വ്യാഴാഴ്‌ച, ഒക്‌ടോബർ 02, 2008

നിഴലാട്ടം


എം ടി യുടെ വാക്കുകള്‍ പണ്ട്‌ എപ്പോഴൊ വായിച്ചതായി ഓര്‍മ വരുന്നു. .. 'ഓഫീസിലിരിക്കുമ്പോള്‍ എഴുതാനുള്ള പ്രേരണയും ആശയങ്ങളും മനസിലേക്ക്‌ ഓടിയെത്തുന്നു.... എഴുതാനായി സമയം കണ്ടെത്തി ലീവെടുത്ത്‌ വീട്ടിലിരിക്കുമ്പോള്‍ മനസ്സ്‌ പലപ്പോഴും ശൂന്യമാകുന്നു'.


ഇപ്പോള്‍ എന്റെ അവസ്ഥയും വേറൊന്നല്ല. എഴുതാനായി എടുക്കുന്ന തൂലിക കൈവിരലുകളില്‍ വെറുതെ തിരിഞ്ഞു മറിഞ്ഞു കളിക്കുന്നു. എന്തു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌.....??കണ്ണുകള്‍ പതുക്കെ അടയുകയും മനസ്സു കിനാവിന്റെ പുല്‍പ്പരപ്പില്‍ വാക്കുകള്‍ക്കായി വിഹരിക്കാനും തുടങ്ങുന്നു.. എന്തെഴുതിയാലാണു ഞാന്‍ കണ്ട കിനാവുകള്‍ അതേ പച്ചപ്പോടെ പകര്‍ത്താന്‍ കഴിയുക? എങ്ങനെ വരച്ചാലാണ്‌ എന്റെ മനസ്സിലെ ചിത്രങ്ങള്‍ക്കു മഴവില്ലിന്റെ നിറം കിട്ടുക??ഞാന്‍ എഴുതാനുദ്ദേശിക്കുന്നത്‌ അവളെ കുറിച്ചാണ്‌..


ഞാന്‍ കണ്ട കിനാവുകളില്‍ അവളായിരുന്നു..

അരങ്ങിലാണു ഞങ്ങള്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നത്‌..

നളനും ദമയന്തിയുമായി,

പാര്‍വതിയും വജത്ഭുവുമായി,

സീതയും ജനകനുമായി..

പ്രണയിച്ചും പരിഭവിച്ചും വാത്സല്യത്തോദെ താലോലിച്ചും അരങ്ങത്തുള്ളപ്പോള്‍ ഞങ്ങള്‍ സ്വയം മറന്നു പോകുന്നു.

ആട്ടവിളക്കിന്റെ വെളിച്ചത്തില്‍ അവള്‍ ചിരിക്കുമ്പോള്‍ മനസ്സില്‍ പൂക്കള്‍ നിറയുന്ന വസന്ത കാലം ഉണ്ടാകുന്നു,കണ്ണുനീര്‍ പൊഴിക്കുമ്പോള്‍ മഴക്കാലവും,കോപിക്കുമ്പോള്‍ പൊള്ളുന്ന വെയിലിന്റെ പ്രതീതിയും തോന്നുന്നു. അരങ്ങിലെ കാഴ്ചക്കാര്‍ യധാര്‍ഥ ജീവിതത്തില്‍ ആരൊക്കെയോ ആണ്‌.ഭാര്യ, അമ്മ, മകന്‍, മകള്‍, സുഹൃത്ത്‌...അങ്ങനെ ആരൊക്കെയോ.അരങ്ങില്‍ ഈ വേഷങ്ങളെല്ലാം ഞങ്ങള്‍ രണ്ടു പേരു മാത്രമാണു. ഒരരങ്ങു കഴിഞ്ഞൊഴിയുമ്പോള്‍ ഞങ്ങള്‍ ഒരു യുഗം ജീവിചു തീര്‍ക്കുന്നു.

അരങ്ങൊഴിഞ്ഞു രണ്ടു ധ്രുവങ്ങളിലേക്കായി പിരിയുമ്പോള്‍ എന്റെ കണ്ണുകള്‍ പറയുന്ന കഥ അവള്‍ കണ്ടിലെന്നു നടിക്കുകയാണൊ? അതോ സുന്ദരമായ ഒരു പുഞ്ചിരിയില്‍ എന്റെ കണ്ണുകളെ മോഹിപ്പിച്ചു സ്വയം മറന്നു നില്‍ക്കുമ്പോള്‍ അവള്‍ മാറി മറയുകയാണൊ?യധാര്‍ഥ ജീവിതത്തില്‍ അവളുടെ ആരായിരുന്നു ഞാന്‍?? അറിയില്ല..പക്ഷെ അവള്‍ എന്റെ എല്ലാമാണ്‌..

പാടി പതിഞ്ഞ പല്ലവിയും, ആടി മടുത്ത ചുവടുകളും അരൊങ്ങൊഴിഞ്ഞിരിരിക്കുമ്പോള്‍ ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. ആട്ടവിളക്കായി കത്തി ജ്വലിച്ചു നില്‍ക്കുന്ന നിറഞ്ഞ സന്ധ്യയില്‍ പദങ്ങള്‍ പാടുന്നത്‌ ചെംബക പൂവിന്റെ സുഗന്ധമുള്ള കാറ്റാണ്‌.. താളമേളങ്ങള്‍ നല്‍കുന്നത്‌ മുളംകാട്ടിലെ മരങ്ങളും..എന്റെ നിഴലിനു കൂട്ടായി നിന്റെ നിഴലിതാ വീണ്ടും അരങ്ങു തകര്‍ക്കുന്നു. സുന്ദരമായ ഈ നിഴലാട്ടം കാണാന്‍ കാഴ്ചക്കാരനായി ഞാന്‍ മാത്രം...

(ഓര്‍മകളുടെ നിഴലാട്ടം ഭദ്രയുടെ കണ്ണുകളിലൂടെ...)

ശനിയാഴ്‌ച, ജൂലൈ 05, 2008

അവളുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒരു ചുവരിന്റേയോ നിറങ്ങളുടേയോ അതിരുകളില്ലാതെ ഞാന്‍ നിറം ചാര്‍ത്തി..

ആരും കാണാതെ പുസ്തകത്താളുകളില്‍ ഒളിപ്പിച്ച മയില്‍പീലിയുടെ ഏഴു നിറങ്ങള്‍..

എല്ലാം അറിഞ്ഞുകൊണ്ടവള്‍ എന്റെ ചിത്രങ്ങള്‍ക്കു മീതെ ഒരു കറുത്ത മൂടുപടമിട്ട്‌ അതിനെ മറച്ചു..

വെയിലേറ്റാല്‍ എന്റെ മയിലിപ്പീലി ചായങ്ങളില്‍ നിന്ന്‌ ജീവന്റെ തുടിപ്പുകള്‍ അടര്‍ന്നു പോയെങ്കിലോ ???
എങ്കിലും ഇന്നും ഞാന്‍ വരച്ചു കൊണ്ടേയിരിക്കുക്കയാണ്‌..

വീണ്ടുമവളുടെ മനസ്സിന്റെ താളുകളിലേക്ക്‌ ഒളിപ്പിക്കാന്‍ കുറച്ചു നിറങ്ങളുമായി..

ശനിയാഴ്‌ച, ജൂൺ 28, 2008

അപ്പൂപ്പന്‍ താടികള്‍..

കാറ്റത്ത്‌ ഒരുപാട്‌ അപ്പൂപ്പന്‍ താടികള്‍ പറന്നു നടക്കാറുണ്ട്‌..പക്ഷെ ഒന്നും എന്റെ കയ്യിലേക്കെത്തിയിരുന്നില്ല...

കുറെ തവണ നോക്കിതന്നെ ഇരുന്നു...ഇങ്ങോട്ടു പറന്നു വരുമോ...എന്ന്‌...

അങ്ങനെ ഓടി നടന്നു..കയ്‌പ്പിടിയില്‍ ഒതുക്കാന്‍..ജീവനോടെ ഒതുക്കാന്‍..

കിട്ടിയപ്പോള്‍, പിടി മുറുക്കുമ്പോഴേക്കും അതു വഴുതി പോയി..ഇനിയും തൊടാം എന്ന ദൂരത്തേക്ക്‌..ഒപ്പം ഞാനും..

പ്രാര്‍ത്‌ഥിക്കുകയാണ്‌..അതങ്ങു ഉയര്‍ന്നു പൊങ്ങുമ്പോള്‍ എന്നെയും ഉയര്‍ത്തണേ എന്ന്‌....

തൊടാവുന്ന ദൂരത്ത്‌...എപ്പോള്‍ വേണെമെങ്കിലും സ്വന്തമാക്കാവുന്ന ദൂരത്ത്‌ അതുണ്ടാവണേ എന്നു...

കയ്‌പ്പിടിയിലൊതുങ്ങിയില്ലെങ്കിലും....അതുണ്ടാവണേ എന്നു, എന്റെ കണ്മുന്‍പില്‍ ..

വ്യര്‍ഥമാണെന്നുറപ്പുള്ള ഒരു കാത്തിരിപ്പ്‌.. എന്തിന്‌?അറിയില്ല..

പക്ഷെ ആ കാത്തിരിപ്പിനും ഒരു സുഖമുണ്ടായിരുന്നു.. ഒരു സുഖമുള്ള നൊമ്പരം പോലെ..

കാത്തിരുന്നു കാത്തിരുന്നു അവസാനമൊരു നാള്‍ ആ അപ്പൂപ്പന്‍ താടിയെ ഞാന്‍ എന്റെ കയ്യിലൊതുക്കി....

ഞാന്‍ അഹങ്കരിച്ചു.. കയ്യില്‍ ഒതുക്കിയല്ലോ എന്ന്‌....

പിന്നീടാരൊ പറഞ്ഞു കേട്ടു...കയ്കളിലേക്ക്‌ തളര്‍ന്നുവീഴുന്ന അപ്പൂപ്പന്‍ താടികളുടെ താടികള്‍ ചത്തിരിക്കും....

ഞാന്‍ അറിഞ്ഞപ്പോഴേക്കും വൈകി പോയിരുന്നു.. പാറി നടക്കുമ്പോഴേ താടിക്കു ജീവനുള്ളു എന്ന്‌..

മരിക്കും എന്നുറപ്പായിട്ടും എന്റെ കാത്തിരിപ്പു തിരിച്ചറിഞ്ഞ്‌ അതെന്റെ കയ്യിലേക്കു വീഴുകയായിരുന്നു..അതു മനസ്സിലാക്കാതെ അതിനെ എന്റെ കയ്യിലൊതുക്കി എന്നഹങ്കരിച്ച ഞാന്‍ എത്ര മണ്ടന്‍.....

ആ തിരിച്ചറിവിന്റെ നിമിഷം...ഞാന്‍, ഞാനല്ലാതെയായി...

ഇനി ഒരിക്കലും എനിക്കു ഞാനാവാന്‍ കഴിയില്ല എന്ന തിരിച്ചറിവോടെ...

എല്ലാം ഇന്നും തെളിഞ്ഞു നില്‍ക്കുന്നു,എന്റെ കണ്മുന്‍പില്‍....

നഷ്ടമാണോ.. അതോ നഷ്ടപ്പെടും എന്നുള്ള ഉറപ്പിന്റെ ഭയമാണോ??.അറിയില്ല..

ഞാന്‍ നിന്നെ ഒരുപാട്‌ സ്നേഹിക്കുന്നു എന്നുള്ളതു കൊണ്ടു നീയെന്നെ സ്നേഹിക്കുന്നു..

അതിലാത്മാര്‍ഥത ഉണ്ടോ? വെറുമൊരു തരം കടപ്പാടു വീട്ടല്‍ അല്ലേ അത്‌..?

നിന്നെ സ്നേഹിക്കുമ്പോള്‍ ഞാന്‍ ഞാനാകുന്നു എന്നത്‌ കൊണ്ടു ഞാന്‍ നിന്നെ സ്നേഹിക്കുന്നു..ഞാന്‍ നിന്നെയല്ല,മറിച്ച്‌ എന്നെ തന്നെയാണ്‌ സ്നേഹിക്കുന്നത്‌.. അതെന്റെ സ്വാര്‍ഥതയാാ ..?

ഈ കടപ്പാട്‌ .. ഈ സ്വാര്‍ഥത ..ഇതിലേതാണ്‌ തെറ്റ്‌..? അറിയില്ല ..

എങ്കിലും എല്ലാം ഞാന്‍ കാണുന്നു, എന്റെ കണ്മുന്‍പില്‍..

ഒന്നും തെറ്റല്ല, പക്ഷെ ശരിയല്ല എന്നുള്ള തിരിച്ചറിവോടെ..

എന്റെ ചിന്തകള്‍ക്ക്‌ വാക്കുകളേകിയ വൈഘരിക്കീ വാക്കുകള്‍ സ്വന്തം ..

ശനിയാഴ്‌ച, മാർച്ച് 08, 2008

ഒരു നടന്റെ തേങ്ങല്‍...

ജീവിതത്തിന്റെ അരങ്ങില്‍ എല്ലാ വേഷങ്ങളും ആടിയേ പറ്റൂ.ഏതു നടനും ഒരിക്കല്‍ അരങ്ങൊഴിഞ്ഞേ പറ്റൂ.എങ്കിലും കഥ അറിയാത്ത ആര്‍ക്കോ രംഗപ്രവേശം ചെയ്യാന്‍, എല്ലാവരുമെന്നെ നിര്‍ബന്‌ധിക്കുന്നു.ഞാന്‍ കെട്ടിയ വേഷത്തെ ഏറ്റവുമധികം ഇഷ്‌ടപ്പെട്ട നീയും.എനിക്കു വേണ്ടി ഞാനിന്നു സ്വയം മറന്നാടുകയാണ്‌...

ഇപ്പോഴെന്റെ രാത്രികള്‍ക്ക്‌ പകലിനേക്കാള്‍ നീളം കൂടുതലാണ്‌.ഊറക്കം വരാത്ത രാത്രികളില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ പേടിയാണ്‌, അടുത്ത പകലിനെ.പകല്‍ വെളിച്ചത്തില്‍ എന്റെ കൈ വിട്ടവള്‍ നടന്നകലുന്നതു ഞാന്‍ കണ്ടു.അകന്നു പോകുന്നൊരു നേര്‍ത്ത ശബ്ദം ഞാന്‍ കേട്ടു.അതെന്റെ അന്തരാത്‌മാവിന്‍ തേങ്ങലായിരുന്നു..

ഞായറാഴ്‌ച, ഫെബ്രുവരി 10, 2008

ഓര്‍മ്മക്കുറിപ്പുകള്‍...

ലോകം എന്നെ പഴിച്ചു.
നിരാശയാല്‍ ഞാനും സ്വയം ശപിച്ചു.
ഈശ്വരന്‍ കനിഞ്ഞനുഗ്രഹിച്ചു തന്ന ജീവിതത്തെ ഞാന്‍ ദുരുപയോഗിച്ചു. മധുരിച്ച കായ്‌കനികള്‍ കാലാധിക്യത്താല്‍ ചീഞ്ഞു പുഴുവരിച്ചു വെറുപ്പിക്കുന്ന നാറ്റം പരത്തുന്നതു പോലെ ഉപയോഗശൂന്യമായ്‌ എന്റെയീ ജീവിതവും.

ഹ്രുദ്യത്താളുകളില്‍ സുവര്‍ണലിപികളില്‍ എഴുതിയിരുന്ന സ്മൃതികള്‍ പോലും വാര്‍ധക്ക്യത്തിന്റെ ഇരുട്ടറകളില്‍ മങ്ങിതുടങ്ങിയിരിക്കുന്നു. ഇന്നീ പ്രകൃതി പോലും മഴയില്‍ കുളിച്ചു ശുദ്ധിവരുത്തി ഈറനണിഞ്ഞു നില്‍ക്കുന്നത്‌ എന്റെ അവസാനകര്‍മങ്ങള്‍ ചെയ്തു തീര്‍ക്കാനാണെന്നു തോന്നിപോകുന്നു. പ്രകൃതി ക്ഷോഭിക്കുകയും മലയിടുക്കുകളില്‍ വെള്ളപ്പാച്ചിലുകള്‍ക്കു ശക്തി കൂടുന്നതായും ഒരു നിമിഷം ഞാന്‍ അതിലേക്കെടുത്തെറിയപ്പെടുന്നതായും തോന്നിപോകുന്നു. ഈ പ്രകൃതിയേക്കള്‍ കലുഷമാണിന്ന്‌ എന്റെ മനസ്സ്‌. ചുറ്റുമുള്ളവര്‍ പ്രതീക്ഷയും മോഹങ്ങളും നിറഞ്ഞ കണ്ണുകളാല്‍ ജീവിതത്തെ കാമിച്ചുകൊണ്ടിരിക്കുന്നു.

രാത്രി തികച്ചും അന്ധയാണ്‌. പൊടുന്നനെ പ്രകൃതി മൂകമായതു പോലെ. ഉള്ളിലൊരു വിങ്ങുന്ന ഭീതിയുണര്‍ത്തുന്ന ഏകാന്തത. ശ്വാസമെടുക്കാന്‍ കൂടിയൊരു പേടി. ഹ്രുദയമിടുപ്പുകള്‍ക്കു ആക്കം കൂടി. ആ ഇരുട്ടറകളില്‍ ഒരു തരി വെളിച്ചം കിട്ടാനായി കണ്ണുകളെ ആവുന്നത്ര മിഴിപ്പിചു നോക്കി....

ഓര്‍മ്മക്കുറിപ്പുകള്‍...

പാതി വിരിഞ്ഞു മധുതൂകി മന്ദഹസിച്ച എന്‍ മിഴിപൂക്കളിതാ,
ഏതോ നഷ്ട സ്വപ്നത്തിന്‍ കറുത്തരാത്രിയില്‍ വീണ്ടുമൊരു വെണ്‍പൊട്ടു തേടിപോകുന്നു ...


കണ്‍തടങ്ങള്‍ തടയും നിന്‍ കണ്ണുനീരിനെ ആന്ദബാഷ്പങ്ങളാക്കന്‍ കഴിയാതെ,
നിന്‍ മിഴിനീരിനാശ്വസം പറയുവാനാകതെയുഴറുന്നു എന്‍ മനവും ...


നിന്റെയീ ആര്‍ദ്രമാം മൗനത്തെ ശബ്ദം നല്‍കി എന്റേതു മാത്രമാക്കീടാം,
ആ ശബ്ദങ്ങള്‍ക്കു നീ താളമേകുമ്പോള്‍,ശ്രുതിമീട്ടാന്‍ ആയിരം സ്വപ്നങ്ങളില്ലെ കൂടെ ...