വ്യാഴാഴ്‌ച, ഒക്‌ടോബർ 02, 2008

നിഴലാട്ടം


എം ടി യുടെ വാക്കുകള്‍ പണ്ട്‌ എപ്പോഴൊ വായിച്ചതായി ഓര്‍മ വരുന്നു. .. 'ഓഫീസിലിരിക്കുമ്പോള്‍ എഴുതാനുള്ള പ്രേരണയും ആശയങ്ങളും മനസിലേക്ക്‌ ഓടിയെത്തുന്നു.... എഴുതാനായി സമയം കണ്ടെത്തി ലീവെടുത്ത്‌ വീട്ടിലിരിക്കുമ്പോള്‍ മനസ്സ്‌ പലപ്പോഴും ശൂന്യമാകുന്നു'.


ഇപ്പോള്‍ എന്റെ അവസ്ഥയും വേറൊന്നല്ല. എഴുതാനായി എടുക്കുന്ന തൂലിക കൈവിരലുകളില്‍ വെറുതെ തിരിഞ്ഞു മറിഞ്ഞു കളിക്കുന്നു. എന്തു കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌.....??കണ്ണുകള്‍ പതുക്കെ അടയുകയും മനസ്സു കിനാവിന്റെ പുല്‍പ്പരപ്പില്‍ വാക്കുകള്‍ക്കായി വിഹരിക്കാനും തുടങ്ങുന്നു.. എന്തെഴുതിയാലാണു ഞാന്‍ കണ്ട കിനാവുകള്‍ അതേ പച്ചപ്പോടെ പകര്‍ത്താന്‍ കഴിയുക? എങ്ങനെ വരച്ചാലാണ്‌ എന്റെ മനസ്സിലെ ചിത്രങ്ങള്‍ക്കു മഴവില്ലിന്റെ നിറം കിട്ടുക??ഞാന്‍ എഴുതാനുദ്ദേശിക്കുന്നത്‌ അവളെ കുറിച്ചാണ്‌..


ഞാന്‍ കണ്ട കിനാവുകളില്‍ അവളായിരുന്നു..

അരങ്ങിലാണു ഞങ്ങള്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നത്‌..

നളനും ദമയന്തിയുമായി,

പാര്‍വതിയും വജത്ഭുവുമായി,

സീതയും ജനകനുമായി..

പ്രണയിച്ചും പരിഭവിച്ചും വാത്സല്യത്തോദെ താലോലിച്ചും അരങ്ങത്തുള്ളപ്പോള്‍ ഞങ്ങള്‍ സ്വയം മറന്നു പോകുന്നു.

ആട്ടവിളക്കിന്റെ വെളിച്ചത്തില്‍ അവള്‍ ചിരിക്കുമ്പോള്‍ മനസ്സില്‍ പൂക്കള്‍ നിറയുന്ന വസന്ത കാലം ഉണ്ടാകുന്നു,കണ്ണുനീര്‍ പൊഴിക്കുമ്പോള്‍ മഴക്കാലവും,കോപിക്കുമ്പോള്‍ പൊള്ളുന്ന വെയിലിന്റെ പ്രതീതിയും തോന്നുന്നു. അരങ്ങിലെ കാഴ്ചക്കാര്‍ യധാര്‍ഥ ജീവിതത്തില്‍ ആരൊക്കെയോ ആണ്‌.ഭാര്യ, അമ്മ, മകന്‍, മകള്‍, സുഹൃത്ത്‌...അങ്ങനെ ആരൊക്കെയോ.അരങ്ങില്‍ ഈ വേഷങ്ങളെല്ലാം ഞങ്ങള്‍ രണ്ടു പേരു മാത്രമാണു. ഒരരങ്ങു കഴിഞ്ഞൊഴിയുമ്പോള്‍ ഞങ്ങള്‍ ഒരു യുഗം ജീവിചു തീര്‍ക്കുന്നു.

അരങ്ങൊഴിഞ്ഞു രണ്ടു ധ്രുവങ്ങളിലേക്കായി പിരിയുമ്പോള്‍ എന്റെ കണ്ണുകള്‍ പറയുന്ന കഥ അവള്‍ കണ്ടിലെന്നു നടിക്കുകയാണൊ? അതോ സുന്ദരമായ ഒരു പുഞ്ചിരിയില്‍ എന്റെ കണ്ണുകളെ മോഹിപ്പിച്ചു സ്വയം മറന്നു നില്‍ക്കുമ്പോള്‍ അവള്‍ മാറി മറയുകയാണൊ?യധാര്‍ഥ ജീവിതത്തില്‍ അവളുടെ ആരായിരുന്നു ഞാന്‍?? അറിയില്ല..പക്ഷെ അവള്‍ എന്റെ എല്ലാമാണ്‌..

പാടി പതിഞ്ഞ പല്ലവിയും, ആടി മടുത്ത ചുവടുകളും അരൊങ്ങൊഴിഞ്ഞിരിരിക്കുമ്പോള്‍ ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. ആട്ടവിളക്കായി കത്തി ജ്വലിച്ചു നില്‍ക്കുന്ന നിറഞ്ഞ സന്ധ്യയില്‍ പദങ്ങള്‍ പാടുന്നത്‌ ചെംബക പൂവിന്റെ സുഗന്ധമുള്ള കാറ്റാണ്‌.. താളമേളങ്ങള്‍ നല്‍കുന്നത്‌ മുളംകാട്ടിലെ മരങ്ങളും..എന്റെ നിഴലിനു കൂട്ടായി നിന്റെ നിഴലിതാ വീണ്ടും അരങ്ങു തകര്‍ക്കുന്നു. സുന്ദരമായ ഈ നിഴലാട്ടം കാണാന്‍ കാഴ്ചക്കാരനായി ഞാന്‍ മാത്രം...

(ഓര്‍മകളുടെ നിഴലാട്ടം ഭദ്രയുടെ കണ്ണുകളിലൂടെ...)