ്ങള്‍ കഴിഞ്ഞിപ്പോള്‍, ഇന്നു ഞാനറിയുന്നു അച്ഛന്‍ എന്ന വ്യക്തിയുടെ കുറവ്‌. പലപ്പോഴും ഓര്‍ക്കും, അച്ഛനുണ്ടായിരുന്നെങ്കില്‍ ....


യാത്രികന്‍

18 അഭിപ്രായങ്ങൾ:

യാത്രികന്‍ പറഞ്ഞു...

അവ്യക്ത്മായ ചില ബാല്യകാല സ്മരണകള്‍ ....

അവ്യക്തമായതും ഓര്‍ക്കാന്‍ അധികം ഇഷ്ടപ്പെടാത്തതുമായ ചില ഓര്‍മ്മക്കുറിപ്പുകള്‍

യാത്രികന്‍

കൈത്തിരി പറഞ്ഞു...

യാത്രികാ, ചങ്ങാതീ, നന്നായി നോവിച്ചല്ലോടോ... എന്റെ പിതാവു വേര്‍പെടുമ്പോള്‍ മീശക്കു കനം വെച്ചിരുന്നതിനാല്‍ ആ നോവ് നന്നായറിഞ്ഞവനാണു ഞാന്‍... അനുഭവങ്ങളില്‍ നൊമ്പരം നിറച്ചു പങ്കുവെച്ചതിനു നന്ദി.. “ഞാനൊന്നു കരയുമ്പോള്‍ അറിയാതെ ഉരുകുമെന്‍ അച്ഛനെയാണെനിക്കിഷ്ടം...”

അഗ്രജന്‍ പറഞ്ഞു...

വരികള്‍ നൊമ്പരപ്പെടുത്തി.
ആശ്വസിപ്പിക്കാന്‍ അറിയില്ല.

ദില്‍ബാസുരന്‍ പറഞ്ഞു...

യാത്രികാ,
ശരിക്കും വേദനിച്ചു. എനിക്ക് പറയാന്‍ ആശ്വാസ വാക്കുകള്‍ കിട്ടുന്നില്ല.

ശാലിനി പറഞ്ഞു...

വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നു കരയണം എന്നു തൊന്നുന്നു. ഞാന്‍ ഈ മരുഭൂമിയില്‍ വന്നതിന്റെ 3ആം ദിവസമാണ് അച്ഛന്‍ മരിച്ചതു. 2 വര്‍ഷം കഴിഞ്ഞിട്ടും വിങ്ങല്‍ മാറിയിട്ടില്ല. യാത്രികന്റെ ദുഖം മനസിലാവുന്നു.

വല്യമ്മായി പറഞ്ഞു...

കണ്ണ് നനയിച്ചല്ലോ യാത്രികാ.....

അത്തിക്കുര്‍ശി പറഞ്ഞു...

ഓപ്പോളുടെ പുറകില്‍ നിന്ന് അച്ഛനെ പ്രദക്ഷിണം വക്കുമ്പോഴും എന്റെ ശ്രദ്ധ മുഴുവന്‍ തെക്കിനിയുടെ ജനലിന്റെയടുത്തു നിന്ന്‌ ഞങ്ങളെ നോക്കി ഉറക്കെ കരഞ്ഞിരുന്ന ഇല്ലത്തെ അമ്പലത്തിലെ കതിനാ വെടിക്കാരന്‍ കുമാരനേയും പറമ്പിലെ പണിക്കാരന്‍ വാസുവിനേയുമായിരുന്നു. രാത്രി ആയതു കാരണം അച്ഛന്‍ പുതച്ചു കിടന്ന് ഉറങ്ങുകയാണ്‌ എന്നെ എനിക്കു തോന്നിയുള്ളു.
......

യാത്രികാ,

നിന്റെ നോവുകളും ഓര്‍മ്മകളും..അച്ചനുണരാത്ത ആ വീടും, വല്ലാത്തൊരു നൊമ്പരം...

ബിരിയാണിക്കുട്ടി പറഞ്ഞു...

സങ്കടായി. “ആത്മാവില്‍ ഒരു ചിത” ഓര്‍മ്മ വന്നു. :(

കണ്ണൂസ്‌ പറഞ്ഞു...

:-(

ഇത്തിരിവെട്ടം|Ithiri പറഞ്ഞു...

യാത്രികാ എന്തെഴുതണം എന്നറിയില്ല.. നന്നായി.. ഒത്തിരി..

ഞാനും അനുഭവിച്ചിട്ടുണ്ട് ഇത്. എന്റെ ഉമ്മയുടെ ഉപ്പയുടെ വിയോഗസമയം. പ്രാവാസിയായ പിതാവില്‍നിന്ന ലഭിക്കതെപ്പോയ വാത്സല്യം ഞങ്ങള്‍ക്കു തന്നിരുന്നത് ആ വലിയ മനുഷ്യനായിരുന്നു..

സു | Su പറഞ്ഞു...

:(

അജ്ഞാതന്‍ പറഞ്ഞു...

yathrika,


devi

ബിന്ദു പറഞ്ഞു...

സങ്കടമായി.. വളരെ.. :(

അജ്ഞാതന്‍ പറഞ്ഞു...

ഒന്നും പറയാന്‍ പറ്റണില്ല്യ...ഒരിക്കലും മായാത്ത വേദനകള്‍!

കൊച്ചു മുതലാളി പറഞ്ഞു...

:-{
(:-{

Maya പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Maya പറഞ്ഞു...

കരഞ്ഞു പോയി.....ശരിക്കും......വേറെ ഒന്നും എഴുതാന്‍ പറ്റുന്നില്ല...ക്ഷമിക്കണം :(

appu പറഞ്ഞു...

kinaru vari kettikondirunna panikkarane nokki.. "Balaa.. kinattil veenal.. Chatthu poyal pinne jeevichirikkillya tto" ennu paranja enne orma vannu yaathrikaa.. maranam tharunna vitavu manassilaakkan pattathathu oru anurahamano atho..?