വ്യാഴാഴ്‌ച, ജനുവരി 01, 2009

ആര്‍ദ്ര...

എന്റെ മനസ്സിലും ഒരു സ്നേഹമുണ്ടായിരുന്നു.കൂടെ ഉണ്ടായിരുന്നതെല്ലാം നഷ്‌ട്ടപ്പെട്ടുവെന്ന തിരിച്ചറിവാണോ..അതോ, കൂടെ ഉണ്ടായിരുന്നു എന്നത്‌ വെറും തോന്നലായിരുന്നു എന്നുള്ള തിരിച്ചറിവാണോ..അറിയില്ല. എങ്കിലും,എല്ലാം മറന്നുവെന്ന്‌ സ്വയം ബോധിപ്പിക്കാന്‍ ഞാനിപ്പോഴൊരു വിഡ്ഢി വേഷം കെട്ടുകയാണ്‌.
ആര്‍ദ്രയാണവള്‍..
ആര്‍ക്കോ വേണ്ടിയാണവള്‍ കണ്ണടച്ച്‌ ഇരുട്ടാക്കാന്‍ ശ്രമിക്കുന്നത്‌ എന്നറിയുമ്പോള്‍, അറിയാതെ ഞാനും കണ്ണടച്ചു പോകുന്നു, ആര്‍ക്കോ വേണ്ടിയല്ല അവള്‍ക്കു വേണ്ടിയാണെന്നു മാത്രം. ഇരുട്ടിലവള്‍ ഒറ്റക്കാകരുത്‌ എന്നുള്ള ആഗ്രഹത്താല്‍..അടഞ്ഞ കണ്ണുകളിലൂടെ ഓര്‍മകളുടെ രശ്മികള്‍ മനസ്സിലേക്കു തുളച്ചു കയറുമ്പോളുള്ള വേദന സഹിക്കാന്‍,മറക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്‌..പക്ഷെ മറക്കേണ്ടത്‌ എന്റെ ജീവിതം തന്നെയാകുമ്പോള്‍ ഞാന്‍ പരാജയപ്പെടുന്നു,ഒഴുക്കില്‍ ഞാന്‍ എങ്ങോട്ടോ ഒഴുകി അകലുന്നതു പോലേ...കയ്യും കാലുമിട്ടടിച്ചു ഞാന്‍ നീന്താന്‍ ശ്രമിക്കുകയാണ്‌..ഒഴുക്കിനൊത്തു നീന്താന്‍..ആരോ വെട്ടിയിട്ട ഒരു പൊങ്ങു തടി പോലെ, എങ്ങോട്ടെന്നറിയാതെ ഒഴുകി നടക്കാന്‍...ഇപ്പോള്‍ എനിക്കു തന്നെ സംശയമാണ്‌..എന്റെ മനസ്സില്‍ ഒരു സ്നേഹമുണ്ടായിരുന്നു എന്നു പറയണോ അതോ എന്റെ മനസ്സില്‍ ഒരു സ്നേഹമുണ്ട്‌ എന്നു പറയണോ?

സൂത്രധാരന്‍...

ചിന്തകളും സ്വപ്നങ്ങളും അനുഭവങ്ങളും എല്ലാമാണ്‌ വാക്കുകളും വരികളുമായി പുറത്തേക്കു വരുന്നത്‌. അവള്‍ പറഞ്ഞ വാക്കുകളിലും എഴുതിയ വരികളിലും, എല്ലാം ഞാന്‍ അവളെ കാണാന്‍ ശ്രമിച്ചു.. അറിയാന്‍ ശ്രമിച്ചു..
കേട്ടറിഞ്ഞ വാക്കുകള്‍ക്കും, പറഞ്ഞറിഞ്ഞ വരികള്‍ക്കും എന്റേതായ അര്‍ഥങ്ങളും വ്യാഖ്യാനങ്ങളും നല്‍കി ഞാന്‍ എന്റേതായൊരു ലോകം സൃഷ്ടിച്ചു. അവളെഴുതിയ വരികളിലെ കഥാപാത്രങ്ങളെ മനസ്സിലാവാതെ വരുമ്പോള്‍ ഞാനവര്‍ക്കു എന്റെ രൂപം നല്‍കി കഥാപാത്രങ്ങളെ അറിയാന്‍ ശ്രമിച്ചു..
അവളുടെ വരികളില്‍ ഞാന്‍ കണ്ട അര്‍ഥതലങ്ങളും, വാക്കുകളില്‍ ഞാന്‍ കണ്ട വികാരങ്ങളും അവളുടെ അനുഭവങ്ങളും വിചാരങ്ങളുമാണ്‌ എന്നുള്‍ക്കൊണ്ട്‌ ഞാന്‍ എന്റെ അഭിപ്രായങ്ങളും നിരൂപണങ്ങളും പറഞ്ഞു. എല്ലാം കേട്ടുകൊണ്ട്‌, എങ്ങിനെയാണ്‌ ഇത്രക്കൊക്കെ ആലോചിക്കണെ എന്നുള്ള മറുചോദ്യത്തില്‍ അവളെല്ലാമൊതുക്കി...
വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയി..തിരശ്ശീലക്കു പിന്നിലെ കഥയറിയാതെ, ആട്ടവിളക്കിന്റെ നിഴലാട്ടത്തില്‍ മയങ്ങി ഞാന്‍ എല്ലം കണ്ടുകൊണ്ടിരുന്നു. മാറി മറഞ്ഞ കഥകളും കഥാപാത്രങ്ങളുമായി ഞാന്‍ ഏതോ ഒരു ലോകത്തായിരുന്നു.
ഒരു തിരശ്ശീലക്കു പുറകില്‍ സൂത്രധാരന്റെ വിരല്‍ത്തുമ്പുകളിലാടുന്ന കഥാപാത്രങ്ങള്‍..അവര്‍ പറയാനും ആടി തിമിര്‍ക്കാനും ശ്രമിക്കുന്ന കഥകള്‍..
തിരശ്ശീലക്കു മുന്‍പിലിരിക്കുന്നവര്‍ കഥയും കഥാപാത്രങ്ങളേയും അറിഞ്ഞ്‌ ആട്ടം കാണുന്നു. പക്ഷെ അവര്‍ കാണുന്നതു ഒരു നിഴല്‍ മാത്രമാണ്‌. അവര്‍ കാണുന്നൊരു കഥാപാത്രമായി മാറിയിരിക്കുന്നു.ഒരു സൂത്രധാരന്റെ വിരത്തുമ്പുകളില്‍ ആടുന്ന വെറുമൊരു നിഴല്‍.കഥയറിയില്ല, കഥാപാത്രത്തെ അറിയില്ല എന്തിന്‌ എന്നെ കണ്ട്‌ കഥയറിയുന്ന കാഴ്ചക്കാര്‍ ആരെന്നു പോലും അറിയുന്നില്ല..
കത്തി ജ്വലിച്ചു നില്‍ക്കുന്ന ആട്ടവിളക്കിന്റെ വെളിച്ചത്തില്‍ മറഞ്ഞിരുന്ന്‌ ആടുമ്പോള്‍ ഞാന്‍ കരുതി, സൂത്രധാരന്റെ കഥയിലെ ഒരു കഥാപാത്രമാണ്‌ ഞാന്‍. പറയാന്‍ കഴിയാത്ത ഒരു സന്തോഷമായിരുന്നു എന്റെയുള്ളില്‍. എല്ലാവരും പറയുന്നു നിഴലുകള്‍ക്ക്‌ ജീവനില്ല എന്നു. പക്ഷെ എത്രയെത്ര ജീവിതങ്ങള്‍ക്കാണ്‌ സൂത്രധാരന്റെ വിരലുകളിലാടി ഞാന്‍ ജീവന്‍ നല്‍കിയത്‌.എത്ര വര്‍ഷങ്ങള്‍, എത്ര അരങ്ങുകള്‍..സുഹൃത്തായി, കാമുകനായി, മകനായി, അച്‌ഛനായി അങ്ങിനെ എത്രയെത്ര കഥാപാത്രങ്ങള്‍..
വര്‍ഷങ്ങള്‍ പിന്നിടുമ്പോളിന്നു വേദനയോടെ ഞാനിന്നറിയുന്നു..സൂത്രധാരന്റെ കഥാപാത്രങ്ങള്‍ക്ക്‌ എന്റെ രൂപമല്ല, ഞാനൊരു കഥാപാത്രവുമല്ല.സൂത്രധാരന്റെ വിരലുകളിലാടുന്ന വെറുമൊരു നിഴല്‍ മാത്രമാണു ഞാന്‍..
ബന്ധിച്ചിട്ടിരിക്കുന്ന ചരടുകള്‍ പൊട്ടിച്ചെറിഞ്ഞു എങ്ങോടോ ഓടിപോകാന്‍ ആരോ പറയുന്നതു പോലെ തോന്നി.പക്ഷെ ആരോ എന്നെ പിന്നില്‍ നിന്നു വിളിക്കുന്നു.. എന്റെയുള്ളില്‍ നിന്നുയരുന്നൊരു തേങ്ങല്‍ ഞാനറിയുന്നു..എന്റെയുള്ളില്‍ ഞാന്‍ കാത്തുസൂക്ഷിക്കുന്ന സൂത്രധാരന്റെ തേങ്ങലാണോ ഞാന്‍ കേട്ടത്‌? അവന്റെ വിരലുകളിലാടി അവന്റെ ചിന്തകള്‍ക്കു ജീവനേകിയ ഞാന്‍ പോയാല്‍ പിന്നെ അവന്റെ ചിന്തകള്‍..
ശൂന്യമായൊരു തിരശ്ശീലയുടെ മറവിലവന്‍ നിന്നാല്‍ ആരുണ്ടവന്റെ കൂടെ..
ഇല്ല, പോകാനെനിക്കു കഴിയില്ല..അവന്റെ വിരലുകളിലാടി ജീവിക്കുമ്പോഴാണ്‌ ഞാനും ആരൊക്കെയോ ആണ്‌ എന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞതും, അറിയുന്നതും..കഥാപാത്രങ്ങളിലൂടെ അവന്‍ പറഞ്ഞറിയിക്കാന്‍ ശ്രമിക്കുന്ന ആത്മനൊമ്പരങ്ങള്‍.. എല്ലാമവന്റെ വിരലുകളില്‍ സുരക്ഷിതം..
ഇന്നീ പുതുവത്സരവേളയില്‍ കഴിഞ്ഞു പോയ ദിവസങ്ങളെ കുറിച്ചു എനിക്കു നൊമ്പരമില്ല, കുറ്റബോധവുമില്ല..
കാരണം, ഇന്നെന്റെ ആട്ടം കാണാന്‍ ഞാനും എന്റെ മനസ്സാക്ഷിയും മാത്രമേയുള്ളൂ...