ചൊവ്വാഴ്ച, സെപ്റ്റംബർ 22, 2015

ഏകാന്തത...

ആത്മനൊമ്പരങ്ങളുടെ ഓളങ്ങളിലാടിയുലഞ്ഞ് തീരമണഞപ്പോള്‍ എന്നെ കാത്തിരുന്നത് സൌഹൃദത്തിന്റെ നടവഴികളായിരുന്നു. നടവഴികള്‍ താണ്ടി പിന്നെയുമലഞ്ഞപ്പോള്‍ കണ്ട കാഴ്ച്ചകളില്‍ ഞാന്‍ എന്നെ തിരിച്ചറിയുകയായിരുന്നു. ആത്മബന്ധങ്ങളുടെ ഊഷ്മളതയില്‍ ഞാനറിയാതെയേറിയത് വാചാലതയുടെ കൊടുമുടികള്‍ ആയിരുന്നു.

വികാരങ്ങളുടെ നേര്‍ത്ത കാണാച്ചരടുകള്‍ ആത്മാവിനെ വരിഞ്ഞു മുറുക്കിയപ്പോള്‍ ഉള്ളിലെ വേദനകളില്‍ ആ കൊടുമുടിയില്‍ നിന്നു ഞാനൂര്‍ന്നിറങ്ങി. താഴ്വരയുടെ നനവാര്‍ന്ന കാറ്റിലലിയാന്‍ കൊതിച്ച ഞാന്‍ കണ്ടതനന്തമായ സാഗരനീലിമയായിരുന്നു. തിരകളിലാഴ്ന്ന്‍
കാല്‍ച്ചുവട്ടിലെ മണ്ണ്‍ ലിച്ചു പോകുമ്പോഴും ആ കാണാച്ചരടുകള്‍ മുറുക്കി പിടിച്ചിരുന്നു ഞാന്‍. ഒടുവില്‍ കാലുതെറ്റി വീണപ്പോള്‍ ഞാനറിഞ്ഞു, ഓളങ്ങളുടെ ശാന്തതയേക്കാള്‍ തിരമാലകളുടെ രൌദ്രതയോടായിരുന്നു കടലിനെന്നും പ്രിയം. 

നാവിലിറ്റിയ വെള്ളത്തിന്‌ കണ്ണുനീരിന്റെ ഉപ്പുരസമായിരുന്നു. ഇന്നെന്റെ ഏകാന്തതയില്‍ അസ്തമയ സൂര്യനെയും നോക്കി കിടക്കുമ്പോള്‍ എനിക്കറിയില്ല,

രൌദ്രതയുടെ ആഴങ്ങളിലാണ്ട് വിക്റ്തി കൊഞലുകളുടെ നിശബ്ദതയെ പുല്‍കണമോ

വീണ്ടുമാ നടവഴികള്‍ തേടി തിരികെ നീന്തിയാ കൊടുമുടികള്‍ കയറണമോ....

വ്യാഴാഴ്‌ച, സെപ്റ്റംബർ 17, 2015

അമ്മിണി

കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിച്ചൊരെന്നമ്മിണി
കുഞ്ഞിളം കാലുകളാലാടിയോടി വന്നൊരെന്നമ്മിണി
കുഞ്ഞിളം കൈകളാലെന്നെ വാരിപ്പുണർന്നൊരെന്നമ്മിണി
ഓർമ്മകളെൻ കൈവിട്ടുണർന്നപ്പോൾ നഷ്ടമായതെനിക്കു നിന്നെയെന്നമ്മിണി

വാക്കുകൾ...

വാക്കുകളൊരു പരിധി വിട്ടാലതു വേദനകളാകും
വേദനകളതിരുവിടുമ്പോൾ മരവിക്കുന്നത് മനസ്സാണ്...
മരവിപ്പും സഹിക്കാതെയാകുമ്പോൾ നിർവ്വികാരമാകുന്നത് ഹൃദയമാണ്....
നിർവ്വികാരതക്കപ്പുറം വാക്കുകൾ വെറുമർത്ഥശൂന്യമായൊരക്ഷരങ്ങൾ മാത്റം...
അക്ഷരങ്ങൾ നിരത്തി വച്ചതിനാത്മാർത്ഥതയെന്നൊരു പേരുമിട്ടാൽ ബന്ധങ്ങളെയെന്ത് നിർവ്വചിക്കണം....????

ബുധനാഴ്‌ച, സെപ്റ്റംബർ 16, 2015

ജന്മം....

ഒറ്റപ്പെടലിന്‍റെ ഏകാന്തതയിലും സുഖം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍, ഓര്‍മകളെ എന്നില്‍ നിന്നും പറിച്ചെടുക്കാനാര്‍ക്കും കഴിയില്ലെന്ന തിരിച്ചറിവിലൂടെ..

കണ്ണുനീരിന്റെ ഉപ്പിലാര്‍ന്ന ഓര്‍മകള്‍ക്കും എന്‍റെതായൊരു നിറക്കൂട്ട് ചാര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍, മഴവില്ലിനേഴ് നിറമെന്ന തിരിച്ചറിവിലൂടെ...

എല്ലാം കണ്ടറിഞ്ഞ് നടന്നു വന്ന വഴിത്താരകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു, ഒരു പച്ചക്കുടത്തിലുമൊരുരുള ചോറിലും കഴിയുമെൻ ജന്മവും !!!!