ശനിയാഴ്‌ച, ജൂൺ 28, 2008

അപ്പൂപ്പന്‍ താടികള്‍..

കാറ്റത്ത്‌ ഒരുപാട്‌ അപ്പൂപ്പന്‍ താടികള്‍ പറന്നു നടക്കാറുണ്ട്‌..പക്ഷെ ഒന്നും എന്റെ കയ്യിലേക്കെത്തിയിരുന്നില്ല...

കുറെ തവണ നോക്കിതന്നെ ഇരുന്നു...ഇങ്ങോട്ടു പറന്നു വരുമോ...എന്ന്‌...

അങ്ങനെ ഓടി നടന്നു..കയ്‌പ്പിടിയില്‍ ഒതുക്കാന്‍..ജീവനോടെ ഒതുക്കാന്‍..

കിട്ടിയപ്പോള്‍, പിടി മുറുക്കുമ്പോഴേക്കും അതു വഴുതി പോയി..ഇനിയും തൊടാം എന്ന ദൂരത്തേക്ക്‌..ഒപ്പം ഞാനും..

പ്രാര്‍ത്‌ഥിക്കുകയാണ്‌..അതങ്ങു ഉയര്‍ന്നു പൊങ്ങുമ്പോള്‍ എന്നെയും ഉയര്‍ത്തണേ എന്ന്‌....

തൊടാവുന്ന ദൂരത്ത്‌...എപ്പോള്‍ വേണെമെങ്കിലും സ്വന്തമാക്കാവുന്ന ദൂരത്ത്‌ അതുണ്ടാവണേ എന്നു...

കയ്‌പ്പിടിയിലൊതുങ്ങിയില്ലെങ്കിലും....അതുണ്ടാവണേ എന്നു, എന്റെ കണ്മുന്‍പില്‍ ..

വ്യര്‍ഥമാണെന്നുറപ്പുള്ള ഒരു കാത്തിരിപ്പ്‌.. എന്തിന്‌?അറിയില്ല..

പക്ഷെ ആ കാത്തിരിപ്പിനും ഒരു സുഖമുണ്ടായിരുന്നു.. ഒരു സുഖമുള്ള നൊമ്പരം പോലെ..

കാത്തിരുന്നു കാത്തിരുന്നു അവസാനമൊരു നാള്‍ ആ അപ്പൂപ്പന്‍ താടിയെ ഞാന്‍ എന്റെ കയ്യിലൊതുക്കി....

ഞാന്‍ അഹങ്കരിച്ചു.. കയ്യില്‍ ഒതുക്കിയല്ലോ എന്ന്‌....

പിന്നീടാരൊ പറഞ്ഞു കേട്ടു...കയ്കളിലേക്ക്‌ തളര്‍ന്നുവീഴുന്ന അപ്പൂപ്പന്‍ താടികളുടെ താടികള്‍ ചത്തിരിക്കും....

ഞാന്‍ അറിഞ്ഞപ്പോഴേക്കും വൈകി പോയിരുന്നു.. പാറി നടക്കുമ്പോഴേ താടിക്കു ജീവനുള്ളു എന്ന്‌..

മരിക്കും എന്നുറപ്പായിട്ടും എന്റെ കാത്തിരിപ്പു തിരിച്ചറിഞ്ഞ്‌ അതെന്റെ കയ്യിലേക്കു വീഴുകയായിരുന്നു..അതു മനസ്സിലാക്കാതെ അതിനെ എന്റെ കയ്യിലൊതുക്കി എന്നഹങ്കരിച്ച ഞാന്‍ എത്ര മണ്ടന്‍.....

ആ തിരിച്ചറിവിന്റെ നിമിഷം...ഞാന്‍, ഞാനല്ലാതെയായി...

ഇനി ഒരിക്കലും എനിക്കു ഞാനാവാന്‍ കഴിയില്ല എന്ന തിരിച്ചറിവോടെ...

എല്ലാം ഇന്നും തെളിഞ്ഞു നില്‍ക്കുന്നു,എന്റെ കണ്മുന്‍പില്‍....

നഷ്ടമാണോ.. അതോ നഷ്ടപ്പെടും എന്നുള്ള ഉറപ്പിന്റെ ഭയമാണോ??.അറിയില്ല..

ഞാന്‍ നിന്നെ ഒരുപാട്‌ സ്നേഹിക്കുന്നു എന്നുള്ളതു കൊണ്ടു നീയെന്നെ സ്നേഹിക്കുന്നു..

അതിലാത്മാര്‍ഥത ഉണ്ടോ? വെറുമൊരു തരം കടപ്പാടു വീട്ടല്‍ അല്ലേ അത്‌..?

നിന്നെ സ്നേഹിക്കുമ്പോള്‍ ഞാന്‍ ഞാനാകുന്നു എന്നത്‌ കൊണ്ടു ഞാന്‍ നിന്നെ സ്നേഹിക്കുന്നു..ഞാന്‍ നിന്നെയല്ല,മറിച്ച്‌ എന്നെ തന്നെയാണ്‌ സ്നേഹിക്കുന്നത്‌.. അതെന്റെ സ്വാര്‍ഥതയാാ ..?

ഈ കടപ്പാട്‌ .. ഈ സ്വാര്‍ഥത ..ഇതിലേതാണ്‌ തെറ്റ്‌..? അറിയില്ല ..

എങ്കിലും എല്ലാം ഞാന്‍ കാണുന്നു, എന്റെ കണ്മുന്‍പില്‍..

ഒന്നും തെറ്റല്ല, പക്ഷെ ശരിയല്ല എന്നുള്ള തിരിച്ചറിവോടെ..

എന്റെ ചിന്തകള്‍ക്ക്‌ വാക്കുകളേകിയ വൈഘരിക്കീ വാക്കുകള്‍ സ്വന്തം ..